‘കോഡ്’ ഭാഷ കൊണ്ട് നേടിയത് പിഎസ്‌സി റാങ്ക്; പഠന രഹസ്യം പങ്കുവച്ച് ശാരിമോൾ
Mail This Article
പിഎസ്‌സി പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയ കൂട്ടുകാരിയുടെ ചിത്രം നാട്ടിലെ ഫ്ലക്സുകളിൽ നിറഞ്ഞപ്പോൾ ശാരിമോൾക്കു തോന്നി–കൂട്ടുകാരിക്കു സാധിക്കുമെങ്കിൽ എനിക്കും എന്തുകൊണ്ട് ഒരു ശ്രമം നടത്തിക്കൂടാ?
എൽഡിസി പരീക്ഷയിൽ മാർക്ക് അടിസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ ഒന്നാമതെത്തിയാണ് ശാരിമോൾ സ്വപ്നം സഫലമാക്കിയത്. ഇപ്പോൾ കെഎസ്ഇബി തൃപ്പൂണിത്തുറ ഡിവിഷൻ ഓഫിസിൽ സീനിയർ അസിസ്റ്റന്റാണു ശാരിമോൾ കെ.എസ്
ചെറിയ കടമ്പയല്ല
കെമിസ്ട്രിയിൽ എംഎസ്‌സി കഴിഞ്ഞ് ബിഎഡ് നേടിയശേഷമാണു ശാരിമോൾ പിഎസ്‌സി പരിശീലനം ആരംഭിച്ചത്. ചെറായി ഓൾ സെയിന്റ്സ് കോളജിൽ ആറു മാസത്തെ പിഎസ്‌സി പരിശീലനത്തിനു ചേർന്നു. ആ ചെറിയ കാലം കൊണ്ടു നേടിയെടുക്കാവുന്നതല്ല സർക്കാർ ജോലിയെന്ന് അന്നറിയില്ലായിരുന്നു. അധികം വൈകാതെ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ആദ്യ പിഎസ്‌സി പരീക്ഷയെഴുതി. അന്നു മെയിൻ ലിസ്റ്റിൽ കയറിപ്പറ്റാൻ കഴിയാതെ നിരാശപ്പെട്ടപ്പോഴാണ് ബിഎസ്‌സിയും എംഎസ്‌സിയും പഠിച്ചതുപോലെയല്ല, പിഎസ്‌സി പരീക്ഷയിൽ ജയിക്കാൻ വേറെ ട്രാക്ക് പിടിക്കണമെന്നു പിടികിട്ടിയത്. അടുത്തതായി എഴുതിയ കമ്പനി/ബോർഡ്/കോർപറേഷൻ അസിസ്റ്റന്റ് പരീക്ഷയിൽ കുറച്ചുകൂടി മെച്ചപ്പെട്ട മാർക്ക് നേടാൻ സാധിച്ചത് ആത്മവിശ്വാസം പകർന്നു. ആറു മാസത്തെ പരിശീലനത്തിനുശേഷവും അന്നത്തെ ബാച്ചുകാർ കംബൈൻഡ് സ്റ്റഡിക്ക് ഒത്തുകൂടുമായിരുന്നു. അതായിരുന്നു എൽഡിസി പരീക്ഷയ്ക്കുള്ള തയാറെടുപ്പ്.
പഠിക്കാൻ പല കോഡ്
പ്രയാസമേറിയ വിഷയങ്ങൾ കോഡ് ഭാഷയിലാക്കി പഠിക്കാനായിരുന്നു ശാരിക്ക് ഇഷ്ടം. മുഗൾ ചക്രവർത്തിമാരുടെ പേരുകൾ ക്രമത്തിൽ ഓർത്തിരിക്കാൻ BHAJSAB (ബാബർ,ഹുമയൂൺ തുടങ്ങിയ പേരുകളുടെ ആദ്യാക്ഷരക്രമത്തിൽ) എന്ന കോഡ്, അവരുടെ ഭരണപരിഷ്കാരങ്ങൾക്കു മറ്റൊരു കോഡ്... അങ്ങനെ ഒരു പോക്കറ്റ് ഡയറി മുഴുവൻ കോഡ് ഭാഷയിൽ നോട്ടുകൾ തയാറാക്കി പഠിച്ചത് പരീക്ഷയ്ക്ക് ഏറെ പ്രയോജനപ്പെട്ടു. വർഷങ്ങൾ ഓർത്തിരിക്കാൻ ഓരോ വർഷത്തെയും വ്യക്തിജീവിതത്തിലെ ചില സംഭവങ്ങളുമായി കോർത്തിണക്കി മനപ്പാഠമാക്കി.
പഠനരീതിയെക്കുറിച്ചു ചോദിച്ചാലും ശാരി മോൾ ഒരു കോഡ് ഭാഷ പറയും–4P. അതായത് Previous questions, Pocket diary, Paperclippings, Practice. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ കൃത്യമായി പഠിച്ചിരുന്ന ശാരിമോൾ എല്ലാ വിഷയങ്ങ ൾക്കും ഡയറിയിൽ നോട്ടുകൾ തയാറാക്കുമായിരുന്നു. ബസ് യാത്രകളിലും മറ്റും ഡയറി കൂടെക്കൊണ്ടുപോകും. മുടങ്ങാത്ത പത്രവായനയിൽനിന്നാണു കറന്റ് അഫയേഴ്സ് പഠിച്ചത്. അത്തരം വാർത്തകളുടെ കട്ടിങ്ങുകൾ ബുക്കിൽ ഒട്ടിച്ചുവച്ച് പലവട്ടം വായിച്ച് ഹൃദിസ്ഥമാക്കി. തൊഴിൽവീഥിയിലെ കറന്റ് അഫയേഴ്സ് ഭാഗങ്ങളും കൃത്യമായി പിന്തുടരുമായിരുന്നു.