ADVERTISEMENT

പ്ലസ് ടു കഴിഞ്ഞാൽ എൻട്രൻസ് എഴുതി എൻജിനീയറിങ്ങിനും മെഡിസിനും മാത്രം പ്രവേശനത്തിനു ശ്രമിക്കുന്നതൊക്കെ പഴയ ട്രെൻഡ്. ന്യൂ ജെൻ യുവത്വം പുതുമയാർന്ന കിടുക്കാച്ചി കോഴ്സുകൾക്കു പിന്നാലെയാണ്. മല കയറാനും മാപ്പു വരയ്ക്കാനും ചായ രുചിക്കാനുമൊക്കെ കരിയറിൽ  അവസരങ്ങൾ നൽകുന്ന അത്തരം ചില ഓഫ് ബീറ്റ് കോഴ്സുകൾ പരിചയപ്പെടാം. ഇവ പഠിക്കാൻ വിമാനം കയറി അങ്ങ് അമേരിക്കയിലോ കാനഡയിലോ പോകണമെന്നില്ല. ഇതൊക്കെ നമ്മുടെ ഇന്ത്യ മഹാരാജ്യത്തു പഠിക്കാൻ പറ്റുന്നവയാണ്.

1. ആസ്ട്രോ ബയോളജി
ഭൂമിക്കും അപ്പുറമുള്ള  വിശാല നക്ഷത്രവ്യൂഹങ്ങളിൽ ജീവന്റെ സാന്നിദ്ധ്യം പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ആസ്ട്രോ ബയോളജി. അന്യഗ്രഹ ജീവിതത്തിന്റെ ഉത്പത്തി, പരിണാമം, വിതരണം എന്നിവയെ കുറിച്ചുള്ള പഠനമാണിത്. മുംബൈയിലുള്ള ഇന്ത്യൻ ആസ്ട്രോ ബയോളജി റിസർച്ച് സെന്ററിൽ ഇന്റർനാഷണൽ ഡിപ്ലോമ പ്രോഗ്രാം ഇൻ ആസ്ട്രോബയോളജി കോഴ്സുണ്ട്. ആഭ്യന്തര, രാജ്യാന്തര വിദ്യാർഥികൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ഈ കോഴ്സ് നൽകുന്നത്. 

2. കാർപറ്റ് ടെക്നോളജി
കാർപറ്റ് നിർമ്മാണ, അനുബന്ധ മേഖലകളിൽ ഗവേഷണവും സാങ്കേതിക പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ടെക്സ്റ്റൽസ് മന്ത്രാലയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർപറ്റ് ടെക്നോളജിക്ക് രൂപം നൽകിയിരുന്നു. റഗുലർ, വിദൂര, ഹ്രസ്വകാല കോഴ്സുകൾ ഇവിടെ നൽകുന്നുണ്ട്. ഉത്തർപ്രദേശിലെ ഭദോഹിയിലുള്ള ക്യാംപസിലാണ് കാർപറ്റ് ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജിയിൽ നാലു വർഷ റെഗുലർ ബിടെക് കോഴ്സ് നടക്കുന്നത്.

3. റൂറൽ സ്റ്റഡീസ്
നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലാൻ സഹായിക്കുന്ന കോഴ്സാണ് ഇത്. ഭാവ്നഗർ യൂണിവേഴ്സിറ്റി, ബി ആർ എസ് കോളജ് ഓഫ് റൂറൽ സ്റ്റഡീസ്, ദേവ് സംസ്കൃതി വിശ്വവിദ്യാലയ തുടങ്ങി ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ഉത്തരാഖണ്ഡ് മേഖലകളിലെ നിരവധി സർവകലാശാലകളിലും സ്ഥാപനങ്ങളിലും റൂറൽ സ്റ്റഡീസ് കോഴ്സുകളുണ്ട്. 

4. എത്തിക്കൽ ഹാക്കിങ്
|ഒരു സംവിധാനത്തിൽ ഹാക്കർ കണ്ടെത്താവുന്ന പഴുതുകൾ കണ്ടെത്താൻ സഹായിക്കുന്നവരാണ് എത്തിക്കൽ ഹാക്കർമാർ. പ്രോഗ്രാമിങ്, സോഫ്ട് വെയർ രംഗത്തെ ഇന്ത്യയുടെ അപ്രമാദിത്തം എത്തിക്കൽ ഹാക്കിങ്ങിന്റെ കേന്ദ്രമായി നമ്മുടെ രാജ്യത്തെ മാറ്റിയിട്ടുണ്ട്. കൊൽക്കത്തയിലെ ഇന്ത്യൻ സ്കൂൾ ഓഫ് എത്തിക്കൽ ഹാക്കിങ്ങ് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഹ്രസ്വകാല കോഴ്സുകൾ ഈ വിഷയത്തിൽ നൽകുന്നുണ്ട്.

5. ഫിഷറീസ് സയൻസ്
വലിയൊരളവോളം കടലിനാൽ ചുറ്റപ്പെട്ട നമ്മുടെ രാജ്യത്തെ ദൈനംദിന ഭക്ഷ്യ വിഭവമാണ് മീൻ. ഈ മീനിന്റെ സംസ്കരണം, മത്സ്യ വിഭവ മാനേജ്മെന്റ്, ശാസ്ത്രീയമായ വളർത്തൽ, അക്വാകൾച്ചർ തുടങ്ങിയ വിശാലമായ മേഖലകൾ ഉൾപ്പെടുന്നതാണ് ഫിഷറീസ് സയൻസ്. കേരളത്തിലെ കുഫോസ്, നാഗപട്ടണത്തുള്ള തമിഴ്നാട് ഫിഷറീസ് സർവകലാശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഫിഷറീസ് കോഴ്സുകൾ നൽകുന്നുണ്ട്.

