ADVERTISEMENT

മൽസരപരീക്ഷകളുടെ പ്രളയമാണ് ഉന്നതവിദ്യാഭ്യാസരംഗം. പരമ്പരാഗത മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിൽ തുടങ്ങി വന്നിട്ട് അധികം നാളുകളാകാത്ത പുതുതലമുറ കോഴ്സുകളിൽ വരെ എൻട്രൻസ് എന്ന കടമ്പ കടന്നെങ്കിലേ പഠനം സാധ്യമാകൂ. ജോലിക്കുള്ള തിരഞ്ഞെടുപ്പിനെക്കാൾ കടുകട്ടി മൽസരം അതിജീവിക്കേണ്ടിവരും ഇഷ്ടപഠനവഴിയിൽ യാത്ര തുടങ്ങാൻ. ഉപരിപഠനവുമായി ബന്ധപ്പെട്ട പുതുപുത്തൻ വിശേഷങ്ങളും വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകളുമായി പ്രശസ്ത കരിയർ വിദഗ്ധൻ ബി.എസ്. വാരിയർ.

ഇതു മത്സരയുഗം. യുവജനങ്ങൾ നേരിടുന്ന മുഖ്യമായ രണ്ടു മത്സരരംഗങ്ങൾ വിദ്യാലയപ്രവേശനത്തിന്റെയും ഉദ്യോഗനിയമനത്തിന്റേതുമാണ്. അവസരങ്ങളെക്കാൾ വളരെക്കൂടുതൽ അപേക്ഷകർ ഉള്ളപ്പോൾ സിലക്ഷൻ പലപ്പോഴും സങ്കീർണമാകുന്നു. തിരഞ്ഞെടുക്കപ്പെടുന്നവരുടെ കൃത്യങ്ങളനുസരിച്ച് പരിഗണിക്കേണ്ട സാമർഥ്യങ്ങളും ശേഷികളും ഏതെല്ലാമെന്ന് തീരുമാനിച്ച്, അവയെ കാര്യക്ഷമമായി വിലയിരുത്താനുള്ള വഴികൾ നിർണയിച്ചു നടപ്പാക്കുന്നു. പരിശോധിക്കുന്ന ശേഷികളേതെല്ലാമെന്നു തിരിച്ചറിഞ്ഞ്, അതിനു ചേർന്ന തരത്തിൽ പരിശീലിച്ചു പോയെങ്കിലേ നമുക്കു വിജയിക്കാൻ കഴിയൂ. 

‘എൻട്രൻസ്’ എന്നു കേൾക്കുമ്പോൾ, കേരളത്തിലെ മെഡിക്കൽ / എൻജിനീയറിങ് പ്രവേശനത്തിനുള്ള ടെസ്റ്റുകൾ മാത്രമാവും മിക്കവരുടെയും മനസിലെത്തുക. എന്നാൽ അവയ്ക്കു പുറമേയുമുണ്ട് എൻട്രൻസ് പരീക്ഷകൾ. കേരളത്തിലെ കുട്ടികൾക്കു മത്സരിക്കാവുന്ന ചില പ്രവേശനപ്പരീക്ഷകൾ കാണാം: 

∙ കേരളത്തിലെ എൻജിനീയറിങ് / ഫാർമസി എൻട്രൻസ്
കേരളമടക്കം ദേശീയതലത്തിൽ എംബിബിഎസ് ബിഡിഎസ് പ്രവേശനത്തിനുള്ള നീറ്റ്–യുജി (NEET-UG – നാഷനൽ എലിജിബിലിറ്റി–കം–എൻട്രൻസ് ടെസ്റ്റ് : അണ്ടർ ഗ്രാജുവേറ്റ്). ഈ ടെസ്റ്റിലെ റാങ്ക് മറ്റു പല കോഴ്സുകളിലെയും പ്രവേശനത്തിനും പരിഗണിച്ചുവരുന്നു. ഉദാഹരണത്തിന്, എഐഐഎംഎസ്, ജിപ്മെർ ഒഴികെ ഇന്ത്യയിലെ എല്ലാ കോളജുകളൂം സർവകലാശാലകളും, 15% ഓൾ ഇന്ത്യാ ക്വോട്ട, സംസ്ഥാന സർക്കാർ ക്വോട്ട, കേന്ദ്രീയ സ്ഥാപനങ്ങൾ, കല്പിതസർവകലാശാലകൾ, എൻആർഐ / മാനേജ്മെന്റ് കേന്ദ്രീയ പൂൾ / ന്യൂനപക്ഷ ക്വോട്ട, പൂണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ്, കേന്ദ്ര തൊഴിൽ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ‘എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ’ (ഇഎസ്ഐ) കോളജുകൾ എന്നിവയിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകൾ. 15% വെറ്ററിനറി അഖിലേന്ത്യാ ക്വോട്ട സീറ്റുകൾ. ആയുഷ് (ആയുർവേദ, യോഗ, നാച്യുറോപ്പതി, യൂനാനി, സിദ്ധ) ബിരുദകോഴ്സുകൾ. കൂടാതെ, വിദേശത്തെ എംബിബിഎസ് പ്രവേശനത്തിനുള്ള ‘എലിജിബിലിറ്റി സർട്ടിഫിക്കറ്റ്’ ആയി നീറ്റ്–യൂജി യോഗ്യത പരിഗണിക്കും. 

