ADVERTISEMENT

കാസർകോട് ∙ നാരായണ പൂജാരി എന്ന പേരു കേൾക്കുമ്പോൾ സംശയിക്കാം ഏതെങ്കിലും ക്ഷേത്രത്തിലെ പൂജാരി ആണെന്ന്. പക്ഷേ ഇത് എം.നാരായണ പൂജാരി. കാസർകോട് നഗരത്തിന് മിൽമ നാരായണൻ. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്. മുതലാളിയാണെങ്കിലും ഹോട്ടലിൽ എത്തിയാൽ പുലർച്ചെ 5 മുതൽ ഉച്ച വരെയും അടുക്കളയിലാണ്. ദോശ, പുട്ട്, ഇഡ്ഡലി, പഴംപൊരി, ഗോളി ബജി , ബിരിയാണി, ഊൺ, കറികളും ചിക്കൻ, മീൻ പലവക കറികളും ഷവർമ ഉൾപ്പെടെയും തയാറാക്കുന്ന ജോലിയിൽ മുഴുകും. 

ഹോട്ടൽ അസോസിയേഷൻ ഭാരവാഹി
പാചകത്തിനിടയിൽ സംഘടനാ പ്രവർത്തനങ്ങളിൽ ഉൾപ്പെടെയുള്ള കോളുകൾ അറ്റൻഡ് ചെയ്ത് മാർഗ നിർദേശം നൽകും. ഹോട്ടലിലെ കാഷ് കൗണ്ടറും മാനേജ്മെന്റും ഭാര്യ വീണ കൈകാര്യം ചെയ്യും. ദേശീയ കബഡി താരമായിരുന്ന കോച്ച് ജഗദീഷ് കുമ്പളയുടെ സഹോദരിയാണ് വീണ. ഇവരുടെ പിതാവ് കൃഷ്ണ പൂജാരി കുമ്പളയിലും നാരായണ പൂജാരിയുടെ പിതാവ് കുട്ടി പൂജാരി ഗാഡിഗുഡെയിലും ഹോട്ടൽ ഉടമകൾ ആയിരുന്നു. ആകസ്മികമായി പിന്നീട് വീണയും നാരായണ പൂജാരിയും ഹോട്ടൽ ഉടമകളായി. കഴിഞ്ഞ 7 വർഷം റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്നു നാരായണ പൂജാരി. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തെത്തി. 

മിൽമപാൽ വിറ്റ് തുടക്കം
നാരായണ പൂജാരിയുടെ തൊഴിൽ ജീവിതത്തിന് അടിത്തറ പാകിയത് മിൽമ പാൽ വിൽപനയാണ്. അതു കൊണ്ടു തന്നെയാണ് നാട്ടുകാരുടെ മിൽമ നാരായണൻ സ്വന്തം ഹോട്ടലിന് മിൽമ പോയിന്റ് എന്ന പേര് നൽകിയത്. കുംബഡാജെ പഞ്ചായത്ത് മൊട്ടക്കുഞ്ചെയിലെ പിതൃഗൃഹത്തിൽ നിന്ന് കാസർകോട് ചെന്നിക്കരയിലെത്തി സഹോദരിയോടൊന്നിച്ച് താമസിച്ചായിരുന്നു വിദ്യാഭ്യാസം. കാസർകോട് ഗവ.ഹൈസ്കൂളിൽ പത്താം ക്ലാസ് പഠിക്കുമ്പോൾ സൈക്കിളിൽ പാൽ വിൽപന തുടങ്ങി. 1987ൽ തായലങ്ങാടിയിൽ അബ്ദു‍റഹ്മാന്റെ മിൽമ ഏജൻസിയിൽ കമ്മിഷൻ അടിസ്ഥാനത്തിലായിരുന്നു വിൽപന. അന്ന് പാൽ അര ലീറ്ററിന് 1.75 രൂപ. അതിന്റെ 3 ശതമാനം കമ്മിഷൻ കിട്ടും. 

കണ്ണൂർ നിന്നായിരുന്നു അന്ന് മിൽമ പാൽ എത്തിയിരുന്നത്. പാൽ എത്തുന്ന പുലർച്ചെ 3 ന് കടയിൽ എത്തണം. ഫോർട്ട് റോഡ്, തെരുവത്ത്, തായലങ്ങാടി, റെയിൽവേ സ്റ്റേഷൻ റോഡ്, അടുക്കത്ത് ബയൽ തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിലും ഹോട്ടലുകളിലും ആയിരുന്നു സൈക്കിളിൽ വിൽപന. നൂറോളം വീടുകളിൽ എത്തിയിരുന്നു അന്ന്. 9 മണിയോടെ തീരുന്ന ജോലിയിൽ ആയിരത്തോളം പാക്കറ്റ് പാൽ വിൽപന നടത്തിയിരുന്നു.

പാചക പരിശീലനത്തിന് സുഹൃത്ത് മുഹമ്മദ്
ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ എൻസിസി വൊളന്റിയറും കബഡി  ജില്ലാ ടീം അംഗവുമായിരുന്നു. എസ്എസ്എൽസി പാസായി പാരലൽ കോളജിൽ കൊമേഴ്സിനു ചേർന്നുവെങ്കിലും കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 1991ൽ മിൽമയുടെ ഏജൻസി എടുത്തു. അണങ്കൂർ ഏജന്റായി വീടുകൾ തോറും സൈക്കിളിൽ വിൽപന തുടർന്നു. 1995ൽ ഇത് ബന്ധുക്കളെ ഏൽപിച്ച് സൗദിയിലേക്ക് വിമാനം കയറി. കെട്ടിട നിർമാണ സാമഗ്രി ഉൽപാദന ജോലിയായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് ഹോട്ടൽ തൊഴിലാളിയായി.

ധെഹ്റാനിൽ കിങ് അൽഫഹദ് യൂണിവേഴ്സിറ്റി കൗണ്ടറിൽ ഭക്ഷണ വിൽപന വിഭാഗത്തിൽ നിന്ന് കേറ്ററിങ് വിഭാഗത്തിലേക്കുള്ള മാറ്റമാണ് തനിക്കു ഹോട്ടൽ നടത്തിപ്പിന്റെ അടിസ്ഥാന പാഠം നൽകിയതെന്ന് പൂജാരി പറയുന്നു. ഭക്ഷണം ഉണ്ടാക്കാൻ പഠിച്ചാൽ ഒരിക്കലും വിശന്നു കഴിയേണ്ടി വരില്ലെന്ന ഉപദേശത്തോടെ അങ്കടിമുഗർ സ്വദേശി  മുഹമ്മദ് നൽകിയ പരിശീലനം വിവിധ ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കാൻ നാരായണ പൂജാരിയെ പ്രാപ്തനാക്കി. 1998ൽ നാട്ടിലേക്ക് മടങ്ങി വീണ്ടും മിൽമ പാൽ വിൽപന തുടങ്ങി. അതോടൊപ്പം 1999ൽ മിൽമ പോയിന്റ് ഹോട്ടൽ കൂടി തുടങ്ങി. ഹോട്ടൽ മാത്രമല്ല, കേറ്ററിങ് സംവിധാനവും ഉണ്ട്. 6 സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ 12 തൊഴിലാളികൾ ഉള്ള സ്ഥാപനം. ബിഎഡ് വിദ്യാർഥി കെ.വിനയശ്രീ,  ബിബിഎ ഏവിയേഷൻ ആൻ‍ഡ് ടൂറിസം വിദ്യാർഥി എൻ.കെ. കൗശിക്, പ്ലസ് വൺ വിദ്യാർഥി റിത്വിക് എന്നിവരാണ് മക്കൾ. കൗശിക്കും റിത്വിക്കും ദേശീയ കബഡി താരങ്ങളാണ്.

‘ഹോട്ടൽ നടത്തിപ്പുകാർ പാചകം അറിയുന്നവർ കൂടിയാവണം’
അടുക്കള അറിഞ്ഞില്ലെങ്കിൽ ഹോട്ടൽ ബിസിനസ് കടം കയറി കുത്തുപാളയെടുപ്പിക്കുമെന്ന് നാരായണ പൂജാരി പറയുന്നു. വിഭവങ്ങൾ ഉണ്ടാക്കാൻ എല്ലാ അറിവും ഉണ്ടായിരിക്കണം. അത് മാത്രമല്ല അതിന്റെ സൂക്ഷ്മ പരിപാലനവും അറിഞ്ഞിരിക്കണം. ഭക്ഷണം പാഴാക്കാൻ പാടില്ലെന്നു മാത്രമല്ല പാഴ് ഭക്ഷണം ഉണ്ടാകുന്നതിനുള്ള സാഹചര്യവും ഉണ്ടാക്കരുത്. സർക്കാർ പല ഇനങ്ങളിലായി ലൈസൻസിനും മറ്റും വർധിപ്പിച്ച ഫീസ് ഉൾപ്പെടെയുള്ള ബാധ്യതകളും ചെറുകിട ഹോട്ടലുകൾ മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങണമെന്ന നിർദേശങ്ങളും തരണം ചെയ്താണ് ഹോട്ടൽ വ്യവസായം മുന്നോട്ടു പോകുന്നത്. ബിസിനസ് മാനേജ്മെന്റ് ആണ് ഏതു വിലക്കയറ്റത്തിലും ഹോട്ടൽ വ്യവസായത്തെ പിടിച്ചു നിർത്തുന്നത്. ഹോട്ടൽ നടത്തിപ്പിലും വിഭവങ്ങൾ ഉണ്ടാക്കുന്നതിലും കേന്ദ്ര– സംസ്ഥാന സർക്കാർ സഹായത്തോടെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പരിശീലനം നൽകുന്നുണ്ട്. എസ്എസ്എൽസി കഴിഞ്ഞവർക്കാണ് പരിശീലനം. 181 രാജ്യങ്ങളിൽ വരെ ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കാനുള്ള സർട്ടിഫിക്കറ്റാണ് ഇതു വഴി നൽകുന്നതെന്ന് നാരായണ പൂജാരി പറഞ്ഞു.

Content Summary:

Narayana Pujari: From Milk Peddler to Hotel Magnate, the Untold Story of a Culinary Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com