കഠിനാധ്വാനംകൊണ്ട് കൊറോണക്കാലത്തെ തോൽപ്പിച്ച് ‘ആശാൻ’ സർക്കാർ ജോലി നേടി; റാങ്ക് പട്ടികയിൽ ഇടം പിടിച്ച് ഭാര്യയും...
Mail This Article
കായംകുളം : ദിവസവേതന അധ്യാപക ഒഴിവിൽ ചെയ്തിരുന്ന ജോലി നഷ്ടമായതിന്റെ പിന്നാലെയാണ് കൊറോണകാലവും വന്നു കൂടിയത് . മറ്റൊരു ജോലിയും ചെയ്യാൻ കൊറോണക്കാലം അനുവദിക്കാത്ത സാഹചര്യത്തിലാണ് പൂർണമായും എൽ പി സ്‌കൂൾ ടീച്ചർ പരീക്ഷയ്ക്കുള്ള തയാറെടുപ്പിലേക്കു ബിപിൻ വികെ തന്റെ സമയത്തെ മാറ്റിവെച്ചത്. പഠന സഹായത്തിനു മനോരമ തൊഴിൽ വീഥി ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗപ്പെടുത്തി. ഒടുവിൽ തൃശ്ശൂർ ജില്ലാ എൽ പി സ്‌കൂൾ റാങ്ക് പട്ടികയിൽ ഇടം നേടി . ഇപ്പോൾ കൊടുങ്ങല്ലുർ മേത്തല ഗവണ്മെന്റ് യു പി സ്‌കൂളിൽ എൽ പി വിഭാഗം അധ്യാപകനായി നിയമനം.
എജ്യുക്കേഷനിൽ ഡിപ്ലോമയും കെ–ടെറ്റ് പരീക്ഷയും പാസായി വിവിധ സ്‌കൂളുകളിൽ താത്കാലിക അധ്യാപകനായി ജോലി ചെയ്താണ് ജീവിതത്തിലെ വലിയൊരു കാലം ചിലവഴിച്ചത്. അപ്പോഴും സ്ഥിരവരുമാനമുള്ള ഒരു ജോലി എന്ന ലക്ഷ്യം സ്വപ്നം പോലെ കൊണ്ടു നടന്നു. അതിലേക്കുള്ള യാത്ര ആയിരുന്നു കൊറോണക്കാലം എന്ന് ബിപിൻ പറയുന്നു. മനോരമയുടെ തൊഴിൽ വീഥിയിലെ പരീക്ഷാ പരിശീലനങ്ങൾ തയാറെടുപ്പിനെ കൂടുതൽ ദൃഢമാക്കി. ഒടുവിൽ കഠിനാധ്വാനത്തിനു മുന്നിൽ തടസങ്ങൾ ഒന്നൊന്നായി വഴി മാറിയപ്പോൾ കൈ വന്നത് സ്വപ്നം കണ്ട ജോലിയും.
കൂട്ടുകാർക്കും ബന്ധുക്കൾക്കും വേണ്ടി എപ്പോഴും ഏതു സമയത്തും എന്താവശ്യത്തിനും ഓടിയെത്തുന്ന ബിപിൻ ‘‘ആശാൻ’’ എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്. ഇപ്പോൾ കൂട്ടുകാർക്കും ബന്ധുക്കൾക്കും മാത്രമല്ല, സർക്കാർ സ്‌കൂളിലെ സാധാരണക്കാരായ കുട്ടികളുടെ കൂടെ പ്രിയപ്പെട്ട ‘‘ആശാൻ’’ ആയിരിക്കുകയാണ് ബിപിൻ. ഈ വിജയത്തിന് ഇരട്ടി മധുരമേകിയിരിക്കുകയാണ് ഭാര്യ യമുനയുടെ നേട്ടവും. ഇതേ റാങ്ക് പട്ടികയിൽ തന്നെ ഇടം പിടിച്ച യമുനയും താമസിയാതെ തന്നെ നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.