പെന്റഗൺ അസിസ്റ്റന്റ് സെക്രട്ടറി, യുഎൻ റസിഡന്റ് കോർഡിനേറ്റർ: ലോകവേദിയിൽ തിളങ്ങി ഇന്ത്യക്കാർ

HIGHLIGHTS
  • ഇന്ത്യൻ വംശജനായ ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയർ രവി ചൗധരി അസിസ്റ്റന്റ് പ്രതിരോധ സെക്രട്ടറി
  • തജിക്കിസ്ഥാനിലെ യുഎൻ റസിഡന്റ് കോർഡിനേറ്ററായി ഇന്ത്യയിൽ നിന്നുള്ള കാവിൽമഠം രാമസ്വാമി പാർവതി
കെ.ആർ പാർവതി: Photo Credit : Manorama  രവി ചൗധരി: Photo Credit : Twitter
കെ.ആർ പാർവതി: Photo Credit : Manorama രവി ചൗധരി: Photo Credit : Twitter
SHARE

ലോകത്ത് ഇന്ന് പല പ്രബലമായ തസ്തികകളിലും ഇന്ത്യക്കാരുണ്ട്. പലരാജ്യങ്ങളുടെയും സർക്കാരുകളിൽ മുതൽ പ്രശസ്ത കോർപറേറ്റ് സ്ഥാപനങ്ങളുടെ നിർണായക ഉന്നത ഉദ്യോഗങ്ങളിൽ വരെ ഇന്ത്യക്കാരുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ഇത്തരം രണ്ടു പ്രധാനപ്പെട്ട നിയമനങ്ങൾ കൂടി നടന്നു.

Read Also : ഗേറ്റ്: ഒന്നാം റാങ്കോടെ മലയാളികൾ

ഇന്ത്യൻ വംശജനായ ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയർ രവി ചൗധരിയെ യുഎസ് വ്യോമസേനയുടെ അസിസ്റ്റന്റ് പ്രതിരോധ സെക്രട്ടറിയായി നിയമിച്ചതാണ് ഇതിലൊന്ന്. പെന്റഗണിലെ കരുത്തുറ്റ തസ്തികകളിലൊന്നാണ് ഇത്.

നിയമനം സംബന്ധിച്ച വോട്ടെടുപ്പിൽ 65 വോട്ടുകൾ അനുകൂലമായപ്പോൾ 29 എണ്ണം പ്രതികൂലമായി. സഭയിലെ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയിലെ പത്തിലധികം അംഗങ്ങളും രവിക്ക് അനുകൂലമായി വോട്ട് ചെയ്തു.

യുഎസ് ഗതാഗത വകുപ്പിലെ സീനിയർ എക്സിക്യൂട്ടീവായിരുന്ന രവി ഇതിന്റെ ഭാഗമായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിലും(എഫ്എഎ) പ്രവർത്തിച്ചിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ ഗതാഗതം സംബന്ധിച്ച ഗവേഷണ പദ്ധതികൾക്ക് ഇവിടെ രവി ചുക്കാൻ പിടിച്ചു.

ഇതിനു മുൻപ് 22 വർഷം യുഎസ് വ്യോമസേനയിൽ സേവനമനുഷ്ഠിച്ച രവി യുഎസിന്റെ ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. യുഎസിന്റെ പ്രഥമ ജിപിഎസ് സംവിധാനം, രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പ്രവർത്തനങ്ങൾ എന്നിവയിലും സംഭാവനകൾ നൽകി.യുഎസ് എയർഫോഴ്സ് അക്കാദമിയിൽ നിന്ന് എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ജോർജ്ടൗൺ സർവകലാശാലയിൽ നിന്നു പിഎച്ച്ഡിയും അദ്ദേഹം നേടിയിട്ടുണ്ട്.

തജിക്കിസ്ഥാനിലെ യുഎൻ റസിഡന്റ് കോർഡിനേറ്ററായി ഇന്ത്യയിൽ നിന്നുള്ള കാവിൽമഠം രാമസ്വാമി പാർവതി (കെ.ആർ.പാർവതി) ബുധനാഴ്ച സ്ഥാനമേറ്റു.ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി പാർവതി പ്രവർത്തിച്ചിട്ടുണ്ട്.

മനുഷ്യ വികസന രംഗത്ത് 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള പാർവതി, തുർക്കിയിൽ ലോകഭക്ഷ്യപദ്ധതിയുടെ കൺട്രി ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.അടുത്തിടെ രാജ്യത്തുണ്ടായ ഭൂചലനങ്ങളിൽ കഷ്ടത അനുഭവിച്ച ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ചു.യുഎന്നിന്റെ തുർക്കിയിലെ മറ്റു സഹായപ്രവർത്തനങ്ങൾക്കും പിന്തുണ നൽകി.

അതിനു മുൻപ് ലൈബീരിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ലോകഭക്ഷ്യപദ്ധതിയുടെ ഉന്നത ഉദ്യോഗസ്ഥ യായിരുന്നു. ഏഷ്യാ പസിഫിക്, പടിഞ്ഞാറൻ ആഫ്രിക്ക മേഖലകളിലും ലോകഭക്ഷ്യപദ്ധതി ആസ്ഥാനത്തും പാർവതി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ക്രാൻഫിൽഡ് സർവകലാശാലയിൽ നിന്ന് ഓർഗനൈസേഷനൽ പെർഫോർമൻസ് മാനേജ്മെന്റിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്.

ഒരു രാജ്യത്തെ യുഎൻ പ്രതിനിധികളിൽ ഏറ്റവും ഉയർന്ന സ്ഥാനമുള്ള തസ്തികയാണ് യുഎൻ റസിഡന്റ് കോഓർഡിനേറ്റർ. ഒരു രാജ്യത്തെ യുഎൻ സംഘങ്ങളുടെയെല്ലാം നേതൃത്വം റസിഡന്റ് കോർഡിനേറ്റർക്കാണ്. യുഎൻ സെക്രട്ടറി ജനറലിനു നേരിട്ടു റിപ്പോർട്ട് ചെയ്യുന്ന പോസ്റ്റാണ് ഇത്. യുഎന്നിന്റെ പ്രാതിനിധ്യം കൂടാതെ പ്രവർത്തനങ്ങളുടെ ഏകോപനവും ഇവരാണ് നടത്തുന്നത്.

ചൈനയിലെ സിദ്ധാർഥ് ചാറ്റർജി, മംഗോളിയയിലെ തപൻ മിശ്ര, മ്യാൻമറിലെ രാമനാഥൻ ബാലകൃഷ്ടണൻ, തായ്‌ലൻഡിലെ ഗീത സഭർവാൽ എന്നിവരും ഇന്ത്യക്കാരായ യുഎൻ റസിഡന്റ് കോർഡിനേറ്റർമാരാണ്.

Content Summary : Success stories of ravi chaudhary and K.R Parvathy

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS