ADVERTISEMENT

മാള ∙ പഴയകാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സ്മരണകൾ പേറി വടമയിലെ ചുവരെഴുത്ത്. ജംക്‌ഷനിലെ  പഴയ കെട്ടിടത്തിന്റെ ചുവരിലാണ്  ഈ എഴുത്തുകൾ ഇപ്പോൾ ഒളിമങ്ങാതെ നിലനിൽക്കുന്നത്. ''കമ്യൂണിസ്റ്റിനെ പരാജയപ്പെടുത്തുക, ചൈനയുടെ ആക്രമണത്തെ തടയാൻ നെഹ്‌റു ഗവൺമെന്റ് വേണം'' എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. ഐഎൻടിയുസിയാണ് എഴുത്തിനു പുറകിൽ.

1961-66 കാലഘട്ടത്തിലെ മൂന്നാം പഞ്ചവത്സര പദ്ധതി കാലത്തെ തിരഞ്ഞെടുപ്പിനാകാം ഇതെഴുതിയതെന്നാണ് പറയപ്പെടുന്നത്. അന്നത്തെ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു മാള. അങ്ങിനെയാണെങ്കിൽ പനമ്പിള്ളി ഗോവിന്ദമേനോന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകാം ഈ ചുവരെഴുത്തെന്നാണ് നാട്ടുകാരുടെ നിഗമനം.

സിപിഐയുടെ നാരായണൻകുട്ടി മേനോൻ തെക്കേചാലിൽ ആയിരുന്നു അന്നത്തെ സിപിഐ സ്ഥാനാർഥി.  38,451 വോട്ടുകൾക്കാണ് പനമ്പിള്ളി ഗോവിന്ദമേനോൻ അന്നു ജയിച്ചത്. ചാന്ത് എന്ന പേരിലറിയപ്പെടുന്ന റെഡ് ഓക്സൈഡ് ഉപയോഗിച്ചാകാം ഇതെഴുതിയതെന്നും കരുതുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം  കോട്ടം തട്ടാതെ നിലനിൽക്കുകയാണ്.

രണ്ട് പത്രിക കൂടി; തൃശൂരിൽ  ആകെ എണ്ണം മൂന്നായി
തൃശൂർ ∙ ഇന്നലെ 2 നാമനിർദേശപത്രിക കൂടി സമർപ്പിച്ചതോടെ ലോക്സഭാ മണ്ഡലത്തിലെ ആകെ പത്രികകളുടെ എണ്ണം 3 ആയി. ബിഎസ്പി സ്ഥാനാർഥി നാരായണൻ നേരിട്ടും എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കു വേണ്ടി വിജയൻ, വി.ആതിര എന്നിവരുമാണ് ഇന്നലെ പത്രിക സമർപ്പിച്ചത്. സ്വതന്ത്ര സ്ഥാനാർഥി പത്മരാജൻ  ആദ്യദിവസം തന്നെ പത്രിക സമർപ്പിച്ചിരുന്നു. സുരേഷ് ഗോപി നാളെ ഉച്ചയ്ക്ക് നേരിട്ട് പത്രിക സമർപ്പിക്കും. എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ ഇന്ന് രാവിലെ 11നും യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ നാളെ രാവിലെ 11നും പത്രിക സമർപ്പിക്കും.

ഇ.ഡിയുടെ നീക്കങ്ങൾ നിയമപരമായി നേരിടും: എം.കെ.കണ്ണൻ
തൃശൂർ ∙ ഇ.ഡിയുടെ നോട്ടിസ് കിട്ടിയാൽ ഒളിച്ചോടില്ലെന്നും നിയമപരമായി നേരിടുമെന്നും കേരള ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ.കണ്ണൻ പറഞ്ഞു. ഇതു രാജ്യവ്യാപകമായി നടക്കുന്ന വേട്ടയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ  രാഷ്ട്രീയ നടപടിയുമാണ്. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സിപിഎമ്മിന് ഒരിടത്തും രഹസ്യ അക്കൗണ്ടില്ല. കെവൈസിപോലും കാണിക്കാതെ അക്കൗണ്ടു തുറന്നതായി ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ല. പാർട്ടി ഇക്കാര്യത്തെക്കുറിച്ചു ചർച്ച ചെയ്തിട്ടില്ലെന്നും കണ്ണൻ വ്യക്തമാക്കി.

