ADVERTISEMENT

‘ഭൂഗോളത്തിന്റെ സ്പന്ദനം സർക്കാർ ജോലിയിലാണെന്ന്’വിശ്വസിച്ച അച്ഛന്റെ മകൻ സർക്കാർ ഉദ്യോഗസ്ഥനായതിൽ അതിശയമില്ല! അതുകൊണ്ടുതന്നെ എൽഡിസി ഒന്നാം റാങ്കുൾപ്പെടെ ഉയർന്ന റാങ്കുകൾ കരസ്ഥമാക്കിയ ധനേഷ് നാരായണൻ തന്റെ വിജയം സമർപ്പിക്കുന്നതും മകൻ സർക്കാർ സർവീസിൽ പ്രവേശിക്കുന്ന ദിനം സ്വപ്നം കണ്ട അച്ഛനു തന്നെ. കാസർകോട് മാവുങ്കൽ സ്വദേശിയായ ധനേഷ് ഇപ്പോൾ കെഎസ്എഫ്ഇ പെരിയ മൈക്രോബ്രാഞ്ചിൽ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റാണ്.

സ്ഥിരവരുമാനം, തൊഴിൽ സുരക്ഷിതത്വം, മാന്യത അങ്ങനെ സർക്കാർ ജോലി തിരഞ്ഞെടുക്കാൻ കൂട്ടുകാർക്കു പല കാരണങ്ങൾ ഉണ്ടായിരുന്നപ്പോഴും ധനേഷിനു മുന്നിൽ ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളൂ–അച്ഛന്റെ ആഗ്രഹം പൂർ ത്തീകരിക്കുക. ഉന്നത റാങ്കോടെ അതു സഫലമായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ധനേഷ്.

ആദ്യ പഠനം, എന്തു പഠിക്കണം? 
രാംനഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു ധനേഷിന്റെ അച്ഛൻ നാരായണൻ. ഹൈസ്കൂൾകാലം മുതലേ ധനേഷിന്റെ മനസ്സിൽ അച്ഛൻ സർക്കാർ ജോലിയെന്ന സ്വപ്നം വിത്തു പാകി. പാഠപുസ്തകം മാത്രം പഠിച്ചാൽ പോരാ, പത്രങ്ങളും ആനുകാലികങ്ങളും വായിക്കണമെന്നും അതുവഴി ലഭിക്കുന്ന വിവരങ്ങൾ കുറിച്ചു വയ്ക്കണമെന്നും നിരന്തരം ഉപദേശിച്ചു. എന്തു പഠിക്കണമെന്നാണ് ആദ്യം പഠിക്കേണ്ടതെന്ന് നിർദേശിച്ചു.

‘‘തൊഴിൽ വീഥിയിൽനിന്നാണ് എന്റെ പിഎസ്സി പഠനം ആരംഭിച്ചത്. 2003 മുതലുള്ള ലക്കങ്ങൾ വായിച്ചു പഠിച്ചത് പരീക്ഷയ്ക്കുള്ള മുന്നൊരുക്കമായി. തൊഴിൽൽവീഥി നടത്തിയ എൽഡിസി മോക് ടെസ്റ്റിൽ ഒന്നാം റാങ്ക് നേടാൻ കഴിഞ്ഞത് കൂടുതൽ ആത്മവിശ്വാസം പകർന്നു. അച്ഛൻ നിരന്തരം തന്ന പ്രോത്സാഹനവും വലിയ പ്രചോദനമായി. മോട്ടിവേഷനും ഗൈഡൻസും മാത്രം പോരാ, കഠിനാധ്വാനവും വേണം; എങ്കിൽ ആർക്കും വിജയം സ്വന്തമാക്കാം’’.

