ഫിറ്റ്നസ് ലഭിക്കാതെ കെഎസ്ആർടിസി ബസുകൾ; ജിപിഎസിന് ഫണ്ടില്ല; ബസുകളുടെ ഓട്ടം നിലച്ചു
Mail This Article
ബത്തേരി∙ അറ്റകുറ്റപ്പണികളെല്ലാം നടത്തി പെയിന്റുമടിച്ച് ആർടിഒ യുടെ മുൻപിൽ ഹാജരാക്കിയ കെഎസ്ആർടിസി ബസുകൾക്ക് ജിപിഎസ് പുതുക്കുകയും ഇല്ലാത്തവയിൽ പുതിയതു സ്ഥാപിക്കുകയും ചെയ്യാത്തതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. അതോടെ കേടുപാടുകൾ തീർത്ത വണ്ടികൾക്കും ഓടാൻ കഴിയാതായി. ബത്തേരി ഡിപ്പോയിൽ മാത്രം 10 ബസുകളുടെ ഓട്ടമാണ് ഇത്തരത്തിൽ നിലച്ചത്. ഒരു ഫാസ്റ്റ് പാസഞ്ചർ അടക്കം 5 ബസുകളുടെ പെയിന്റിങ്ങും മറ്റു പ്രവൃത്തികളും പൂർത്തിയാകുകയും ഫിറ്റ്നസിന് ഹാജരാക്കുകയും ചെയ്തതാണ്.
എന്നാൽ പണമടച്ച് ജിപിഎസ് പുതുക്കാത്തതിനാൽ മോട്ടർവാഹന വകുപ്പിന്റെ സൈറ്റിലേക്ക് ഫിറ്റ്നസിനായി അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല. 25 ദിവസത്തോളമായി ഈ ബസുകൾ നിരത്തിലിറക്കാൻ കഴിയാതായിട്ട്. 3 ബസുകൾ പണികൾ പൂർത്തിയാക്കി പെയിന്റുമടിച്ച് ഡിപ്പോയിൽ കിടക്കുന്നുണ്ടെങ്കിലും അവയിൽ ജിപിഎസ് പുതുതായി ഘടിപ്പിക്കേണ്ടതുണ്ട്.
എന്നാൽ മുൻപ് ഘടിപ്പിച്ച ജിപിഎസുകളുടെ പണം അടക്കാത്തതിനാൽ കരാറെടുത്ത കമ്പനികൾ പുതിയവ നൽകുന്നില്ല. അതോടെ ഈ 3 ബസുകളും ഫിറ്റ്നസ് ടെസ്റ്റിന് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയായി. പണമടച്ച് പുതുക്കാത്തതിനാൽ ഇന്നലെ അർധരാത്രി ജിപിഎസ് പ്രവർത്തനം നിലച്ച 2 ബസുകൾ കൂടി ബത്തേരി ഡിപ്പോയിലുണ്ട്.
പ്രാദേശിക സർവീസുകൾക്കു പുറമേ സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസുകളും തൃശൂരിലേക്കും പാലക്കാട്ടേക്കുമടക്കമുള്ള ദീർഘദൂര ബസുകളും ഓട്ടം നിലച്ചവയിൽ പെടുന്നു. ഇങ്ങനെ പോയാൽ വരും ദിവസങ്ങളിൽ കട്ടപ്പുറത്തു കയറുന്ന ബസുകളുടെ എണ്ണം കൂടും. ഇവയെല്ലാം നിരത്തിലിറക്കാൻ കഴിയുന്നവയും അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചവയുമാണെന്നതാണ് ഏറെ സങ്കടകരം.