6. ജെറന്റോളജി
വാർദ്ധക്യത്തെ സംബന്ധിക്കുന്ന സമഗ്ര കോഴ്സാണ് ജെറന്റോളജി. എൻജിഒകൾ, ഓൾഡ് ഏജ് ഹോമുകൾ, ഹെൽത്ത് കെയർ ഏജൻസികൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവയിലാണ് ഇതു പഠിച്ചിറങ്ങുന്നവർക്കു ജോലി ലഭിക്കുക. കൽക്കത്ത മെട്രോ പൊളിറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെറന്റോളജി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം എക്കണോമിക്സ് തുടങ്ങിയ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ കോഴ്സുകൾ നൽകുന്നുണ്ട്.

7. മ്യൂസിയോളജി
മ്യൂസിയങ്ങളെ കുറിച്ചുള്ള പഠനമാണ് മ്യൂസിയോളജി. ചരിത്രത്തിലും കലകളിലുമൊക്കെ തത്പരരായവർക്കു പിന്തുടരാവുന്ന മേഖല. ന്യൂഡൽഹിയിലെ ദ് നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ മ്യൂസിയോളജിയിൽ എംഎ, എംഎസ് സി കോഴ്സുകൾ നടത്തുന്നുണ്ട്.

8. ഫോട്ടോണിക്സ്
ഫോട്ടോണുകളുടെ പ്രത്യേകതകൾ, അവയുടെ പ്രസാരണം തുടങ്ങിയവയെ കുറിച്ചെല്ലാം പഠിക്കുന്നതാണ് ഫോട്ടോണിക്സ്. ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ്, കുസാറ്റ്, ഐഐടി ഡൽഹി, ഐഐടി ചെന്നൈ, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ കോഴ്സുകൾ നൽകുന്നുണ്ട്.

9. പർവതാരോഹണം
മലകയറ്റം പാഷനായിട്ടുള്ളവർക്ക് അതൊരു കരിയറായി വികസിപ്പിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് പോലുള്ള സ്ഥാപനങ്ങൾ നൽകുന്ന പർവതാരോഹണ കോഴ്സ് തിരഞ്ഞെടുക്കാം. 

10. പബ്ലിക് ഹെൽത്ത് എന്റെമോളജി
പ്രാണികൾക്കും അതു പോലുള്ള ജീവികൾക്കും മനുഷ്യരുടെ ആരോഗ്യത്തിലും സൗഖ്യത്തിലുമുള്ള സ്വാധീനമാണ് പബ്ലിക് ഹെൽത്ത് എന്റെമോളജി പഠിക്കുന്നത്. വിവിധ ജീവികളുടെ ജീവിത, സ്വഭാവ രീതികൾ വിലയിരുത്തി കൊണ്ട് അവയുണ്ടാക്കുന്ന രോഗങ്ങൾക്ക് ഈ പഠന ശാഖ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു. അസം കാർഷിക സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, ഗുരു ഗോബിന്ദ് ഇന്ദ്രപ്രസ്ഥ സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ കോഴ്സുകൾ നൽകുന്നുണ്ട്.

11. ടീ ടേസ്റ്റിങ്
ചായ കുടി ഇഷ്ടപ്പെടുന്നവർക്ക് ചായ രുചിച്ച് നോക്കി ഗുണനിലവാര നിർണ്ണയം നടത്തുന്ന ടീ ടേസ്റ്റർമാരാകാം. അസം കാർഷിക സർവകലാശാല ടീ ഹസ്ബൻഡ്രി ആൻഡ് ടെക്നോളജിയിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ നൽകുന്നുണ്ട്. ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചറിസ്റ്റിക് സ്റ്റഡീസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റ്, ഡിപ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫഷണൽ സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങളും ഈ വിഷയത്തിൽ കോഴ്സുകൾ നൽകുന്നുണ്ട്.

12. ആൽക്കഹോൾ ടെക്നോളജി
ടീ ടേസ്റ്റിങ് മാതിരി മദ്യം രുചിച്ചു നോക്കാനുള്ള കോഴ്സാണെന്ന പ്രതീക്ഷയിൽ ആരും ഇതിനായി വരേണ്ട. ഇതു സംഗതി വേറെയാണ്. രസതന്ത്രത്തിലും ജീവ ശാസ്ത്രത്തിലും ഒരു പോലെ താത്പര്യമുണ്ടാകണം. ബയോ കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി തുടങ്ങിയ കാര്യങ്ങളാണ് ആൽക്കഹോൾ ടെക്നോളജിയിൽ പ്രധാനം. മഹാരാഷ്ട്രയിലെ വസന്ത് ദാദ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളിൽ ഈ കോഴ്സ് പഠിപ്പിക്കുന്നുണ്ട്.

13. ആർട്ട് റിസ്റ്റോറേഷൻ
ചരിത്ര വിഷയ തത്പരരെ ആകർഷിക്കുന്ന മ്യൂസിയോളജി പോലത്തെ മറ്റൊരു വിഷയമാണ് ആർട്ട് റിസ്റ്റോറേഷൻ. ഡൽഹിയിലെ നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈയിലെ മ്യൂസിയം പോലെ ആർട്ട് റിസ്റ്റോറേഷൻ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. 

14. കാർട്ടോഗ്രാഫി
മാപ്പുണ്ടാക്കുന്നത് ഇന്ന് അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ്. ഈ സാങ്കേതിക വിദ്യകൾ തന്നെയാണ് കാർട്ടോഗ്രഫിയിലേക്കു കടന്നു വരുന്ന പുതു തലമുറ സ്വായത്തമാക്കേണ്ടതും. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല ഈ വിഷയത്തിൽ പി ജി ഡിപ്ലോമ കോഴ്സ് നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com