ADVERTISEMENT

തൃശൂർ∙പത്മജ വേണുഗോപാൽ കോൺഗ്രസ് നേതൃത്വവുമായി അകന്നതു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തെ ഇറക്കിവിടലിനുശേഷം. തിരഞ്ഞെടുപ്പിൽ തോൽക്കുകകൂടി ചെയ്തതോടെ അകൽച്ച കൂടുകയും ചെയ്തു. പ്രിയങ്ക ഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ പ്രിയങ്കയുടെ വാഹനത്തിൽ കയറാൻ പത്മജയെ അനുവദിച്ചില്ല. തനിക്ക് ആഗ്രഹമുണ്ടെന്ന് അവർ പറ‍ഞ്ഞിരുന്നെങ്കിലും അവസാന നിമിഷമാണു പുറത്തായത്. തുടർന്നു വേദിയിൽവച്ചു അക്കാര്യം അവർ പ്രിയങ്കയെ അറിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി തോറ്റതോടെ പ്രശ്നം രൂക്ഷമായി. തന്നെ തോൽപിക്കാൻ ശ്രമിച്ചവരുടെ പട്ടിക പത്മജ പരാതിക്കു നൽകിയിരുന്നു. 

ഡിസിസി പ്രസിഡന്റായിരുന്ന എം.പി.വിൻസന്റും ടി.എൻ.പ്രതാപനുമാണ് പ്രിയങ്കയുടെ വാഹനത്തിൽ കയറാതെ തടഞ്ഞതെന്നും ഇരുവരോടും വിശദീകരണം ചോദിക്കണമെന്നും അവർ കെപിസിസിക്കു കത്തു നൽകി. എന്നാൽ പരാജയം മൊത്തത്തിൽ വിലയിരുത്തുക മാത്രമാണു കെപിസിസി ചെയ്തത്. ഇതോടെ പത്മജ സജീവമല്ലാതായി. ഇടക്കാലത്ത് ആരോഗ്യപ്രശ്നങ്ങൾ കാരണം കുറച്ചുകാലം വീട്ടിലിരിക്കാനും നിർബന്ധിതയായി. തുടർന്നു തിരിച്ചെത്തി. ടി.എൻ.പ്രതാപൻ നയിക്കുന്ന പദയാത്രയിലും പത്മജ ഉണ്ടായിരുന്നു. എന്നാലും രണ്ടു കാര്യങ്ങൾ അവർ വ്യക്തമായി കെപിസിസിയെ അറിയിച്ചിരുന്നു. ഒന്ന്, കോൺഗ്രസ് എപ്പോഴും ലീഡു ചെയ്യുന്ന സ്ഥലത്തുപോലും പാർട്ടി പുറകിൽ പോകാൻ ഇടയാക്കിയതു മനഃപൂർവം ചിലർ നടത്തിയ പ്രവർത്തനമാണ്. രണ്ട്, ഇവരെ സംരക്ഷിക്കുന്നതു ഡിസിസി നേതൃത്വത്തിലെ ചിലരാണ്. ഇതിലൊരാൾക്കു പത്മജയുടെ വീടു നിൽക്കുന്ന പ്രദേശത്തെ മണ്ഡലം ചുമതല കൊടുത്തതോടെ പത്മജ രൂക്ഷമായി പ്രതികരിച്ചു. 

കെ.സുധാകരൻ ഇക്കാര്യം ഗൗരവത്തോടെ കാണുമെന്നുറപ്പു പറയുകയും ചെയ്തു. പക്ഷേ, വീണ്ടും പത്മജയുടെ പ്രദേശത്തുള്ള പാർട്ടി ഭാരവാഹിത്വ നിയമനങ്ങളിൽ അവരുടെ അഭിപ്രായത്തിന് വിലകൽപിക്കാതായതോടെ  പാർട്ടി വിടാൻ തീരുമാനിച്ചു. 4 മാസം മുൻപാണ് ഇക്കാര്യം പത്മജ ആദ്യമായി ചർച്ച ചെയ്യുന്നത്. തുടർന്നു നേരിട്ടു ഡൽഹിയുമായി ബന്ധപ്പെട്ടാണു ബിജെപി പ്രവേശനം തീരുമാനിച്ചത്.

അർധരാത്രിതന്നെ പ്രതിരോധമൊരുക്കി ഡിസിസി
തൃശൂർ∙പത്മജയുടെ പാർട്ടിവിടൽ നേരിടാൻ ഡിസിസി അർധരാത്രിതന്നെ സംവിധാനമൊരുക്കി. ആരും പത്മജയുടെ കൂടെ പോകുന്നില്ലെന്നുറപ്പാക്കാനായി നേതാക്കളുടെ നിരതന്നെ രാത്രി രംഗത്തിറങ്ങി. ബുധൻ രാത്രി 9 മണിയോടെയാണു പത്മജ ബിജെപിയിലേക്കെന്ന് ഉറപ്പിച്ചത്. ഉടൻ പ്രതിരോധ ശ്രമം തുടങ്ങി. പത്മജയുടെ ആവശ്യപ്രകാരം നിയമിച്ച 5 മണ്ഡലം പ്രസിഡന്റുമാരേയും 2 ബ്ലോക്ക് പ്രസിഡന്റുമാരേയും ബന്ധപ്പെടുകയാണ് ആദ്യം ചെയ്തത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും ടി.എൻ.പ്രതാപനും ഇവരുമായി പലതവണ ആശയവിനിമയം നടത്തുകയും പത്മജയ്ക്കൊപ്പം പോകില്ലെന്നുറപ്പാക്കുകയും ചെയ്തു. അതിനു ശേഷം രാവിലെത്തന്നെ മുതിർന്ന നേതാക്കളുടേയും മണ്ഡലം,ബ്ലോക്ക് പ്രസിഡന്റുമാരുടേയും യോഗം വിളിച്ചു. 

പത്മജ പോയത് വെല്ലുവിളിയായി ഏറ്റെടുക്കുകയും ഒരു കോട്ടവുമുണ്ടായിട്ടില്ലെന്നു തെളിയിക്കുകയുമാണു വേണ്ടതെന്നായിരുന്നു യോഗതീരുമാനം. ആരും മാധ്യമങ്ങളിലോ പൊതുയോഗങ്ങളിലോ ഇക്കാര്യം ചർച്ച ചെയ്യില്ലെന്നും കടുത്ത വാക്കുകൾ ഉപയോഗിക്കില്ലെന്നും തീരുമാനിച്ചു. ചെറുകിട നേതാക്കൾപോലും പത്മജയ്ക്ക് ഒപ്പം പോയില്ലെന്നു രാവിലെ 10 മണിയോടെയാണ് ഉറപ്പാക്കിയത്. കരുണാകരന്റെ വീടു നിൽക്കുന്ന പൂങ്കുന്നം പ്രദേശത്തെ പ്രാദേശിക നേതാക്കൾ ഒരുമിച്ചു പാർട്ടിക്കൊപ്പം നിൽക്കുമെന്നുറപ്പു വരുത്തിയതും ഡിസിസി നേതൃത്വമാണ്. പത്മജയുടെ കൂടെനിന്നു ഗ്രൂപ്പുകളിച്ചവരെ പരമാവധി കൂടെ നിർത്താനും അവർക്കു തിരഞ്ഞെടുപ്പു ചുമതലകൾ പതിവുപോലെ നൽകാനും തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com