ADVERTISEMENT

കൊണ്ടോട്ടി ∙ ‘‘സ്കൂൾ കലോത്സവം ഉള്ളതുകൊണ്ടു മാത്രം നർത്തകിയായ ആളാണു ഞാൻ. എന്നെ ഞാനാക്കിയതു കലോത്സവ വേദികളാണ്. ഓരോ വർഷത്തെ കലോത്സവത്തിനും ഒരു വർഷം മുഴുവനുമുള്ള ഒരുക്കമായിരുന്നു അന്നൊക്കെ. പൂരം പോലെയായിരുന്നു ഓരോ കലോത്സവ ദിനങ്ങളും. നന്ദിയോടെ മാത്രമേ കലോത്സവങ്ങളെ ഓർക്കാൻ കഴിയൂ. ഇന്നും സന്തോഷംകൊണ്ടു മനസ്സുനിറയുന്ന നിമിഷങ്ങളെല്ലാം കലോത്സവ വേദികളിൽനിന്നുള്ളവയാണ്’’– സ്കൂൾ കലോത്സവങ്ങളിൽ തിളങ്ങിയ നർത്തകി വി.പി.മൻസിയയുടെ വാക്കുകൾ.

കൊച്ചി ഇടപ്പള്ളിയിൽ നൃത്തോത്സവത്തിനുള്ള ഒരുക്കത്തിലായിരുന്നു ഇന്നലെ മൻസിയ. എങ്കിലും മനസ്സുനിറയെ മലപ്പുറം ജില്ലയിലെ കലോത്സവ ചിന്തകളാണെന്നു മൻസിയ പറഞ്ഞു. ഇത്തവണ കോട്ടയ്ക്കലിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിനു വള്ളുവമ്പ്രം മുസല്യാർ പീടിക സ്വദേശിനിയായ മൻസിയയും എത്തും. ഒറ്റയ്ക്കല്ല, കൂടെ ഒൻപതു കുട്ടികളുമുണ്ടാകും. മൻസിയ നൃത്തം പഠിപ്പിച്ച മത്സരാർഥികളാണവർ. വിവിധ ഉപജില്ലകളിൽനിന്ന് ഭരതനാട്യം, കുച്ചിപ്പുഡി, കേരളനടനം, നാടോടിനൃത്തം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് അവർ.

ഒന്നാം ക്ലാസിൽ നാടോടിനൃത്തം
∙നൃത്തമത്സരങ്ങളിൽ പങ്കെടുത്തിരുന്ന ജ്യേഷ്ഠത്തി വി.പി.റൂബിയ ആയിരുന്നു റോൾ മോഡൽ. വള്ളുവമ്പ്രം എഎംയുപി സ്കൂളിൽ ഒന്നാം ക്ലാസിൽ നാടോടിനൃത്തത്തിൽ മത്സരിച്ചാണു തുടക്കമെന്നു മൻസിയ പറഞ്ഞു. അധ്യാപകരുടെ പ്രോത്സാഹനം വലുതായിരുന്നു. മഞ്ചേരിയിലെ സരോജിനി ടീച്ചറായിരുന്നു ആദ്യഗുരു. റൂബിയയോടൊപ്പം മഞ്ചേരിയിൽ പോയി നൃത്തം പരിശീലിച്ചു. അഞ്ചാം ക്ലാസ് മുതൽ മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഭരതനാട്യം, കുച്ചിപ്പുഡി, കേരളനടനം, നാടോടിനൃത്തം എന്നീ മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടി. പിതാവ് അലവിക്കുട്ടിയുടെ വലിയ പിന്തുണയായിരുന്നു പ്രോത്സാഹനം.

ആദ്യം മോണോ ആക്ടിൽ
∙സംസ്ഥാനതലത്തിൽ ആദ്യമായി മത്സരിക്കുന്നത് മോണോ ആക്ടിലായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി ചെയ്ത മോണോ ആക്ടായിരുന്നു അത്. 8 മുതൽ പ്ലസ് ടു വരെയുള്ള 5 വർഷവും ഭരതനാട്യം, കുച്ചിപ്പുഡി, കേരളനടനം എന്നീ ഇനങ്ങളിൽ തുടർച്ചയായി സംസ്ഥാനതലത്തിലെത്തി. 2012ൽ പ്ലസ്ടു പഠനം കഴിഞ്ഞതോടെ സ്കൂൾ കലോത്സവ വേദി വിട്ടു. മഞ്ചേരി എസ്എസ്എസ് കോളജിൽ 2013, 14 വർഷങ്ങളിൽ സി–സോണ്‍ കലോത്സവത്തിൽ കലാതിലകം. ഇതേ വർഷങ്ങളിൽ കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ മത്സരത്തിലും കലാതിലകം. ഭരതനാട്യത്തിൽ എംഎ പഠനം കഴിഞ്ഞ് കലാമണ്ഡലത്തിൽ എംഫിൽ ചെയ്തു. ഇപ്പോൾ പിഎച്ച്ഡി ചെയ്യുന്ന മൻസിയ വള്ളുവമ്പ്രം മുസല്യാർ പീടികയിൽ നൃത്തവിദ്യാലയം നടത്തുന്നുണ്ട്. നേരിട്ടും ഓൺലൈൻ ആയും 200 പഠിതാക്കളുണ്ട്.

മത്സരിക്കേണ്ടത് നമ്മളോടാണ്
∙ ഒന്നും രണ്ടും സ്ഥാനങ്ങൾക്കു വേണ്ടിയല്ല മത്സരിക്കേണ്ടത്. ഓരോരുത്തരും അവരവരോടു മത്സരിക്കണം. ഓരോ തവണയും നന്നാക്കാൻ ശ്രമിക്കണം. പുതിയ തലങ്ങൾ കണ്ടെത്തണം. പലതവണ കലാതിലകവും കലാപ്രതിഭയും ആയവരിൽ പലരും എവിടെയും എത്താത്തവരുണ്ട്. എന്നാൽ, സമ്മാനങ്ങൾ കിട്ടാത്ത പലരും ഉന്നതനേട്ടങ്ങൾ കൈവരിക്കുന്നുണ്ട്. സ്വയം മെച്ചപ്പെടുത്താനാകാണം മത്സരം. അപ്പോൾ ഓരോരുത്തർക്കും വിജയിക്കാനാകും. തനിക്ക് ഒന്നാം സ്ഥാനം കിട്ടണമെന്നു പറഞ്ഞു വീട്ടുകാരോ പരിശീലകരോ എന്നിൽ സമ്മർദം ചെലുത്തിയിരുന്നില്ല. നൃത്തത്തിനോടുള്ള ഇഷ്ടം തുടരാനുള്ള ഒരിടമായിരുന്നു കലോത്സവം. നമ്മളിലെ കഴിവുകളെ വളർത്താൻ സ്കൂൾ കലോത്സവം വലിയ വേദിയാണ്.

Content Summary:

Dancing to Greatness: VP Mansia’s Inspiring Journey from School Festivals to Dance Maestro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com