ADVERTISEMENT

രണ്ടാമത്തെ മകൾക്കു ജന്മം നൽകി ഒരാഴ്ച തികയും മുൻപെയാണ് ദിവ്യ ഹൈസ്കൂൾ ടീച്ചർ പരീക്ഷ എഴുതിയത്. കൈക്കുഞ്ഞിനെ അമ്മയെ ഏൽപിച്ച് വീട്ടിൽനിന്ന് ഏറെ അകലെ പരീക്ഷാകേന്ദ്രത്തിലെത്തിയ ആ നിശ്ചയദാർഢ്യത്തിനു ലഭിച്ചത് ഒന്നാം റാങ്ക് എന്ന സമ്മാനം! പന്തളം കൂരമ്പാല സ്വദേശി എസ്. ദിവ്യാദേവി തന്റെ ഒന്നാം റാങ്ക് സമർപ്പിക്കുന്നത് വിവാഹം കഴിഞ്ഞ് പഠനം പാതിവഴിയിൽ മുടങ്ങിയ അമ്മമാർക്കാണ്.

Read Also : കുത്തുവാക്കുകൾ പ്രചോദനമാക്കി റാങ്കുകൾ വാരിക്കൂട്ടി അമൽ

സ്വപ്നം, പരീക്ഷണം 

പഠനകാലംതൊട്ടേ അധ്യാപനജോലി ദിവ്യയുടെ സ്വപ്നമാണ്. സുവോളജി ബിരുദാനന്തര ബിരുദം നേടി നാച്വറൽ സയൻസിൽ ബിഎഡ് പൂർത്തിയാക്കിയശേഷം 2010ൽ സിബിഎസ്ഇ സ്കൂളിൽ ജോലിക്കു ചേർന്നു. 2013ൽ സെറ്റ് യോഗ്യത നേടി ഹയർ സെക്കൻഡറി വിഭാഗത്തിലേക്കു മാറിയ ദിവ്യയ്ക്ക് പ്രസവവുമായി ബന്ധപ്പെട്ട ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു രാജിവയ്ക്കേണ്ടി വന്നു. നീണ്ട ഇടവേളയ്ക്കുശേഷം 2018ലാണു പിഎസ്‌സി പരിശീലനത്തിനു ചേർന്നത്. അതോടെ പഠനത്തിന് അടുക്കും ചിട്ടയും വന്നു.

ഉഴപ്പാൻ നമുക്ക് ഒട്ടേറെ കാരണങ്ങളുണ്ടാകും. പക്ഷേ, പഠിച്ചു പാസാകാൻ ജയിക്കണമെന്ന ഒറ്റ വാശി മതി. തയാറെടുപ്പിലും ഏറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. പരമാവധി പരീക്ഷകൾ എഴുതി പരിശീലിക്കണം. സിലബസിൽനിന്നു പഠനം വഴിമാറാതെ നോക്കുന്നതും പ്രധാനം. തൊഴിൽവീഥിയും വിന്നറും ഈ രണ്ടു കാര്യങ്ങളിലും ഏറെ ഉപകരിച്ചിട്ടുണ്ട്. ചിട്ടയായ പഠനത്തിനും റാങ്ക് നേട്ടത്തിനും തൊഴിൽവീഥിയും ഏറെ സഹായകമായിരുന്നു. 2010 മുതൽ തൊഴിൽവീഥിയുടെയും വിന്നറിന്റെയും സ്ഥിരം വായനക്കാരിയാണു ഞാൻ.

