ADVERTISEMENT

നെതർലൻഡ്സിലെ പ്രശ്സ്തമായ വാഹ്‌നിഗൺ സർവകലാശാലയിൽ‌നിന്നു പ്ലാന്റ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ മിടുക്കി, ഇറക്കുമതി ചെയ്ത നൂറോളം ഇനം ഫലനോപ്സിസ് ഓർക്കിഡുകളുടെയും ഒട്ടേറെ അകത്തളസസ്യങ്ങളുടെയും വമ്പൻ ശേഖരത്തിനുടമ, സർവോപരി ഇരുപത്തഞ്ചാം വയസ്സിൽ 9 പേർക്ക് തൊഴിൽ നൽകുന്ന സംരംഭക- ഇങ്ങനെ ശ്രദ്ധ പാട്ടീലിനെ ശ്രദ്ധാകേന്ദ്രമാക്കുന്ന കാര്യങ്ങൾ പലതുണ്ട്. സർക്കാർ ഉദ്യോഗത്തിനായി കൃഷി പഠിക്കുന്നവരുടെ നാട്ടിൽ അറിവിനെ സംരംഭമായും സമ്പത്തായും മാറ്റുന്നതെങ്ങനെയെന്ന് കാണിച്ചുതരുന്ന ഈ സംരംഭകയ്ക്കായിരുന്നു ഇത്തവണ മികച്ച ഹൈടെക് കൃഷിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം.

ശ്രദ്ധ പാട്ടീൽ ഹൈടെക് ഫാമിനുള്ളിൽ (ചിത്രങ്ങൾ∙ കർഷകശ്രീ)
ശ്രദ്ധ പാട്ടീൽ ഹൈടെക് ഫാമിനുള്ളിൽ (ചിത്രങ്ങൾ∙ കർഷകശ്രീ)

ഓർക്കിറോയ്ഡ്സ് എന്നാണ് തിരുവനന്തപുരം മേൽതോന്നയ്ക്കലിലുള്ള ഈ സംരംഭത്തിന്റെ പേര്. ഓർക്കിഡുകളും അരോയ്ഡ് വർഗത്തിൽപ്പെട്ട അലങ്കാരസസ്യങ്ങളും തിങ്ങിയ 5 പോളിഹൗസുകളാണ് ഇവിടെയുളളത്. 2500ലേറെ ചതുരശ്ര മീറ്റർ സ്ഥലത്ത് വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ആയിരക്കണക്കിന് അകത്തളച്ചെടികളും ഓർക്കിഡുകളും വളരുന്നു. ഉഷ്ണമേഖലയ്ക്കു യോജിച്ച അകത്തള ഇനങ്ങളുടെ പോട്ട് പ്ലാന്റ്സാണ് ഓർക്കിറോയ്ഡ്സിലെ പ്രധാന ഉൽപന്നം.

ഓർക്കറോയ്ഡിസിലെ പോളിഹൗസ് കൂടാരങ്ങളിലുണ്ട് ഫിലോഡൻഡ്രോൺ, സാൻസിവേരിയ, അഗ്ലോനിമ, ഇസഡ് പ്ലാന്റ് എന്നിങ്ങനെ നൂറുകണക്കിന് ഇൻഡോർ ഫോളിയേജ് പ്ലാന്റുകള്‍, ഇറക്കുമതി ചെയ്ത ഫലനോപ്സിസ് ഓർക്കിഡുകളുടെ 98 ഇനഭേദങ്ങൾ. ഒന്നരക്കോടിയോളം രൂപ മുതൽമുടക്കുള്ള ഈ ഫാമിൽ അകത്തള സസ്യപ്രേമികൾക്ക് വേണ്ടതിലേറെ ഇനവൈവിധ്യം കണ്ടെത്താനാകും. അതും ഉന്നത നിലവാരമുള്ള ചെടികള്‍. 

