പിഎസ്‌സിയുടെ ഫാർമസി പരീക്ഷകളിൽ ‘ട്രിപ്പിൾ’ ഒന്നാം റാങ്ക്; പഠനതന്ത്രങ്ങൾ പങ്കുവച്ച് ബെറ്റ്സി ജോസഫ്
Mail This Article
ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്മെന്റിൽ അനലിസ്റ്റ് ഗ്രേഡ് തേഡ്, മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റിൽ ഫാർമസിസ്റ്റ്ഗ്രേഡ് സെക്കൻഡ്, എറണാകുളം ജില്ലാ ഹെൽത്ത് സർവീസ് ഡിപ്പാർട്മെന്റിൽ ഫാർമസിസ്റ്റ്ഗ്രേഡ് സെക്കൻഡ്... ഫാർമസി കോഴ്സ് പഠിച്ചവർക്കായുള്ള പിഎസ്സി വിജ്ഞാപനങ്ങളുടെ പട്ടികയല്ല, എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ബെറ്റ്സി ജോസഫിന്റെ ഒന്നാം റാങ്ക് നേട്ടങ്ങളുടെ നിരയാണിത്! എറണാകുളം റീജനൽ ഡ്രഗ് ടെസ്റ്റിങ് ലാബിൽ ഗസറ്റഡ് റാങ്കിൽ അനലിസ്റ്റായി ജോലിചെയ്യുമ്പോഴും സ്വപ്നജോലിയായ കോളജ് അധ്യാപക പദവിയിലെത്തുകയാണ് ബെറ്റ്സിയുടെ ലക്ഷ്യം.
Read Also : കോഫിമേക്കറിൽ നിന്ന് തഹസിൽദാർ; ഗോത്രമേഖലയുടെ അഭിമാനമായി ഷിനു
6 മാസം 6 മണിക്കൂർ
കൂട്ടുകാരികൾ പലരും നഴ്സിങ്ങിനും മറ്റും പോയപ്പോൾ ഒന്നു വഴിമാറി നടന്നതിന്റെ ഫലമാണു ഫാർമസി പരീക്ഷകളിലെ വിജയത്തിളക്കമെന്നു ബെറ്റ്സി. കുട്ടിക്കാലം മുതലേ മരുന്നുകളെക്കുറിച്ചു മനസ്സിലാക്കാൻ പ്രത്യേക താൽപര്യമായിരുന്നു. ബിഫാമും എംഫാമും നേടിയശേഷം ആറു മാസത്തിനകംതന്നെ സർക്കാർ ജോലി എന്ന ലക്ഷ്യത്തിലെത്തി. ദിവസവും 6 മണിക്കൂർവരെ തയാറെടുപ്പു നടത്തി. ബിഫാം പഠനകാലത്ത് കോളജ് ലൈബ്രറിയിൽനിന്നു പുസ്തകങ്ങളെടുത്തു സ്വന്തമായി നോട്ടുകൾ തയാറാക്കിയിരുന്നതും പിഎസ്സി പരീക്ഷാ തയാറെടുപ്പിൽ ഏറെ ഗുണം ചെയ്തു. ഓൺലൈൻ ക്ലാസുകളും മാതൃകാപരീക്ഷകളും ആത്മവിശ്വാസം വർധിപ്പിച്ചു. സുഹൃത്തുക്കളുമൊത്ത് ഒരുമിച്ചു പഠിച്ചതു വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളേറെയുള്ള ഫാർമസി പരീക്ഷകളിൽ സ്കോർ ചെയ്യുന്നതിൽ നിർണായകമായി. കോച്ചിങ്ങിനും പോയിരുന്നു.
പരാജയം തന്ന പ്രചോദനം
2017ൽ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്മെന്റിൽ ഡ്രഗ് ഇൻസ്പെക്ടർ തസ്തികയ്ക്കുള്ള പരീക്ഷ എഴുതിയായിരുന്നു തുടക്കം. അന്നു ലഭിച്ചത് 119–ാം റാങ്ക്. പക്ഷേ, നിയമനം കിട്ടിയില്ല. കൂടുതൽ വാശിയോടെ പഠനം തുടർന്നു. 2019ൽ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്മെന്റിൽ അനലിസ്റ്റിന്റെ വിജ്ഞാപനം വന്നപ്പോൾ എങ്ങനെയും അതു നേടിയെടുക്കണമെന്ന ദൃഢനിശ്ചയമാണ് മൂന്ന് ഒന്നാം റാങ്കുകളിൽ ബെറ്റ്സിയെ എത്തിച്ചത്. പൊലീസിൽ സബ് ഇൻസ്പെക്ടറായി വിരമിച്ച അച്ഛൻ ടി. ജെ. ജോസഫാണു സർക്കാർ ജോലി നേടാൻ ബെറ്റ്സിക്കു വഴികാട്ടിയായത്.
Read Also : ഒരേ ദിവസം സർക്കാർ ജോലി നേടി സഹോദരിമാർ; വിജയം ഇരട്ട ‘സല്യൂട്ട്’ നൽകിയ കഥ
ഗവൺമെന്റ് ഫാർമസി കോളജ് അധ്യാപികയാകുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഉത്തരവാദിത്തം ഏറെയുള്ള ജോലിക്കിടയിലും എങ്ങനെ പഠനം തുടരുന്നുവെന്നു ചോദിച്ചാൽ ബെറ്റ്സിയുടെ മറുപടി–‘പരീക്ഷാവിഷയവും നമ്മുടെ ഇഷ്ടവിഷയവും ഒന്നുതന്നെയാണെങ്കിൽ പഠനം ഒരിക്കലും പ്രയാസമാകില്ല’.
Content Summary : Betsy Joseph got a triple first rank in the PSc pharmacy exam