ദിവസവും 7 മണിക്കൂർ സ്വയം പഠനം, സിവിൽ സർവീസ് ആദ്യ ശ്രമത്തിൽ അനിമേഷിനു രണ്ടാം റാങ്ക്
Mail This Article
ഏതാനും ദിവസം മുൻപു സിവിൽ സർവീസ് ഫലമെത്തിയപ്പോൾ ഒഡീഷ സ്വദേശിയായ അനിമേഷ് പ്രധാൻ അവിശ്വസീനമായ നേട്ടമാണു സ്വന്തമാക്കിയത്; ആദ്യ ശ്രമത്തിൽ തന്നെ രണ്ടാം റാങ്ക്. അതും പരിശീലന സ്ഥാപനങ്ങളെയൊന്നും ആശ്രയിക്കാതെ. പക്ഷേ, ആ നേട്ടം ആഘോഷിക്കാൻ അനിമേഷിന്റെ മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നില്ല. അനിമേഷിന്റെ അമ്മ മാർച്ചിലാണു കാൻസർ ബാധിതയായി മരിച്ചത്. 11–ാം ക്ലാസിൽ പഠിക്കുന്ന സമയത്തു പിതാവും മരിച്ച അനിമേഷ് തന്റെ വിജയം സമർപ്പിക്കുന്നതു തന്റെ വിജയം ഏറെ സ്വപ്നം കണ്ട അമ്മ അരുണയ്ക്കാണ്. ഇ–ലേണിങ് രംഗത്തുള്ള അൺഅക്കാദമിയുടെ നേതൃത്വത്തിൽ സിവിൽ സർവീസ് ജേതാകളെ ആദരിക്കാൻ ഒരുക്കിയ മൻസിൽ എന്ന പരിപാടിയിലാണു അനിമേഷ് തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.
ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നു ഏകദേശം 160 കിലോമീറ്റർ അകലെയുള്ള അങ്കുൽ ജില്ലക്കാരനായ അനിമേഷ് റൂർക്കില എൻഐടിയിൽ നിന്നു കംപ്യൂട്ടർ സയൻസിലാണു ബിടെക് ബിരുദം നേടിയത്. ജെഇഇ മെയിൻ പരീക്ഷയെഴുതി വിജയം നേടിയതും സ്വയം പഠിച്ചാണെന്ന് അനിമേഷ് പറയുന്നു. ഐഐടി പ്രവേശനത്തിനുള്ള പരിശീലന കേന്ദ്രം പ്രദേശത്ത് ഇല്ലാതിരുന്നതിനാൽ അതിനുള്ള ശ്രമം നടത്തിയില്ലെന്നും ഈ 24കാരന്റെ വാക്കുകൾ. ‘സ്കൂൾ തലം മുതൽ അച്ചടക്കമുള്ള പഠനം നടത്താൻ മാതാപിതാക്കൾ ശീലിപ്പിച്ചിരുന്നു. അതാണു തുണയായത്. ദിവസവും 6–7 മണിക്കൂർ സ്വയം പഠനത്തിനു വേണ്ടി മാറ്റിവച്ചു. ജെഇഇ മെയിൻ എഴുതാനുള്ള തയാറെടുപ്പും സ്വയം നടത്തുകയായിരുന്നു’ അനിമേഷ് വിശദീകരിച്ചു.
കോളജ് അധ്യാപകനായിരുന്ന പിതാവ് പ്രഭാകര പ്രധാന്റെ മരണ ശേഷം അമ്മയായിരുന്നു തുണ. പഠന ശേഷം ഇന്ത്യൻ ഓയിൽ കോർപറേഷനിൽ സിസ്റ്റം ഓഫിസറായി ജോലി ലഭിച്ചു ഡൽഹിയിലെത്തിയ ശേഷമാണു സിവിൽ സർവീസ് തയാറെടുപ്പ് ആരംഭിച്ചത്. ‘ഡൽഹിയിലായിരുന്നതിനാൽ പല കോച്ചിങ് കേന്ദ്രങ്ങളിലും ആദ്യമെത്തിയിരുന്നു. എന്നാൽ എനിക്കു പറ്റിയ പഠനസാഹചര്യമായിരന്നില്ല ഒരിടത്തും. നല്ല തിരക്ക്. അത്തരമൊരു പശ്ചാത്തലം എനിക്കു പറ്റില്ല. അതാണു പഠനം തനിച്ചാക്കിയത്’ രാവിലെ 6 മുതൽ 9 വരെ പഠനം. പിന്നീട് ഓഫിസിലേക്ക്. തിരികെയെത്തിയ ശേഷം വീണ്ടും പഠനം ഇങ്ങനെയായിരുന്നു തയാറെടുപ്പ്.
2022മുതൽ ചിട്ടയായ പഠനത്തിനു ശേഷമാണു കഴിഞ്ഞ വർഷം ആദ്യം പ്രിലിമിനറി പരീക്ഷ എഴുതിയത്. പിന്നീട് സോഷ്യോളജി ഓപ്ഷനൽ വിഷയമായി മെയിൻ പരീക്ഷയെഴുതി.‘കംപ്യൂട്ടർ സയൻസ് സിവിൽ സർവീസിൽ ഓപ്ഷനൽ വിഷയമായി എടുക്കാൻ സാധിക്കില്ല. ബിരുദഘട്ടത്തിൽ ഹ്യുമാനിറ്റിക്സ് കുറച്ചു പഠിച്ചിട്ടുണ്ട്. അതിന്റെ കരുത്തിലാണു സോഷ്യോളജി ഓപ്ഷനൽ വിഷയമായി എടുത്തത്’ ഒഡീഷ കേഡറിൽ ഐഎഎസ് എടുക്കാനാണു തീരുമാനം. പ്രാദേശികമായ തന്റെ അനുഭവങ്ങൾ സംസ്ഥാനത്തു പല വികസന പ്രവർത്തനങ്ങളും നടത്താൻ സഹായിക്കുമെന്നു അനിമേഷ് പറയുന്നു. തന്റെ അനുഭവങ്ങളും ആശയങ്ങളും ‘ടെയ്ൽസ് ഓഫ് ദാഹിബറ’ എന്ന ബ്ലോഗിൽ കുറിച്ചിടാറുണ്ട് അനിമേഷ്. ഒഡീഷയിലെ രുചിവിഭവമായ ദാഹിബറ പോലെ വൈവിധ്യം നിറഞ്ഞ കഥകൾ കൂടുതലായി എഴുതാനുള്ള തയാറെടുപ്പിലാണ് അനിമേഷ്.