sradha-patil-7

കേരളത്തിലെ ഉദ്യാനപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട അകത്തളച്ചെടികൾ ഏറ്റവും മികച്ച നിലവാരത്തിൽ ലഭ്യമാക്കാനാണ് ഓർക്കിറോയ്ഡ്സ് ശ്രമിക്കുന്നതെന്ന് ശ്രദ്ധ പറയുന്നു. പോളിഹൗസിലെ നിയന്ത്രിത സാഹചര്യത്തിൽ ഏറ്റവും മികച്ച പരിചരണം നൽകിയാണ് ചെടികള്‍ വളര്‍ത്തുന്നത്. അവയിൽ മുറിവോ ചതവോ പാടുകളോ പൊടിയോ മണ്ണോ ഉണ്ടാവില്ല. ചെടി വാങ്ങുന്ന അന്നുതന്നെ ഉപഭോക്താക്കള്‍ക്കു വീടിന്റെ അകത്തളങ്ങള്‍ അഴകുറ്റതാക്കാൻ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് ഓരോ ചെടിയും പരിചരിക്കുന്നത്.  

അപൂർവ ഇനങ്ങൾ അവതരിപ്പിക്കുന്നതിനെക്കാൾ കൂടുതലാളുകൾ താൽപര്യപ്പെടുന്ന ഇനങ്ങൾ പരമാവധി ആരോഗ്യത്തോടെയും മികച്ച ഗുണനിലവാരത്തോടെയും ഉപഭോക്താവിനു നല്‍കുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നു ശ്രദ്ധ. സ്വന്തമായി ഉൽപാദിപ്പിക്കുന്നതും ടിഷ്യൂകൾചർ ലാബുകളിൽനിന്നു വാങ്ങുന്നതുമായ അരോയ്ഡ് തൈകളാണ് ഇവിടെ പ്രധാനമായുമുള്ളത്. കേരളത്തിൽ അധികമാരും കൈവയ്ക്കാത്ത ഫലനോപ്സിസ് ഓർക്കിഡ് തൈകളും ഓർക്കിറോയ്ഡ്സിന്റെ സവിശേഷതയാണ്. ഹോളണ്ടിൽനിന്നുള്ള നൂറോളം ഫലനോപ്സിസ് ഇനങ്ങൾ ഇവിടെയുണ്ട്. ടിഷ്യൂകൾചറിലൂടെ ഉൽപാദിപ്പിച്ച്, ഫ്ലാസ്കുകളിൽ വളരുന്ന ‘എക്സ് അഗർ’ തൈകൾ ഇറക്കുമതി ചെയ്തു വളർത്തുകയാണ്  ഇവർ ചെയ്യുന്നത്. വിമാനത്തിൽ പറന്നെത്തുന്ന തൈകൾ സംരക്ഷിത അന്തരീക്ഷത്തിൽ വളർത്തി, ബാലാരിഷ്ടതകളൊക്കെ മാറ്റി പൂവിടുന്നതിനു പാകമാക്കാന്‍ ഒന്നര വർഷത്തെ നിരന്തര പരിചരണം വേണം. 

