കണ്ണിമാങ്ങയും ചക്കയും പൊഴിയുന്നു; ഒപ്പം വെണ്ണപ്പഴം അടക്കമുളള പഴവർഗങ്ങളും കരിക്കും
Mail This Article
പനമരം∙ കനത്ത ചൂടിൽ മാങ്ങയും ചക്കയും കൊഴിഞ്ഞു നശിക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം വേനൽമഴ ലഭിച്ച പ്രദേശങ്ങളിലാണ് കണ്ണിമാങ്ങ അടക്കമുള്ള വിളകൾ വ്യാപകമായി പൊഴിഞ്ഞു വീഴുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം ജില്ലയിൽ പലയിടത്തും ഇക്കുറി മാവുകൾ പൂക്കാൻ കാലതാമസം വന്നതിന് പുറമേയാണിത്. വേണ്ടത്ര പൂക്കൾ വിരിയാതിരുന്നതിനൊപ്പം ഉണ്ടായ പൂക്കൾ പൊഴിയുകയും ചെയ്തു. ഇതെല്ലാം അതിജീവിച്ച കണ്ണിമാങ്ങകളാണ് കനത്ത ചൂടിനിടെ ലഭിച്ച മഴയ്ക്കു ശേഷം പൊഴിഞ്ഞു നശിക്കുന്നത്. പുലർച്ചെയുള്ള മഞ്ഞിനും പിന്നാലെയുളള കാറ്റിലും കനത്ത ചൂടിലും കണ്ണിമാങ്ങ തണ്ട് അടക്കമാണ് പൊഴിയുന്നത്.
ഈർപ്പമുള്ള സ്ഥലങ്ങളിലെ മാവുകളിൽ നിറയെ കായ്കൾ ഉണ്ടായെങ്കിലും ചൂടു കൂടിയതോടെ പാതിയിലേറെ കൊഴിഞ്ഞു. അന്തരീക്ഷ താപനിലയിലുണ്ടായ ഉയർച്ചയാകാം കണ്ണിമാങ്ങ അടക്കമുള്ളവ കൂടുതലായി പൊഴിയാൻ കാരണമെന്ന് പറയുന്നു. വെണ്ണപ്പഴം അടക്കമുളള പഴവർഗങ്ങളും തെങ്ങിൽ നിന്നു കരിക്കും പൊഴിയുന്നുണ്ട്.