ഏഴു പതിറ്റാണ്ട്: ‘ലക്ഷാധിപതികൾ’നാലു മാത്രം 
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലക്ഷങ്ങളിലേക്ക് എത്തുന്നത് ഇക്കാലത്തു പുതുമയല്ല. മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം പത്തും ഇരുപതും ലക്ഷം പിന്നിട്ടതോടെ ഭൂരിപക്ഷവും ഏറുകയാണ്. എന്നാൽ, 17 പൊതു തിരഞ്ഞെടുപ്പുകൾക്കിടയിൽ തൃശൂർ ജില്ലയിൽ ‘ലക്ഷാധിപതി’കളായത് വെറും നാലു പേർ മാത്രം. ഏഴു പതിറ്റാണ്ടിനിടെ തൃശൂർ മണ്ഡലത്തിൽ നിന്ന് ഒരാൾക്കു പോലും ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടാനായിട്ടില്ല.

2019 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉൾപ്പെട്ട ആലത്തൂരും ചാലക്കുടിയിലും ലക്ഷം പിന്നിട്ടപ്പോൾ തൃശൂരിൽ ലക്ഷത്തിനരികിൽ എത്തിയതാണ് ഏറ്റവും വലിയ ഭൂരിപക്ഷം. 2004 ൽ മുകുന്ദപുരത്ത് ലോനപ്പൻ നമ്പാടനും 1993 ൽ ഒറ്റപ്പാലത്ത് ഉപതിരഞ്ഞെടുപ്പിൽ എസ്.ശിവരാമനുമാണ് ലക്ഷത്തിലധികം ഭൂരിപക്ഷം നേടിയ മറ്റു രണ്ടുപേർ. ഇരുവരും സിപിഎം പ്രതിനിധികൾ ആയിരുന്നു. 

ഒറ്റപ്പാലം ആലത്തൂരായി മാറിയ ശേഷം കഴിഞ്ഞ തവണത്തെ വിജയി രമ്യ ഹരിദാസിനാണ് (കോൺഗ്രസ്) ജില്ലയിൽ റെക്കോർഡ് ഭൂരിപക്ഷം.158,968 വോട്ട്.  രേഖപ്പെടുത്തിയതിന്റെ  53.37% വോട്ടു നേടിയാണ്  സിറ്റിങ് എംപി പി.കെ.ബിജുവിനെ രമ്യ തോൽപിച്ചത്. ചാലക്കുടിയിൽ കോൺഗ്രസിലെ ബെന്നി ബഹനാനാണ്  വിജയത്തിളക്കത്തിലെ രണ്ടാമൻ. 

സിറ്റിങ് എംപിയായിരുന്ന സിനിമാതാരം ഇന്നസന്റിനെ 132,244 വോട്ടിന്റെ വ്യത്യാസത്തിലാണ് ബെന്നി വീഴ്ത്തിയത്. അതേസമയം, തൃശൂരിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ്. ടി.എൻ പ്രതാപൻ (കോൺഗ്രസ്) നേടിയത് 93633 വോട്ടിന്റെ മുൻതൂക്കം. ചാലക്കുടിയുടെ ഭാഗങ്ങളേറെയും മുകുന്ദപുരം ആയിരുന്നപ്പോൾ 2004 ൽ ലോനപ്പൻ നമ്പാടൻ ജയിച്ചത് 117,097 വോട്ടിനാണ്. പത്മജയായിരുന്നു എതിരാളി. അതിനു മുൻപ് അത്ര തിളങ്ങുന്ന വിജയം ഇവിടെ ആർക്കും കിട്ടിയിട്ടില്ല. 1993 ൽ ശിവരാമൻ ഒറ്റപ്പാലത്തു ജയിച്ചത് 132,652 വോട്ടിനാണ്.

2019 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവുമുയർന്ന ഭൂരിപക്ഷം വയനാട്ടിൽ രാഹുൽ ഗാന്ധിയാണ് നേടിയത്. രേഖപ്പെടുത്തിയതിന്റെ 64.64 % നേടി.  രാഹുൽ 706,367 വോട്ട് നേടിയപ്പോൾ പ്രധാന എതിരാളിക്ക് 274,597 (25.13% ) മാത്രം. ഭൂരിപക്ഷം 431,770 വോട്ട്.  രാജ്യത്തു തന്നെ വൻ ഭൂരിപക്ഷക്കാരുടെ ആദ്യ നിരയിൽ അങ്ങനെ കേരളവും ഇടം പിടിച്ചു. 2014 ൽ കേരളത്തിലെ ഉയർന്ന ഭൂരിപക്ഷം മലപ്പുറത്ത് മുസ്‌ലിം ലീഗിലെ ഇ.അഹമ്മദിനായിരുന്നു. സിപിഎമ്മിലെ പി.കെ. സൈനബയെ 194,745 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com