sradha-patil-6
ഫലനോപ്സിസ് ഓർക്കിഡുകളുടെ ശേഖരം

ഫലനോപ്സിസ് പൂവിടുന്നതിനു താരതമ്യേന തണുപ്പുള്ള കാലാവസ്ഥ വേണമെന്നതിനാൽ അതിനായി അവ പുണെയിൽ അച്ഛൻ ശരത് പാട്ടീലിന്റെ നഴ്സറിയിലേക്കു കൊണ്ടുപോകും. സ്പൈക് ചെയ്ത(പൂങ്കുല പുറത്തു വന്ന) ഫലനോപ്സിസ് തൈകൾ പുണെയിൽതന്നെ വിറ്റു തീരുകയാണ് പതിവ്. മറ്റ് നഴ്സറികൾ പുണെയിൽനിന്നു ചെടികൾ കേരളത്തിലേക്കു കൊണ്ടു വരുമ്പോൾ ഇവിടെ ഉൽപാദിപ്പിക്കുന്ന തൈകൾ അവിടേക്കു കയറ്റിവിടുകയാണ് ശ്രദ്ധ. തിരുവനന്തപുരം ആര്യനാട് തയാറായി വരുന്ന പുതിയ ഫാമിൽ ഫലനോപ്സിസ് പൂവിടാനുള്ള സാഹചര്യമൊരുക്കുമെന്നും ശ്രദ്ധ കൂട്ടിച്ചേർത്തു. അതോടെ കേരളത്തിലെ ഫലനോപ്സിസ് പ്രേമികൾക്ക് പൂവിട്ട  ചെടികൾ തന്നെ വാങ്ങാനാവും. അകത്തളച്ചെടിയായി വളർത്താവുന്ന ഫലനോപ്സിസ് ഓർക്കിഡുകളെ വിശിഷ്ട ഇനമായാണ് ലോകമെങ്ങും പരിഗണിക്കപ്പെടുന്നതെന്ന് ശ്രദ്ധ പറയുന്നു. 

sradha-patil-5

ഗ്രീൻഹൗസ് കൃഷിയായിരുന്നു ബിരുദാനന്തരപഠനത്തിലെ സ്പെഷലൈസേഷൻ. അതുകൊണ്ടു തന്നെ സംരക്ഷിത സാഹചര്യത്തിൽ  അകത്തളച്ചെടികള്‍ എങ്ങനെ പരിപാലിക്കണമെന്നു ശ്രദ്ധയ്ക്കു നല്ല നിശ്ചയമുണ്ട്. പോളിഹൗസിലെ ചൂടും ഈർപ്പവും വെളിച്ചവും വായുസഞ്ചാരവുമൊക്കെ വിളകൾക്ക് ഏറെ പ്രധാനമാണ്. അതുകൊണ്ടുതന്നെ അവ നിയന്ത്രിക്കാനുള്ള സന്നാഹങ്ങളും തയാര്‍. ചൂടും ഈർപ്പവുമൊക്കെ കൃത്യമായി നിർണയിക്കാനും അവയിലെ മാറ്റങ്ങൾക്കനുസരിച്ച് മുന്നറിയിപ്പു നൽകാനുമായി സിഗ്രോ എന്ന ഉപകരണമുണ്ട്. പ്രകാശലഭ്യത, താപനില, ഈർപ്പം എന്നിവ രേഖപ്പെടുത്താൻ ഇതു മതി. സിഗ്രോയിൽനിന്നുള്ള അറിയിപ്പുകൾ യഥാസമയം ശ്രദ്ധയുടെ മൊബൈൽ ഫോണിലെ ആപ്പിലെത്തും. ഫലനോപ്സിസിനു യോജിച്ച അന്തരീക്ഷം സൃഷ്ടിക്കാൻ ഇതു പ്രയോജനപ്പെടുന്നു. താപനിലയും മറ്റും കൃത്യമാണെന്ന് ഉറപ്പാക്കാൻ തൽക്കാലം തെർമോമീറ്ററും ഉപയോഗിക്കുന്നുണ്ട്. സെൻസറുകളുടെ പ്രവർത്തനം കാലിബ്രേറ്റ് ചെയ്ത് കൃത്യമാക്കുന്നതോടെ  അവ വേണ്ടെന്നാകും.

