ADVERTISEMENT

ഒരാൾ ഭക്ഷണം കഴിക്കുന്നതും നോക്കി എത്രനേരം ഇരിക്കാൻ കഴിയും? ഏറിവന്നാൽ ഒരു മിനിറ്റ്. കൊതി കീഴടക്കുന്ന ഞൊടിയിൽ നമ്മൾ മുഖം തിരിക്കും. എന്നാൽ മൃണാൾ ദാസ് വെങ്ങലാട്ടെന്ന ഫുഡ് വ്ലോഗർ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന വിഡിയോയ്ക്കായി ആയിരങ്ങളാണ് കാത്തിരിക്കുന്നത്. യൂട്യൂബിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വൈറലായ മൃണാൾസ് വ്ലോഗ് (വിഡിയോ ബ്ലോഗ്) ഇന്ന് രുചിയളവിന്റെ മറുപേരാണ്. കേരളത്തിലെ അറിയപ്പെടുന്ന ഫുഡ് വ്ലോഗർ എന്നതിന് അപ്പുറത്തേക്കു ലോകം ശ്രദ്ധിക്കുന്ന റസ്റ്ററന്റ് കൺസൽറ്റന്റായി മൃണാൾ വളർന്നതിനു പിന്നിൽ കണ്ണൂരും കാസർകോടും ചൂടോടെ വിളമ്പിയ ഭക്ഷണത്തിന്റെ കഥയുണ്ട്.

കാസർകോട് ജില്ലയിലെ ഉദിനൂരിലാണ് ജന‌നം. അച്ഛൻ റിട്ടയേഡ് സെയിൽസ് ടാക്സ് ഓഫിസർ രവീന്ദ്രൻ, അമ്മ റിട്ടയേഡ് ഹെഡ്മിസ്ട്രസ് ചന്ദ്രിക. വീടിനടുത്തുള്ള സ്കൂളിൽനിന്നു നല്ല മാർക്കോടെയാണ് മൃണാൾ പത്താം ക്ലാസ് പാസായത്. പയ്യന്നൂർ കോളജിൽ നിന്നു പ്രീഡിഗ്രിയായിരുന്നു അടുത്ത ലക്ഷ്യം. അമ്മയും അമ്മാവനുമൊക്കെ അധ്യാപകരായിരുന്ന സ്കൂളിൽനിന്ന് ആരും ശ്രദ്ധിക്കാനില്ലാത്ത പയ്യന്നൂർ കോളജിലെത്തിയപ്പോൾ വരാന്തയിൽ സ്വാതന്ത്ര്യത്തിന്റെ കാറ്റുവീശി തുടങ്ങി. നാട്ടിൽനിന്നു പുലർച്ചെ പുറപ്പെടുന്ന രാജേഷ് ബസിൽ കയറി നേരെ ചെല്ലുന്നതു പലപ്പോഴും കോളജിലേക്കായിരുന്നില്ല, ബോംബെ ഹോട്ടലിൽ കിട്ടുന്ന മസാലദോശയിലും പഴംനിറച്ചതിലേക്കുമൊക്കെയായിരുന്നു. രണ്ടാം വർഷത്തിൽ മൃണാൾ പയ്യന്നൂരിലും ഇറങ്ങാതായി. ബസിന്റെ അവസാന സ്റ്റോപ്പായ കോഴിക്കോട്ടേക്കു യാത്ര നീണ്ടപ്പോൾ നഗരത്തിലെ പ്രശസ്ത റസ്റ്ററന്റുകളായ പാരഗണും റഹ്മത്തുമെല്ലാം സ്ഥിരം സങ്കേതങ്ങളായി മാറി. 

എൻജിനീയറിങ് ജീവിതം 
പയ്യന്നൂർ കോളജിലെ അവസാന പ്രീഡിഗ്രി ബാച്ചായിരുന്നു മൃണാളിന്റേത്. തരക്കേടില്ലാതെ പാസായതിന്റെ ആവേശത്തിലാണ് മ‍ൃണാൾ കാസർകോട് എൽബിഎസ് കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിനു ചേരുന്നത്. ശാസ്ത്രജ്ഞനാവാനായിരുന്നു ആഗ്രഹം. എൻജിനീയറിങ് കോഴ്സ് പറ്റിയ പണിയല്ലെന്നു മനസ്സിലാക്കിയപ്പോഴേക്കും വർഷം ഒന്നു കഴിഞ്ഞു. ജീവിതം വഴിമുട്ടി നിൽക്കുന്നൊരു വൈകുന്നേരത്തിലാണു ചെർക്കളയിൽ നിന്നു മ‍ൃണാളും സുഹൃത്ത് അനീഷും കോട്ടയത്തേക്കുള്ള ബസ് കാണുന്നത്.  കോട്ടയത്തു കഴിക്കാൻ എന്തു കിട്ടുമെന്നായിരുന്നു ഇരുവരുടെയും ചിന്ത. 

പല ജോലികൾ 
എൻജിനീയറിങ് പേപ്പറുകളെല്ലാം എഴുതിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും കോഴ്സ് പൂർത്തിയായതോടെ എന്തെങ്കിലും ഒരു ജോലി ചെയ്യണമെന്ന ചിന്തയുമായി മുംബൈയിലേക്കു വണ്ടി കയറി. ആ ആഴ്ചയിലായിരുന്നു മുംബൈ മഹാനഗരം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായത്. പോയതിനെക്കാൾ വേഗത്തിൽ തിരികെയെത്തി. പിന്നീടു കൊച്ചിയിലെ കോൾ സെന്ററിൽ ജോലി കിട്ടി. ആദ്യത്തെ 3 മാസം ചെന്നൈയിൽ പരിശീലനം. ഇംഗ്ലിഷ് നന്നായി സംസാരിക്കാനുള്ള പരിശീലനം ലഭിച്ചു.  അവധിക്കു നാട്ടിലെത്തിയപ്പോൾ തിരികെ പോകാൻ തോന്നിയില്ല. തുടർന്നു കാസർകോട് ജനറൽ മോട്ടോഴ്സിൽ സെയിൽസ് ഓഫിസറായി.  ഇൻസന്റീവുകളും ശമ്പളവുമായി മോശമല്ലാത്ത തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതിനിടയിലാണ് മൃണാളിനു ജോലി വല്ലാതെ മടുക്കാൻ തുടങ്ങിയത്. ഇംഗ്ലണ്ടിൽ എംബിഎ ചെയ്യാൻ അവസരമെന്ന പത്രപ്പരസ്യം കണ്ടതു വീണ്ടും വഴിമാറ്റി. ഇംഗ്ലണ്ടിലേക്കു കുടിയേറാൻ മൃണാൾ തീരുമാനിച്ചു.

വിദേശത്തേക്ക് 
‘മണ്ടന്മാർ ലണ്ടനിൽ എന്ന അവസ്ഥയിലാണ് ഞാൻ ഇംഗ്ലണ്ടിലെത്തുന്നത്. എംബിഎയ്ക്കു ചേർന്ന ഡി മോൺട്സ്ഫോർട് യൂണിവേഴ്സിറ്റിയുടെ അഡ്രസ്സ് അല്ലാതെ മറ്റൊന്നും കയ്യിലില്ല. എങ്ങോട്ടു പോകണം എന്നു കൂടി അറിയില്ല. നാട്ടിലേക്കു ഫോൺ ചെയ്തപ്പോൾ കിട്ടിയ നമ്പറിലേക്കു വിളിച്ചാണ് ഒടുവിൽ താമസം ശരിയാക്കിയത്.’ 

