sections
MORE

ജെഇഇ അഡ്വാൻസ്‌ഡ് മേയ് 27ന്

preparation
SHARE

പാലക്കാട്ടേതടക്കം 23 ഐഐടികളിലേക്കുള്ള പൊതു പ്രവേശനപരീക്ഷ ജെഇഇ അഡ്വാൻസ്ഡ് മേയ് 27നു നടക്കും. ഏപ്രിൽ 30നു ജെഇഇ മെയിൻ ഫലം വന്ന ശേഷം മേയ് 3 മുതൽ 9 വരെയാണു റജിസ്‌ട്രേഷൻ. വെബ്സൈറ്റ്: https://jeeadv.ac.in

പ്രവേശനം ലഭിക്കാവുന്ന പ്രോഗ്രാമുകൾ:

∙ ബിടെക് / ബിഎസ്: 4 വർഷം

∙ ബിആർക്: 5 വർഷം

∙ ഡ്യുവൽ ബിടെക്–എംെടക് / ഡ്യുവൽ ബിഎസ്–എംഎസ്: 5 വർഷം

∙ ഇന്റഗ്രേറ്റഡ് എംടെക് / എംഎസ്‌സി: 5 വർഷം

മേയ് 27ന് 9 മുതൽ 12 വരെയും, 2 മുതൽ 5 വരെയുമായി രണ്ടു കംപ്യൂട്ടർ അധിഷ്ഠിത പേപ്പറുകൾ. രണ്ടും നിർബന്ധമായി എഴുതണം. രണ്ടിലും മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി ഭാഗങ്ങൾ. ആശയഗ്രഹണം, യുക്‌തിചിന്ത, വിശകലനശേഷി എന്നിവ പരിശോധിക്കുന്ന തരത്തിൽ മൾട്ടിപ്പിൾ ചോയ്സ് / ന്യൂമെറിക്കൽ ആൻസർ രീതിയിലുള്ള ഒബ്ജെക്ടീവ് ചോദ്യങ്ങൾ. മിച്ചമുള്ള സമയം കാട്ടുന്ന കംപ്യൂട്ടർ–ക്ലോക്ക് സ്ക്രീനിലുണ്ടായിരിക്കും. തെറ്റിനു മാർക്ക് കുറയ്ക്കും. സിലബസുൾപ്പെടെ വിശദാംശങ്ങൾ പ്രോസ്പെക്ടസിലുണ്ട്. പരിശീലനത്തിനുള്ള മോക് ടെസ്റ്റ് സൈറ്റിൽ.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

പാലിക്കാൻ 5 വ്യവസ്ഥകൾ

വ്യവസ്ഥകളെല്ലാം പാലിക്കുന്നവർക്കേ പരീക്ഷ എഴുതാൻ കഴിയൂ.

1) ഈ വർഷത്തെ ജെഇഇ മെയിനിൽ ഏറ്റവും മുകളിലെ 2.45 ലക്ഷം പേരിൽപ്പെടുക. (ജനറൽ, ജനറൽ–സാമ്പത്തിക പിന്നാക്ക, പിന്നാക്ക, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് യഥാക്രമം 46.5 / 4 / 27 / 15 / 7.5 % വീതം സംവരണം. ഇവയിലോരോന്നിലും 5 % ഭിന്നശേഷി വിഭാഗത്തിന്).

2) ജനനം 1994 ഒക്ടോബർ ഒന്നിനു ശേഷമാകണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5 വർഷം ഇളവ്.

3) ഈ വർഷമോ കഴിഞ്ഞ വർഷമോ പ്ലസ്ടു പരീക്ഷയെഴുതിയവർ. 2017ലെ പ്ലസ്ടു ഫലം ആ വർഷം ജൂണിനു ശേഷമാണു പ്രസിദ്ധപ്പെടുത്തിയതെങ്കിൽ, ആ വിദ്യാർഥികളെയും പരിഗണിക്കും. 12ലെ പരീക്ഷയിൽ 75 % എങ്കിലും മൊത്തം മാർക്ക് നേടുകയോ, ബന്ധപ്പെട്ട ബോർഡിലെ വിജയികളിൽ ഏറ്റവും മുകളിലെ 20 പെർസെന്റൈലിൽപ്പെടുകയോ വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു വേണ്ടത് 65 % മാർക്ക്. മൊത്തം മാർക്ക് കണക്കാക്കുന്നതിന് മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ഒരു ഭാഷ, മറ്റേതെങ്കിലും ഒരു വിഷയം എന്നിങ്ങനെ ആകെ അഞ്ചു വിഷയങ്ങളാണു നോക്കുന്നത്. പ്ലസ്ടുവിനു പകരം ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും പരിഗണിക്കും.