ഫലനോപ്സിസ് ഓർക്കിഡിന്റെ ശരിയായ വളർച്ചയ്ക്ക് ഈർപ്പമുള്ള അന്തരീക്ഷം ആവശ്യമാണ്.  അതുകൊണ്ടുതന്നെ വേണ്ടത്ര ഈർപ്പം സദാ ഉറപ്പാക്കേണ്ടതുണ്ട്. അതിനായി പോളിഹൗസിലുടനീളം ഫോഗറുകൾ വച്ചിരിക്കുന്നു. ഈർപ്പം നിശ്ചിത പരിധിയിലും താഴുന്നതായി സെൻസറുകളിൽനിന്നു സന്ദേശം കിട്ടുമ്പോൾ ഫോഗറുകൾ  പ്രവർത്തിപ്പിക്കും. വേണ്ടത്ര ഈർപ്പമായാൽ അവ  താനേ ഓഫ് ആകും. മറ്റൊന്ന്, ചൂട് നിയന്ത്രിക്കാനുള്ള തിരശ്ചീന കർട്ടനുകളാണ്. താപനില നിശ്ചിത തോതിലും ഉയർന്നാൽ ചരടുവലിച്ച് കർട്ടൻ വിരിക്കും. വേനൽമാസങ്ങളിൽ ഉച്ചവെയിലിന്റെ കാഠിന്യമേറുമ്പോൾ കർട്ടനുകൾ ഏറെ പ്രയോജനപ്പെടാറുണ്ട്. ഗ്രീൻഹൗസിനുള്ളില്‍ വായു സഞ്ചാരം മെച്ചപ്പെടുത്താന്‍ സർക്കുലേറ്ററി ഫാനുകളും വച്ചിട്ടുണ്ട്. ഫലനോപ്സിസ് ചെടികൾ ശരിയായ ആകൃതിയിൽ ഒതുങ്ങി വളരാനായി പ്ലാസ്റ്റിക് പോട്ടുകളോടു ചേർത്ത് ഊരിയെടുക്കാവുന്ന സ്ലീവുകളും ഇവർ ഉപയോഗിക്കുന്നുണ്ട്. 

സവിശേഷമായ പോട്ടിങ് മിശ്രിതമാണ് ഓർക്കിറോയ്ഡ്സിൽ ഉപയോഗിക്കുന്നത്. മണ്ണ് തീരെ ഒഴിവാക്കി കൊക്കോ ചിപ്സും ഉമിയും  ജീവാണുക്കളും ചേർത്താണ് ഇതിന്റെ നിർമാണം. പരമാവധി പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായാണിത്. വേണ്ടത്ര ഈർപ്പം നിലനിർത്തുന്നതും പോഷകസമ്പന്നവുമായതിനാൽ ഇവിടെനിന്നു ചെടികൾ വാങ്ങുന്നവർ ഈ മിശ്രിതം മാറ്റേണ്ടതില്ലെന്ന മെച്ചമുണ്ട്.  കൊക്കോചിപ്സുപയോഗിക്കുന്നതിനാൽ  കാലാവസ്ഥയനുസരിച്ച് 7–10 ദിവസത്തിലൊരിക്കൽ നനച്ചാൽ മതി. ഭാരം കുറവായതിനാൽ അകത്തളങ്ങളിലെ മേശകളിലും മറ്റും സ്ഥാപിക്കാമെന്നതും ഈ നടീൽമിശ്രിതത്തിന്റെ ഗുണമാണ്.

sradha-patil-3

ഓർക്കിറോയ്ഡ്സിലെ ചെടികൾ നിരത്തിയിരിക്കുന്ന സ്ലൈഡിങ് ടേബിളുകളും ഏറെ ശ്രദ്ധേയം.  അഗ്രഭാഗത്തുള്ള വീൽ കറക്കി ഈ ടേബിളുകളെ ഇരുവശത്തേക്കും ചലിപ്പിക്കാനാകും. രണ്ടു ടേബിളുകൾക്കിയിലൂടെ നടക്കണമെന്നുണ്ടെങ്കിൽ ഇവയുടെ വീൽ കറക്കി  ഇരുവശത്തേക്കും നീക്കുകയേ വേണ്ടൂ. ഇതുമൂലം ഓരോ ടേബിളിന്റെയും ഇരുവശങ്ങളിലും നടപ്പാതയ്ക്കായി പ്രത്യേകം സ്ഥലം നീക്കിവയ്ക്കേണ്ടിവരുന്നില്ല. ഈ രീതിയിൽ പോളിഹൗസിനുള്ളിലെ പരമാവധി സ്ഥലം വിളകൾക്കായി നീക്കിവയ്ക്കാനാകുമെന്ന് ശ്രദ്ധ ചൂണ്ടിക്കാട്ടി.