കഷ്ടപ്പെട്ടു പഠിച്ചു. പഠനകാലത്ത് ഒരു ദിവസം 4 സ്ഥലങ്ങളിൽ വരെ പാർട് ടൈം ജോലികൾ ചെയ്തു. ചെറിയൊരു റസ്റ്ററന്റിലെ ക്ലീനിങ് ജോലി മുതൽ ഫുട്ബോൾ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫായി വരെ പണിയെടുത്തു. 2008 മുതൽ 2012 വരെയുള്ള ഇംഗ്ലണ്ടിലെ ജീവിതത്തിനിടയിൽ മൃണാൾ വിവാഹിതനായി. 2012ൽ മൃണാളും ഭാര്യ അഞ്ജനയും ദുബായിലേക്കു കുടിയേറി. ഐടി കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി. വർഷമൊന്നു തികഞ്ഞതോടെ വീണ്ടും മടുപ്പ്. ജോലി രാജി വയ്ക്കാൻ ഉറപ്പിച്ചതിനിടയിലാണ് ദുബായിലെ സുഹൃത്ത് തന്റെ റസ്റ്ററന്റ് നോക്കി നടത്താമോ എന്നു ചോദിക്കുന്നത്. ജീവിതത്തിൽ ആദ്യമായി താൽപര്യമുള്ളൊരു പണി ചെയ്യാനുള്ള അവസരം. റസ്റ്ററന്റ് ലാഭത്തിന്റെ ട്രാക്കിലായതോടെ ആദ്യ ശ്രമം തന്നെ സൂപ്പർ ഹിറ്റ്. 

കുറച്ചു വർഷങ്ങൾക്കുള്ളിൽ ഹോട്ടൽ വ്യവസായ രംഗത്ത് മൃണാൾ പേരെടുത്തു. പല വമ്പൻമാരും ഉപദേശങ്ങൾക്കായി സമീപിച്ചു തുടങ്ങി. ഒരു സ്ഥാപനത്തിന്റെ ഭാഗമായി നിന്നു മറ്റുള്ളവർക്ക് ഉപദേശം നൽകേണ്ടെന്ന തീരുമാനത്തിൽ ജോലി രാജിവച്ച് മൃണാൾ പൂർണസമയ ഉപദേശിയായി. ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള റസ്റ്ററന്റ് ശൃംഖലകൾക്കു പ്രിയപ്പെട്ട കൺസൽറ്റൻസി ഗ്രൂപ്പായി മൃണാളിന്റെ എച്ച്എംസി കൺസൽറ്റൻസി മാറി. 

ഫുഡ് വ്ലോഗ് 
കൗതുകത്തിനു തുടങ്ങിയ ഫുഡ് വ്ലോഗ് (മൃണാൾസ് ബ്ലോഗ്) ഇന്നു സൂപ്പർ ഹിറ്റാണ്. ഭക്ഷണം കഴിച്ചു കൃത്യമായ അഭിപ്രായം പറയുമെന്നതിൽ വിട്ടുവീഴ്ചയില്ല. ആരെയും സുഖിപ്പിക്കാനായി ഒന്നും പറയാറില്ല. മൃണാളിന്റെ ഭക്ഷണ പരീക്ഷണങ്ങളുടെ അനുഭവ കഥകൾക്കു പിന്നാലെ ഒട്ടേറെപ്പേർ സഞ്ചരിക്കുന്നുണ്ട്. വിഡിയോ കണ്ട് ഒരുപാടു പേർ ഭക്ഷണം കഴിക്കാനെത്താറുണ്ടെന്നു ഹോട്ടലുടമകളും പറയുന്നു. മലബാറുകാരന്റെ നാവിനു നല്ല രുചിയാണെന്നാണു പൊതുവേയുള്ള സംസാരം. ഉപ്പും പുളിയും പറഞ്ഞാൽ തെറ്റില്ലെന്ന ഉറപ്പുണ്ട്. ഭക്ഷണം നല്ലതല്ലെങ്കിൽ അല്ലെന്നു തന്നെ പറയും. അതിലുമുണ്ട് മലബാറിന്റെ നേര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com