 

ടൈം ടേബിൾ തയാറാക്കി കൃത്യമായി പഠിച്ചു കൊണ്ടിരിക്കുമ്പോഴാണു കോവിഡിന്റെ പരീക്ഷണം. യുപിഎസ്ടി വിജ്ഞാപനം വന്നത് ആയിടെയാണ്. പാഠപുസ്തകങ്ങൾ പഠിച്ചും സ്വന്തം നിലയ്ക്കു നോട്ടുകൾ തയാറാക്കിയും തനിയെ പഠനം തുടർന്നു. ഫലം വന്നപ്പോൾ 33–ാം റാങ്ക്. ആ നേട്ടം നൽകിയ ആത്മവിശ്വാസമാണ് എച്ച്എസ്ടി പരീക്ഷയ്ക്കു തയാറെടുക്കാൻ പ്രചോദനമായത്. കുഞ്ഞിനെ നോക്കാനുള്ള ചുമതല അമ്മയെ ഏൽപിച്ച് വീട്ടുജോലികളിൽനിന്നുപോലും ഒഴിവായി മുഴുവൻ സമയ പഠനം ആരംഭിച്ചു. 

 

രണ്ടാമത്ത കുഞ്ഞിനെ ഗർഭം ധരിച്ചതിനെത്തുടർന്ന് മുഴുവൻ സമയ ബെഡ് റെസ്റ്റ് വേണ്ടിവന്നതോടെ പഠനം വീണ്ടും ചോദ്യചിഹ്നമായി. എങ്കിലും പഠനം ഉപേക്ഷിച്ചില്ല. കിടന്നുകൊണ്ടു വായന പ്രയാസമായതോടെ‍ട്രൈപോഡിന്റെ സഹായത്തോടെയായി പഠനം. ഭർത്താവ് പ്രസാദ് കുമാറും പിന്തുണയുമായി കൂടെയുണ്ടായിരുന്നു. കുഞ്ഞ് പിറന്നതിന്റെ പിറ്റേ ആഴ്ച പരീക്ഷ എഴുതിയപ്പോഴും ഒന്നാം റാങ്ക് എന്നതു വിദൂര സ്വപ്നംപോലുമായിരുന്നില്ല. 

 

പരീക്ഷതന്നെ പരിശീലനം

സർക്കാർ ജോലിയാണു ലക്ഷ്യമെങ്കിൽ പിന്നെ ഒന്നും നോക്കാതെ തയാറെടുപ്പു തുടങ്ങണമെന്ന് ദിവ്യ പറയുന്നു. ഇഷ്ടമുള്ള ജോലി, ഇഷ്ടപ്പെട്ട തസ്തിക തുടങ്ങിയ വേർതിരിവു കളൊന്നും തയാറെടുപ്പിൽ വേണ്ട. പരിശീലനം തുടങ്ങിയ നാളുകളിൽ അക്കാലത്തെ മിക്ക പരീക്ഷകളും എഴുതിയതാണു വിജയത്തിലേക്കു വഴിതുറന്നതെന്നു ദിവ്യ പറയുന്നു. 

Read Also : പിഎസ്‌സിയുടെ ഫാർമസി പരീക്ഷകളിൽ ‘ട്രിപ്പിൾ’ ഒന്നാം റാങ്ക്

പരീക്ഷകൾ എഴുതുന്നതും പരിശീലനമാണെന്നാണു ദിവ്യയുടെ അഭിപ്രായം. ടൈം മാനേജ്മെന്റും സ്ട്രെസ് മാനേജ്മെന്റും പരിശീലിക്കാൻ ഇത് ഏറെ സഹായകമായി. എൽഡിസി, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, എച്ച്എസ്എസ്ടി തുടങ്ങി കെഎഎസ് പരീക്ഷവരെ എഴുതി. കേന്ദ്രീയ വിദ്യാലയ, നവോദയ എന്നിവിടങ്ങളിലെ പിജിടിതസ്തികയിലേക്കുള്ള പരീക്ഷകളിലും കൈവച്ചു. ആദ്യമെഴുതിയ എച്ച്എസ്എസ്ടി പരീക്ഷയിൽ വെറും 5 മാർക്കിന് റാങ്ക് ലിസ്റ്റിൽനിന്നു പുറത്തായതുപോലുള്ള തിരിച്ചടികളും വാശിയോടെ പഠനം തുടരാൻ പ്രചോദനമായി. 

 

Content Summary : Motherhood and Success: Teacher Defies Odds to Clinch First Rank in Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com