2003 മുതൽ വീട്ടിൽ തൊഴിൽവീഥി വരുത്തിയത് സർക്കാർ ജോലിയെന്ന ലക്ഷ്യം ഉറപ്പാക്കാനായിരുന്നു. പാഠപുസ്തകം വായിക്കുന്ന ചിട്ടയോടെ തൊഴിൽവീഥിയുടെ ഓരോ ലക്കവും ധനേഷ് പിന്തുടർന്നു. വായന കഴിഞ്ഞാൽ, ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചോദിച്ച് അച്ഛൻ ബുദ്ധിമുട്ടിക്കാറില്ല. മകന്റെ പഠനമികവിൽ അച്ഛന് വിശ്വാസമുണ്ടായിരുന്നു. പഠനത്തിന്റെ തുടക്കകാലത്ത് അതു പകർന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയശേഷമാണ് ധനേഷ് പൂർണ സമയ പിഎസ്‌സി പരിശീലനം തുടങ്ങിയത്. കൂട്ടുകാരിൽ പലരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു കയറിയപ്പോൾ പഴയ നോട്ട് ബുക്കുകൾ പൊടിതട്ടിയെടുത്തു പഠനം തുടങ്ങുകയായിരുന്നു, ധനേഷ്. പരീക്ഷയെക്കുറിച്ചു കൃത്യമായ ധാരണയുണ്ടാക്കാൻ കാഞ്ഞങ്ങാട് ബ്രില്യൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനം ഉപകരിച്ചു.

വാടകമുറിയിലെ കൂട്ടുപഠനം 
നാലഞ്ചു കൂട്ടുകാർ ചേർന്ന് മുറി വാടകയ്ക്കെടുത്തായിരുന്നു പഠനം. രാവിലെ കോളജിൽ വരുന്ന കൃത്യതയോടെ എല്ലാവരും കംബൈൻഡ് സ്റ്റഡിക്ക് ഒത്തുകൂടി. തലേന്നു വായിച്ച പാഠഭാഗങ്ങൾ പിറ്റേന്നു റിവിഷൻ ചെയ്തും മാതൃകാപരീക്ഷകൾക്ക് ഉത്തരമെഴുതിയും പഠനം ഉഷാറാക്കി. പത്രവാർത്തകൾ പരസ്പരം ചർച്ച ചെയ്ത് കറന്റ് അഫയേഴ്സിൽ മികച്ച നില ഉറപ്പാക്കി. മറന്നുപോകാൻ സാധ്യതയുള്ള വർഷങ്ങളും പേരുകളും മറ്റും ഓർത്തു വയ്ക്കാൻ മെമ്മറി ഷോർട് കട്ടുകൾ കണ്ടെത്തി. അടച്ച മുറിയിൽ ഒറ്റയ്ക്കിരുന്നു പഠിക്കുന്നതിലെ മടുപ്പു കുറയ്ക്കാൻ കംബൈൻഡ് സ്റ്റഡി സഹായകമായി. പരീക്ഷ അടുത്തപ്പോൾ മാതൃകാ പരീക്ഷകൾ പരമാവധി എഴുതിപ്പഠിച്ചു. ഒന്നേകാൽ മണിക്കൂർ പരീക്ഷ ഒരു മണിക്കൂറിൽ പൂർത്തിയാക്കിയ ‘ടൈം മാനേജ്മെന്റ്’ യഥാർഥ പരീക്ഷകളിൽ ഏറെ ഗുണം ചെയ്തു. എൽഡിസി ഒന്നാം റാങ്ക് അപ്രതീക്ഷിതമായിരുന്നു. കോടതിയിൽ ക്ലാർക്ക് ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് കെഎസ്എഫ്ഇയിൽ ജോലി ലഭിച്ചപ്പോൾ അതു തിരഞ്ഞെടുത്തു. ഭാര്യ ജ്യോതി സുകുമാരനും ഇപ്പോൾ പിഎസ്‌സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. മകൾ ധ്വനി. അച്ഛനെപ്പോലെ അധ്യാപക ജോലിക്കു ശ്രമിക്കാത്തതെന്തേ എന്ന ചോദ്യത്തിന് ചിരിയോടെ ധനേഷിന്റെ മറുപടി: ‘അച്ഛനാണ് ഞാൻ കണ്ട ബെസ്റ്റ് മാഷ്. ഞാൻ ഇപ്പോഴും അച്ഛന്റെ സ്റ്റുഡന്റ് തന്നെയാണ്’

Content Summary:

Inspired by Father's Vision, Kasaragod Native Achieves First Rank in LDC Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com