പരമാവധി അലങ്കാരച്ചെടികൾ നന്നായി വളർത്തിയെടുക്കുന്നതിനു മാത്രമാണ് താൻ ഇതുവരെ പ്രാധാന്യം നൽകിയിരുന്നതെന്ന് ശ്രദ്ധ പറയുന്നു. ഇനി വിപണനത്തിനുകൂടി സമയം കണ്ടെത്തണമെന്നു കരുതുന്നു. തിരുവനന്തപുരം ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും നഴ്സറകളിലും പ്ലാന്റ് ഷോപ്പുകളിലും ഇപ്പോൾ ഓർക്കിറോയ്ഡ്സിന്റെ തൈകൾ ലഭ്യമാണ്. വൈകാതെ തന്നെ സം സ്ഥാനത്തെ മറ്റു ജില്ലകളിലും ഇവ ലഭ്യമാകും. നേരിട്ടുവരുന്നവർക്ക് ഫാമിൽനിന്നു തൈകൾ വാങ്ങാമെങ്കിലും ചില്ലറവിപണനം ഓർക്കിറോയ്ഡ്സ് ഇനിയും ആരംഭിച്ചിട്ടില്ലെന്നു ശ്രദ്ധ പറഞ്ഞു.

sradha-patil-8
ശ്രദ്ധയും കുടുംബവും

മണ്ണിനെ മറക്കാതെ, മികവിനെ വളർത്തി മാതാപിതാക്കൾ

അന്യനാടുകളിൽ പഠനം പൂർത്തിയാക്കിയെങ്കി‌ലും നാട്ടിൽ തന്നെ സംരംഭം നടത്തി തൊഴിൽ ദാതാവാകാനുള്ള താൽപര്യമാണ് ശ്രദ്ധയെ മുന്നോട്ടു നയിക്കുന്നത്. അച്ഛൻ ശരത് പാട്ടീലും അമ്മ പ്രീതിയുമാണ്  ഇക്കാര്യത്തിൽ ശ്രദ്ധയുടെ ശക്തികേന്ദ്രവും വഴികാട്ടിയും. ഇരുവരും കാർഷിക ബിരുദധാരികൾ. മലയാളിയായ പ്രീതി പുണെയിലെ പഠനകാലത്താണ് മഹാരാഷ്ട്ര സ്വദേശി ശരത് പാട്ടീലിനെ കണ്ടുമുട്ടിയതും വിവാഹം കഴിച്ചതും.

പലരും മക്കളുടെ വിവാഹച്ചടങ്ങ് മോടിയാക്കാൻ കോടികൾ മുടക്കുന്നു. അതിലും ഭേദമല്ലേ അവർക്ക് മികച്ചൊരു സംരംഭം ഒരുക്കിക്കൊടുക്കുന്നത്. വിവാഹം പോലുള്ള ആഘോഷങ്ങൾക്കായി ആയുഷ്കാല സമ്പാദ്യം പാഴാക്കുന്നതിനു പകരം  മക്കളുടെ ആശയങ്ങൾ യാഥാർഥ്യമാക്കാൻ മുതൽമുടക്കുകയാണ് വേണ്ടത്