4) പിഐഒ, ഒസിഐ വിഭാഗക്കാർക്കും അർഹത.

5) മുൻപ് ഐഐടി പ്രവേശനം ലഭിച്ചയാളാകരുത്.

അപേക്ഷാഫീ: 2600 രൂപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും എല്ലാ വിഭാഗത്തിലുംപെട്ട പെൺകുട്ടികൾക്കും 1300 രൂപ. ജിഎസ്ടി പുറമേ. വിദേശത്തു പരീക്ഷയെഴുതുന്നവർ അടയ്ക്കേണ്ട ഫീസ് വിവരം സൈറ്റിലുണ്ട്.

അഡ്മിറ്റ് കാർഡ്: മേയ് 20 മുതൽ. പരീക്ഷാഫലം: ജൂൺ 14.

സീറ്റ് വിതരണം
നിർദിഷ്ട തോതിൽ മിനിമം മാർക്കുള്ളവരെ മാത്രമേ റാങ്ക് ലിസ്റ്റിൽ ചേർക്കൂ. ഉദാഹരണത്തിന് ജനറൽ റാങ്ക് ലിസ്റ്റിൽപ്പെടാൻ ഓരോ വിഷയത്തിനും 10 %, മൊത്തം 35 % ക്രമത്തിലെങ്കിലും മാർക്ക് വേണം. ഐഐടികൾ, എൻഐടികൾ, കേന്ദ്രസർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന മറ്റു സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലെ സീറ്റ് വിതരണം ഒരുമിച്ച് ‘ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി’ (JoSAA) നടത്തും. ഇതിനുള്ള വിജ്ഞാപനം പിന്നാലെ വരും.

ജൂൺ 17ന് ആർക്കിടെക്ചർ അഭിരുചിപരീക്ഷ
ഖരഗ്പുർ, റൂർക്കല ഐഐടികളിൽ ബിആർക് പ്രോഗ്രാമുണ്ട്. ജെഇഇ അഡ്വാൻസ്ഡിൽ യോഗ്യത നേടിയവർക്കു താൽപര്യമുണ്ടെങ്കിൽ ജൂൺ 17ലെ ആർക്കിടെക്ചർ അഭിരുചിപരീക്ഷയെഴുതാം. 

ഇതിനുള്ള റജിസ്ട്രേഷൻ ജൂൺ 14, 15 തീയതികളിൽ. മൂന്നു മണിക്കൂർ പരീക്ഷ ഹൈദരാബാദ് അടക്കം ഏഴു സോണൽ കോ–ഓർഡിനേറ്റിങ് ഐഐടികളിൽ മാത്രം. ഫലം ജൂൺ 21ന്. ടെസ്റ്റിൽ മിനിമം യോഗ്യത മതി. റാങ്കിങ് ജെഇഇ അഡ്വാൻസ്ഡിലെ സ്കോർ നോക്കിയാണ്. കൂടുതൽ വിവരങ്ങൾ സൈറ്റിലെ ബ്രോഷറിലുണ്ട്. കേരള എൻട്രൻസിലെയോ ജെഇഇ മെയിനിലെയോ ചോദ്യരീതികളിൽ നിന്നു തീർത്തും വ്യത്യസ്തമായതിനാൽ ഈ ടെസ്റ്റിനു പ്രത്യേകം തയാറെടുക്കണം.

ഐഐഎസ്‌സി, ഐസർ പ്രവേശനവും
ഈ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ജെഇഇ അഡ്വാൻസ്ഡ് സ്കോർ ഉപയോഗിക്കാറുണ്ട്:  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് – ബെംഗളൂരു, തിരുവനന്തപുരത്തേതടക്കം 7 ഐസറുകൾ, ഐഐഎസ്ടി തിരുവനന്തപുരം, റായ്ബറേലിയിലെയും വിശാഖപട്ടണത്തെയും പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടുകൾ. ഇവയിലെ കാര്യങ്ങൾക്ക് അതതു സൈറ്റുകൾ നോക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA