ADVERTISEMENT

കെഎസ്ആർടിസിയിൽ ഡ്രൈവറായി രുന്ന അപ്പൻ സി.വി.വർക്കിയാണു ചെറുപ്പത്തിലേ ബേസിലിന്റെ സൂപ്പർ ഹീറോ. ആനവണ്ടിയുടെ വളയം പിടിച്ചു പെരുമ്പാവൂർ ടൗണിലൂടെ അപ്പൻ മിന്നിച്ചൊരു വരവുണ്ട്. അതു കണ്ട്, വലുതാവുമ്പോൾ ഡ്രൈവറാകണമെന്ന മോഹം ബേസിലിൽ ഉദിച്ചു. അന്നത്തെ ആ മോഹം ഇപ്പോൾ ബേസിലിനെ എത്തിച്ചിരിക്കുന്നതു പിഎസ്സി ഡ്രൈവർ പരീക്ഷകളിലെ ഒരു കൂട്ടം റാങ്ക് ലിസ്റ്റുകളുടെ മുൻനിരയിലാണ്. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ,ഫയർ ആൻഡ് റെസ്ക്യു ഡ്രൈവർ പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയ ബേസിൽ ഇപ്പോൾ എക്സൈസ് ഡ്രൈവർ പരീക്ഷയിലെ ഒന്നാം റാങ്കിന്റെ കൂടി അവകാശിയാണ്. ഇതിനിടെ ‘റൂട്ടുമാറി’ സഞ്ചരിച്ചു ബേസിൽ എൽപി സ്കൂൾ അസിസ്റ്റന്റ് പരീക്ഷയിൽ എറണാകുളം ജില്ലയിലെ 23–ാം റാങ്കും നേടിയിട്ടുണ്ട്. നിലവിൽ വാണിയപ്പിള്ളി ഗവ. എൽപി സ്കൂൾ അധ്യാപകനാണു പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ബേസിൽ വർക്കി.

വളയം പിടിച്ച് തുടക്കം
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽനിന്നു മലയാള സാഹിത്യത്തിൽ ബിരുദം നേടി എജ്യുക്കേഷനിൽ ഡിപ്ലോമയും പൂർത്തിയാക്കിയെങ്കിലും ഉപജീവനത്തിനായി വളയം പിടിച്ചാണു ബേസിൽ തുടങ്ങിയത്. മിനി ലോറി ഡ്രൈവറായും കൂലിപ്പണിയെടുത്തുമുള്ള ആ കാലത്താണു സർക്കാർ സർവീസിൽ കയറണമെന്നു വാശി തോന്നിയത്. അച്ഛൻ വിരമിച്ചതോടെ ജീവിതം അനിശ്ചിതാവസ്ഥയിലായി. സ്ഥിരജോലി അനിവാര്യമായി. 2019ൽ പെരുമ്പാ വൂരിലെ പിഎസ്സി കോച്ചിങ് സ്ഥാപനത്തിൽ പരിശീലനം ആരംഭിച്ചു. കോവിഡ് കാലത്തു പാതിവഴിയിൽ അത് അവസാനിച്ചു. പിന്നെ സ്വയംപഠനത്തിലേക്കു തിരിഞ്ഞു. ഓൺലൈൻ കോച്ചിങ്ങും ഉണ്ടായിരുന്നു. നാട്ടിലെ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗത്വം പഠനത്തിനു കൂടുതൽ ഊർജം നൽകി. ദിവസേന പത്രവായന മുടക്കിയില്ല. പിന്നീട് കൂട്ടുകാരുമായി കംബൈൻഡ് സ്റ്റഡിയായി. കംബൈൻഡ് സ്റ്റഡിസംഘം ഉറക്കെ വായിച്ച് ഓരോരുത്തരും നോട്ടുകൾ തയാറാക്കി. ഈ നോട്ടുകൾ പരസ്പരം കൈമാറി പഠിച്ചു. കഴിയുന്നത്ര പരീക്ഷകൾ എഴുതി പരീക്ഷയോടുള്ള ഭയം ഇല്ലാതാക്കി. ഇതിനിടെയാണ് എൽപി സ്കൂൾ അസിസ്റ്റന്റ് 23–ാം റാങ്ക്. ആ റാങ്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ലെന്ന് ബേസിൽ. 

അടുത്തലക്ഷ്യം എച്ച്എസ്ടി​
പിഎസ്‌സി പരിശീലനം തുടങ്ങിയ കാലം തൊട്ടേ തൊഴിൽവീഥിയുടെ സ്ഥിരം വരിക്കാരനാണു ബേസിൽ. തൊഴിൽവീഥിയിലെ മോക് ടെസ്റ്റുകൾ ഒന്നുപോലും വിട്ടുപോകാതെ പരിശീലിച്ചു. കറന്റ് അഫയേഴ്സ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്കോർ ചെയ്യാൻ സഹായിച്ചത് തൊഴിൽവീഥിയിലെ പരിശീലനമായിരുന്നെന്ന് ബേസിൽ ഉറപ്പിക്കുന്നു. പിഎസ്‌സി ഗൈഡുകളും ഉപയോഗപ്പെടുത്തി. പഠിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ടെലഗ്രാം ചാനൽവഴി കേട്ടുപഠിക്കുകയും ചെയ്തു. പ്രയാസമുള്ള പാഠങ്ങൾ ചിത്രങ്ങളായും ഡയഗ്രമായും വരച്ചും കൈപ്പടയിൽ കുറിച്ചുവച്ചും പഠിച്ചു.

‘‘സർക്കാർ ജോലിയെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ചതിൽ തൊഴിൽവീഥിക്കു വലിയ പങ്കുണ്ട്. കറന്റ് അഫയേഴ്സ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മികച്ച സ്കോർ നേടാൻ സഹായിച്ചു. ഓരോ പരീക്ഷയുടെയും സിലബസ് അനുസരിച്ചുള്ള മോക് ടെസ്റ്റുകൾ കൃത്യമായി പരിശീലിച്ചതും ഏറെ ഗുണം ചെയ്തു’’.

ഡ്രൈവർ പരീക്ഷകളിൽ തുടർച്ചയായി റാങ്ക് നേടിയെങ്കിലും, അപ്രതീക്ഷിതമായി കൈവന്ന എൽപിഎസ്ടി 23ാം റാങ്കിനോട് ഇപ്പോൾ ബേസിലിനു പ്രത്യേക ഇഷ്ടമുണ്ട്. അപ്പന്റെ ഡൈവർ ജോലിയോട് എക്കാലവും ആരാധന യുണ്ടെങ്കിലും കുറച്ചു കാലത്തെ അധ്യാപക ജീവിതത്തി നിടെ ഒട്ടേറെ ‘കുട്ടി ആരാധകരെ’ നേടിയെടുത്തിട്ടുണ്ട് ബേസിൽ. അടുത്ത ലക്ഷ്യം എച്ച്എസ്ടി പരീക്ഷയാണ്. അതിനുള്ള തയാറെടുപ്പും ‘ടോപ് ഗിയറിൽ’തന്നെയാണെന്നു ബേസിൽ വ്യക്തമാക്കുന്നു.

Content Summary:

Basil's Tribute to his Driver Father: Climbs to First Rank in PSC Driver Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com