ADVERTISEMENT
  • മാത്തമാറ്റിക്കൽ ഒളിംപ്യാഡ് പ്രീ റീജനൽ പരീക്ഷയ്ക്ക് അപേക്ഷ ജൂലൈ ഏഴിനകം

ഗണിതശാസ്‌ത്രവൈഭവമുള്ള കുട്ടികളെ കണ്ടെത്തി രാജ്യാന്തര ഒളിംപ്യാഡിൽ എത്തിക്കുക, അവർക്കു മാത്‌സിൽ ആകർഷക കരിയർ രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വർഷം തോറും ഏർപ്പെടുത്തുന്ന ബൗദ്ധികമത്സരമാണു മാത്തമാറ്റിക്കൽ ഒളിംപ്യാഡ്. 

കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എൻബിഎച്ച്എം (നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്‌സ്) ആണിതു സംഘടിപ്പിക്കുന്നത്. മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷനാണു നടത്തിപ്പു ചുമതല.

മേഖല തിരിച്ചുള്ള ആദ്യഘട്ടപരീക്ഷ (പിആർഎംഒ – പ്രീ–റീജനൽ മാത്തമാറ്റിക്കൽ ഒളിംപ്യാഡ്) കേരളത്തിലും ഓഗസ്റ്റ് 11നു പത്തു മണിക്കു നടക്കും. 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് അവസരം. 

സ്‌കൂൾ പ്രിൻസിപ്പൽ വഴി ജൂൺ ഒന്നു മുതൽ ജൂലൈ 7 വരെ അപേക്ഷിക്കാം. ഫീസ് 230 രൂപ. സ്കൂൾ വഴി റജിസ്റ്റർ ചെയ്യുന്ന കേന്ദ്രീയ വിദ്യാലയ / ജവാഹർ നവോദയ വിദ്യാലയ വിദ്യാർഥികൾ യഥാക്രം 125 / 100 രൂപയടച്ചാൽ മതി. 2000 ഓഗസ്റ്റ് ഒന്നിനു മുൻപു ജനിച്ചവർ അപേക്ഷിക്കേണ്ട.

സമർഥർക്കു റീജനൽ, ഇന്ത്യൻ നാഷനൽ, ഇന്റ‌ർനാഷനൽ തലങ്ങളിലും  പങ്കെടുക്കാം. ഓരോ മേഖലയിലെയും 8, 9, 10, 11 ക്ലാസുകളിൽ നിന്നു മൊത്തം 300 പേരെയും, 12ൽ നിന്ന് 60 പേരെയും വരെ റീജനൽ  മത്സരത്തിലേക്കു തിരഞ്ഞെടുക്കും. കേന്ദ്രീയ, ജവാഹർ നവോദയ വിദ്യാർഥികളെ ദേശീയതലത്തിൽ പരിഗണിച്ച് 8, 9, 10, 11 ക്ലാസുകാരിൽനിന്ന് 5 %, 12ൽ നിന്ന് 1% ക്രമത്തിലാണു സിലക്‌ഷൻ. 

പരിശീലനത്തിനു സഹായകമായ സിലബസ്, മുൻവർഷങ്ങളിലെ ചോദ്യങ്ങൾ, അവയുടെ ഉത്തരങ്ങൾ എന്നിവ http://olympiads.hbcse.tifr.res.in എന്ന സൈറ്റിലെ ‘ഹൗ ടു പ്രിപേയർ’ ലിങ്കിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ ഈ സൈറ്റിൽ വരും.

കൂടുതൽ വിവരങ്ങൾക്ക് www.mtai.org.in/prmo; http://olympiads.hbcse.tifr.res.in 

സ്കൂളുകൾക്ക് ജൂൺ ഒന്നു മുതൽ 30 വരെ കേന്ദ്രങ്ങളായി റജിസ്റ്റർ ചെയ്യാം.

സയൻസ് ഒളിംപ്യാഡുകൾ

അസ്ട്രോണമി, അസ്ട്രോണമി & അസ്ട്രോഫിസിക്സ്, ബയോളജി, കെമിസ്ട്രി, എർത്ത് സയൻസ്, ഫിസിക്സ് എന്നീ വിഷയങ്ങളിലും സമാന ഒളിംപിക് മത്സരങ്ങളുണ്ട്. ഇവ സംബന്ധിച്ച വിവരങ്ങൾ https://olympiads.hbcse.tifr.res.in എന്ന സൈറ്റിൽ വൈകാതെ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com