∙ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (AIIMS) ഒൻപതു കേന്ദ്രങ്ങളിലെയും എംബിബിഎസ് 

∙ പുതുച്ചേരി / കാരയ്ക്കൽ ജിപ്മെറിലെയും എംബിബിഎസ് 

∙ ജെഇഇ മെയിൻ : കോഴിക്കോടുള്ളതുൾപ്പെടെ 31 നാഷനൽ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് ടെക്നോളജി (എൻഐടി), 23 ഐഐഐടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി), മറ്റ് 23 സെൻട്രലി ഫൺഡഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ്, ഏതാനും കല്പിതസർവകലാശാലകൾ, പല സംസ്ഥാനങ്ങളിലെയും എൻജിനീയറിങ് കോളജുകൾ എന്നിവയടക്കമുള്ള സ്ഥാപനങ്ങളിൽ ബിടെക്, ബിഇ, ബിആർക്ക്, ബി പ്ലാനിങ് പ്രവേശനം 

∙ ജെഇഇ അഡ്വാൻസ്ഡ് : 23 ഐഐടികളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ജെഇഇ മെയിനിൽ മികവു പുലർത്തി, തുടർന്ന് ജെഇഇ അഡ്വാൻസ്ഡിലും നല്ല സ്കോർ നേടണം 

∙ ബിറ്റ്സാറ്റ് : ബിറ്റ്സിന്റെ പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിലെ എൻജിനീയറിങ് പ്രോഗ്രാമുകൾ 

∙ കേരളത്തിലെ മൂന്നു വർഷ എൽഎൽബി, അഞ്ചു വർഷ എൽഎൽബി, എൽഎൽഎം 

∙ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്) 

∙ ആർക്കിടെക്ചർ ബിരുദപ്രവേശനത്തിനുള്ള ദേശീയ അഭിരുചിപരീക്ഷ (NATA : National Aptitude Test in Architecture)

∙ ത്രിവത്സര ‘ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിഎസ്‌സി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി ദേശീയതലത്തിൽ നടത്തുന്ന പൊതുപരീക്ഷ 

∙മദ്രാസ് ഐഐടിയിലെ വിശേഷ എംഎ പ്രോഗ്രാമുകളിൽ പ്ലസ്ടു ജയിച്ചവർക്കു പ്രവേശനമുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ കോഴ്സിലേക്കുള്ള HSEE (Humanities and Social Sciences Entrance Examination). 

∙ എംഡി, എംഎസ്, പിജി ഡിപ്ലോമ പ്രവേശനത്തിനു ദേശീയതലത്തിലുള്ള ‘നീറ്റ്–പിജി’ 

∙ ഡെന്റൽ പിജി പ്രവേശനത്തിനു ദേശീയതലത്തിലുള്ള ‘നീറ്റ്–എംഡിഎസ്’ 

∙ ഡിഎം, എംസിഎച്ച് പ്രവേശനത്തിനു ദേശീയതലത്തിലുള്ള ‘നീറ്റ്–സൂപ്പർ സ്പെഷ്യാൽറ്റി’ 

∙ CLAT: Common Law Admission Test – 19 നിയമസർവകലാശാലകളിലെ അണ്ടർ ഗ്രാജുവേറ്റ് പ്രവേശനത്തിനു ദേശീയതലത്തിൽ നടത്തുന്ന പൊതുപ്രവേശനപരീക്ഷ 

∙ CLAT-PG: നിയമത്തിലെ പോസ്റ്റ്–ഗ്രാജുവേറ്റ് കോഴ്സിലെ പ്രവേശനത്തിനുള്ള ദേശീയതല പൊതുപരീക്ഷ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com