മക്കളുടെ കരിയർ സംബന്ധിച്ച് പൊതുവില്‍നിന്നു വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഈ ദമ്പതികള്‍ക്ക്.  അനുഗൃഹീതമായ മണ്ണും കാലാവസ്ഥയും  പ്രയോജനപ്പെടുത്തി ഇവിടെത്തന്നെ വളരാൻ അവർക്ക് അവസരം സൃഷ്ടിക്കുകയാണ് മുതിർന്ന തലമുറ ചെയ്യേണ്ടതെന്ന് ഇവര്‍  കരുതുന്നു.  പണം സമ്പാദിക്കാനായി നാം മരുഭൂമികളിലേക്കു പറക്കുമ്പോൾ അവിടെയുള്ളവർ അവിടെ നമ്മുടെ കാലാവസ്ഥ കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്– ശരത് പാട്ടില്‍ ചൂണ്ടിക്കാട്ടി. ചില്ലറക്കാരനല്ല ശരത് പാട്ടീൽ. കെനിയയിൽ റോസാപ്പൂത്തോട്ടം ഉൾപ്പെടെ ഒട്ടേറെ അഗ്രിബിസിന സ് സംരംഭങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. വർഷങ്ങളായി ശരത്തും പ്രീതിയും മക്കളോടൊപ്പം കേരളത്തിലാണ് സ്ഥിരതാമസം.

മെഡ‍ിസിൻ, എൻജിനീയറിങ് കോഴ്സുകളിലെന്നപോലെ  കാർഷികമേഖലയിലും ലോകനിലവാരമുളള പരിശീലനം നൽകാൻ കഴിയണമെന്നു പാട്ടീല്‍. അതുകൊണ്ടാണ് കാർഷിക സാങ്കേതിക വിദ്യകളിൽ ഒന്നാം സ്ഥാനമുള്ള ഹോളണ്ടിൽത്തന്നെ ശ്രദ്ധയ്ക്ക് പഠനസൗകര്യമൊരുക്കിയത്. സർക്കാർ ഉദ്യോഗസ്ഥരാകാൻ വേണ്ടിയല്ല, മികച്ച കാർഷിക സംരഭകരാകാൻ വേണ്ടിയാവണം കൃഷി പഠിക്കേണ്ടത്. സ്വന്തം സംരംഭത്തിലൂടെ വളർന്നു വികസിക്കാൻ സാഹചര്യമുണ്ടായാൽ വിദേശത്തേക്കു കടക്കാനുളള പുതുതലമുറയുടെ പ്രവണത കുറയും– അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം അറിവിനെ ആശയങ്ങളായി അവതരിപ്പിക്കാനും അതുവഴി വലിയ നേട്ടങ്ങളിലേക്കു  വളരാനും സംരംഭത്തിലൂടെയേ സാധിക്കൂ. സർക്കാർജോലിയുടെ സുരക്ഷയിൽ ഇത്തരം വളർച്ചയ്ക്ക് അവസരം കുറവാണ്– അദ്ദേഹം അഭിപ്രായപ്പെട്ടു

sradha-patil-4

പഠനം പൂർത്തിയാക്കിയ ശ്രദ്ധയുടെ സംരംഭത്തിനു വലിയ തുകയാണ് മുതൽമുടക്കിയത്. ഇക്കര്യത്തിലും പാട്ടീലിന്റെ കാഴ്ചപ്പാട് ശ്രദ്ധേയം. പലരും മക്കളുടെ വിവാഹച്ചടങ്ങ് മോടിയാക്കാൻ കോടികൾ മുടക്കുന്നു. അതിലും ഭേദമല്ലേ അവർക്ക് മികച്ചൊരു സംരംഭം ഒരുക്കിക്കൊടുക്കുന്നത്. വിവാഹം പോലുള്ള ആഘോഷങ്ങൾക്കായി ആയുഷ്കാല സമ്പാദ്യം പാഴാക്കുന്നതിനു പകരം  മക്കളുടെ ആശയങ്ങൾ യാഥാർഥ്യമാക്കാൻ മുതൽമുടക്കുകയാണ് വേണ്ടത്– ശരത് പാട്ടീൽ നിർദേശിക്കുന്നു. 

ഫോൺ: 6238275109

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com