രാജ്യാന്തര ഗ്ലോബൽ യങ് അക്കാദമിയിൽ യങ് സയന്റിസ്റ്റായി രണ്ടു മലയാളി വനിതകൾ
Mail This Article
പ്രശസ്തമായ ഗ്ലോബൽ യങ് അക്കാദമിയിൽ ഏർലി കരിയർ യങ് സയന്റിസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ടു മലയാളി വനിതകൾ. ഇവർ ഉൾപ്പെടെ 5 ഇന്ത്യക്കാരടക്കം, 30 രാജ്യങ്ങളിൽ നിന്നായി 45 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഗ്ലോബൽ യങ് അക്കാദമി വാഷിങ്ടനിൽ നടത്തുന്ന കോൺഫറൻസിലാകും അംഗത്വം നൽകുക. ന്യൂഡൽഹി ഐസിഎആറിൽ സീനിയർ സയന്റിസ്റ്റായ ഡോ.വേദ കൃഷ്ണൻ, കേരള കാർഷിക സർവകലാശാലയിൽ അഗ്രിക്കൾചറൽ ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. അനു സൂസൻ സാം എന്നിവരാണ് അംഗത്വം നേടിയവർ.
തൃശൂർ തൃക്കൂർ പുനർജനിയിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ കൃഷ്ണന്റെയും അധ്യാപിക ഭവാനി മേനോന്റെയും മകളാണ് വേദ. ക്ലാസ് ഓഫ് വൺ മാർക്കറ്റിങ് മേധാവി സഞ്ജീവ് രഘുവാണ് ഭർത്താവ്. മകൻ മൂന്നാംക്ലാസ് വിദ്യാർഥിയായ സാർഥക് നായർ. മുൻപ് ഫുഡ് മെട്രിക്‌സ് ലാബിലെ ടീം ലീഡറായിരുന്നു. 2011ൽ അഗ്രിക്കൾച്ചറൽ റിസർച് സർവീസിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയാണ് വേദ ചേർന്നത്. 75 പ്രസിദ്ധീകരണങ്ങൾ, ഒരു പേറ്റന്റ്, രണ്ട് വ്യാവസായിക ഉൽപന്നങ്ങൾ എന്നിവ വേദയുടെ പേരിലുണ്ട്. നിലവിൽ ഇന്ത്യൻ നാഷനൽ യങ് അക്കാദമി ഓഫ് സയൻസിന്റെ സെക്രട്ടറിയുമാണ്.
ഹയർസെക്കൻഡറി വിദ്യാഭ്യാസം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിൽ പൂർത്തീകരിച്ച വേദ തിരുവനന്തപുരം മാർ ഇവാനിയോസിൽനിന്ന് ബിഎസ്‌സി നേടി. കുസാറ്റിൽനിന്ന് ഒന്നാം റാങ്കോടെ ബയോടെക്‌നോളജിയിൽ എംഎസ്‌സി നേടി. 2007-2008 കാലയളവിൽ സിംഗപ്പൂർ നാങ്യാങ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ എക്‌സ്‌ചേഞ്ച് സ്റ്റുഡന്റുമായിരുന്നു. ഭാരതിദാസൻ സർവകലാശാലയിൽനിന്ന് ബയോടെക്‌നോളജിയിൽ പിഎച്ച്ഡി നേടിയ ശേഷം 2021ൽ ഫുൾബ്രൈറ്റ് – നെഹ്‌റു പോസ്റ്റ്‌ഡോക്ടറൽ ഫെലോഷിപ് ലഭിച്ചു. പർഡ്യൂ സർവകലാശാലയിലെ വിസ്‌ലർ സെന്റർ ഫോർ കാർബൊഹൈഡ്രേറ്റ് റിസർചിലായിരുന്നു ഗവേഷണം.
നിലവിൽ കുമരകത്തെ അഗ്രിക്കൾച്ചറൽ റിസർച് സ്റ്റേഷനിലാണ് ഡോ.അനുവിന്റെ പോസ്റ്റിങ്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ കാർഷിക കോളജിൽ നിന്നാണ് അനു ബിഎസ്‌സി അഗ്രിക്കൾചർ ബിരുദം നേടിയത്. ന്യൂഡൽഹി ഇന്ത്യൻ അഗ്രിക്കൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഗ്രിക്കൾചറിൽ മാസ്‌റ്റേഴ്‌സ്, എംജി സർവകലാശാലയിൽനിന്നു ബിസിനസ് സ്റ്റഡീസിൽ എംഫിൽ എന്നിവ പിന്നീട് നേടി. ബെൽജിയത്തിലെ ജെന്റ് സർവകലാശാലയിൽ നിന്നും ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പോടെ ഇന്റർനാഷനൽ മാസ്‌റ്റേഴ്‌സ് ഇൻ റൂറൽ ഡവലപ്‌മെന്റ്, ജർമനിയിലെ ഹംബോൾട്ട് സർവകലാശാലയിൽ നിന്നു ഡാഡ് സ്‌കോളർഷിപോടെ പിഎച്ച്ഡി എന്നിവ നേടി.
ജർമനിയിലെ ലെബനിറ്റ്‌സ് സെന്റർ ഫോർ അഗ്രിക്കൾചർ റിസർച്ചിൽ റിസർച് സ്‌കോളർ, ജർമൻ കോർപറേഷൻ ഫോർ ഇന്റർനാഷനൽ റിസർചിൽ റിട്ടേണിങ് എക്‌സ്പർട്ട് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മൂവാറ്റുപുഴ മുളവൂർ വണ്ണിരിക്കല്ലുങ്കൽ ഹൗസിൽ വി.കെ.സാമുവൽ- റെയ്ച്ചൽ സാമുവൽ ദമ്പതികളുടെ മകളാണ്. ഭർത്താവ് ഗിരീഷ് നായർ, മാനെ കാൻകോർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇന്ത്യ-മിഡിൽ ഈസ്റ്റ് സെയിൽസ് ഹെഡാണ്.
ലോകത്തെ 6 ഭൂഖണ്ഡങ്ങളിൽ നിന്നുള്ള യുവശാസ്ത്രജ്ഞരെ തമ്മിൽ ബന്ധിപ്പിക്കുക എന്നതാണ് ഗ്ലോബൽ യങ് അക്കാദമിയുടെ ദൗത്യം. ദേശീയ, രാജ്യാന്തര തലങ്ങളിൽ നയരൂപീകരണത്തിൽ അവരെ പങ്കാളിയാക്കുക എന്ന ദൗത്യവുമുണ്ട്. 2010ലാണ് ഇതു സ്ഥാപിച്ചത്. ലോകമെമ്പാടുമായി 200 ശാസ്ത്രജ്ഞർ ഈ അക്കാദമിയിലുണ്ട്.30നും 40നും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. പിഎച്ച്ഡി നേടിക്കഴിഞ്ഞ് മൂന്നു മുതൽ 10 വരെ വർഷം പിന്നിട്ടവരാകും ഇവർ. ശാസ്ത്രീയമായ ആഭിമുഖ്യം, സമൂഹത്തെ സേവിക്കാനുള്ള സന്നദ്ധത തുടങ്ങിയവ പരിഗണിച്ചാണ് അംഗത്വം നൽകുക.