മക്കൾ പോകുന്നതിൽ വലിയ കാര്യമില്ല, വാപ്പമാര് പോകുമ്പോൾ നോക്കിയാൽ മതി: കുഞ്ഞാലിക്കുട്ടി
Mail This Article
മലപ്പുറം∙ ബിജെപിയിലേക്കു പോകാനുള്ള കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ തീരുമാനം അപമാനകരമാണെന്നും അതിനെ നേരിടാനുള്ള കോൺഗ്രസിന്റെ തീരുമാനം ധീരമെന്നും മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. മക്കൾ പോകുന്നതിൽ വലിയ കാര്യമില്ലെന്നും വാപ്പമാര് പോകുമ്പോൾ നോക്കിയാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘‘പത്മജ ബിജെപിയിലേക്കു പോയ അവസ്ഥയെ കോൺഗ്രസ് ധൈര്യപൂർവം നേരിടുകയാണ്. ആ ഉശിര് ജനങ്ങൾ കാണുന്നുണ്ട്. അപ്പോൾ കോട്ടമല്ല, നേട്ടമാണ് ഉണ്ടാകാൻ പോകുന്നത്’’– കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also: ‘ഔദ്യോഗിക പ്രഖ്യാപനം വരട്ടെ’; പ്രതികരിക്കാതെ മുരളീധരനും ഷാഫിയും
‘‘മക്കൾ സ്വയം എസ്റ്റാബ്ലിഷ് ചെയ്യണം. അച്ഛന്മാർ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന തീരുമാനം മക്കൾ എടുത്താൽ അതിനെ ജനങ്ങൾ ഉൾക്കൊള്ളില്ല. അവരുടെ മണ്ടത്തരം എന്നേ കേരളത്തിലെ ആളുകൾ കാണൂ. ഇവിടെ അത്തരം ആളുകളെ പുച്ഛത്തോടെയേ കാണൂ. കൊണ്ടുപോയിട്ട് കാര്യവും ഉണ്ടാകില്ല’’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഡി അന്വേഷണത്തെ ഭയന്നാണോ പത്മജയുടെ ബിജെപി പ്രവേശനം എന്ന ചോദ്യത്തിനോട് ‘‘പേടിച്ചോടുന്നവനെ പേടിത്തൊണ്ടൻ എന്നല്ലേ ജനം പറയൂ’’ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കേരളത്തിൽ ബിജെപിക്ക് എളുപ്പത്തിൽ വേരുണ്ടാക്കാൻ കഴിയില്ലെന്നും അതു പരമാർഥമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനു മേൽക്കൈ ഉണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.