ADVERTISEMENT

ശ്രീധന്യാ എന്ന ആദിവാസി പെൺകുട്ടി ഇന്ത്യൻ സിവിൽ സർവീസിലേക്ക് നടന്നു കയറിയപ്പോൾ ഓരോ കേരളീയനും അഭിമാനിച്ചു.

ജനാലകളില്ലാത്ത, പഠിക്കുന്ന പുസ്തകങ്ങൾ വയ്ക്കാൻ ഷെൽഫുകൾ പോലുമില്ലാത്ത, തേയ്ക്കാത്ത വീടിന്റെ പരിമിതികളിൽ നിന്ന് എന്റെ സ്വപ്നങ്ങളാണ് എന്റെ ജീവിതം പടുത്തുയർത്തുന്നത് എന്ന ഉറച്ച വിശ്വാസവുമായാണ് ശ്രീധന്യ കുറിച്യ വിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രതിനിധിയായി ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന അത്യുന്നത സർവീസിലേക്ക് എത്തുന്നത്. 

ഇച്ഛാശക്തിയും പ്രയത്നിക്കാൻ മനസ്സുമുണ്ടെങ്കിൽ മോശമായ സാഹചര്യങ്ങളുള്ളവർക്കു പോലും ജീവിതം മാറ്റി മറിക്കുവാനുള്ള ഒരു വലിയ അവസരമാണ് ഇന്ത്യൻ സിവിൽ സർവീസ് നിങ്ങൾക്കു മുമ്പിൽ തുറന്നു തരുന്നത്. 

എന്താണ് സിവിൽ സർവീസ് പരീക്ഷ
ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ എല്ലാ വർഷവും നടത്തുന്ന അഖിലേന്ത്യാ പരീക്ഷയാണ് ഇന്ത്യൻ സിവിൽ സർവീസ് എക്സാമിനേഷൻ.

ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, ഐ.ആർ.എസ്, ഐ.ഐ.എസ് എന്നു തുടങ്ങി ഇരുപത്തിയാറോളം സർവീസുകളിലേക്കുള്ള ഉദ്യോഗസ്ഥരെയാണ് ഈ പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്നത്. ശരാശരി ആയിരത്തോളം ഒഴിവുകളാണ് എല്ലാ സർവീസുകളിലുമായുള്ളത്. റിസൾട്ട് പ്രഖ്യാപിച്ച് ഒരു വർഷം കഴിയുമ്പോൾ കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യമായി വരുകയാണെങ്കിൽ സപ്ലിമെന്ററി ലിസ്റ്റിൽ നിന്നും നൂറോളം പേരെ തിരഞ്ഞെടുക്കാറുണ്ട്. 

എന്നാൽ ഈ വർഷം ഒഴിവുകൾ കുറവായിരുന്നതിനാൽ എഴുന്നൂറ്റി എൺപത്തൊമ്പതു പേരെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ. മാർക്ക് മാത്രം നേടിയാൽ മതിയാകും. മാത്‍സ്, ലോജിക്കൽ റീസണിങ്, ഡേറ്റ ഇന്റർപ്രറ്റേഷൻ, കോംപ്രിഹെൻഷൻ എന്നിവയൊക്കെയാണ് സിലബസിലുള്ളത്. വലിയ പ്രയാസമില്ലാതെ 100 ചോദ്യങ്ങളിൽ മൂന്നിലൊന്നു ശരിയാക്കി  ഈ പേപ്പർ പാസ്സാകുവാൻ സാധിക്കും. 

പ്രിലിമിനറി പരീക്ഷയ്ക്കു രണ്ടു പേപ്പറിനും നെഗറ്റീവ് മാർക്കുണ്ട്. അതായത് ഒരു ഉത്തരം തെറ്റിപ്പോയാൽ ശരിയായ ഒരു ഉത്തരത്തിന് ലഭിച്ചിരിക്കുന്ന മാർക്കിന്റെ മൂന്നിലൊന്ന് നഷ്ടപ്പെടും. അതായത് 3 ഉത്തരം തെറ്റിപ്പോയാൽ ഒരു ശരിയുത്തരത്തിന് ലഭിക്കുന്ന മാർക്ക് നഷ്ടപ്പെടുമെന്നർത്ഥം.

പേപ്പർ രണ്ടിന്റെ മാർക്ക് പ്രിലിമിനറി പരീക്ഷയുടെ റാങ്കിൽ ഉൾപ്പെടുത്തുന്നതല്ല. പേപ്പർ ഒന്നിന് 120 മാർക്ക് വാങ്ങുവാൻ സാധിച്ചാൽ പ്രിലിമിനറി പരീക്ഷയുടെ  വിജയം ഉറപ്പാക്കാൻ സാധിക്കും. ഒബിസി, എസ്.സി, എസ്. ടി വിഭാഗങ്ങൾക്ക് ഇതിലും കുറഞ്ഞ മാർക്ക് മതി. 

പരീക്ഷാ ഘടന
പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 

പ്രിലിമിനറി പരീക്ഷ
ഒബ്ജക്ടീവ് മാതൃകയിലുള്ള 100 ചോദ്യങ്ങൾ വീതമുള്ള രണ്ടു പേപ്പറുകളാണ് ഈ പരീക്ഷയ്ക്കുള്ളത്.

പൊതുവിജ്ഞാനം, ഇന്ത്യൻ ഭരണഘടന, സയൻസ് ആൻഡ് ടെക്നോളജി, ഇക്കണോമിക്സ്, ചരിത്രം, ജ്യോഗ്രഫി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പേപ്പർ ഒന്നിലുള്ളത്. 

2 മാർക്ക് വീതം നൂറു ചോദ്യങ്ങൾക്ക് 200 മാർക്കാണുള്ളത്.

രണ്ടാമത്തെ പേപ്പർ CSAT (Civil Service Aptitude Test) എന്നാണ് അറിയപ്പെടുന്നത്. ഈ പേപ്പറിന്റെ മാർക്കു മുൻപു പ്രിലിമിനറി റിസൾട്ടിനു കണക്കാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് ക്വാളിഫൈയിങ് പേപ്പർ ആക്കി മാറ്റിയിരിക്കുകയാണ്. അതിനാൽ ഈ പേപ്പറിന് മൂന്നിലൊന്ന് 106 മുതൽ 116 വരെയായിരുന്നു മുൻവർഷങ്ങളിലെ കട്ട് ഓഫ് മാർക്ക്.

പ്രിലിമിനറിക്ക് എങ്ങനെ പഠിക്കണം
സത്യത്തിൽ പ്രിലിമിനറി പരീക്ഷയ്ക്കല്ല ഉദ്യോഗാർഥികൾ പഠിക്കേണ്ടത്. മെയിൻ പരീക്ഷയ്ക്കു പഠിച്ചു കഴിയുമ്പോൾ സ്വാഭാവികമായും പ്രിലിമിനറി പരീക്ഷയും പാസ്സാകുവാൻ സാധിക്കും..

പത്ത് ലക്ഷം ആളുകളാണ് പ്രിലിമിനറി പരീക്ഷയ്ക്കു അപേക്ഷ അയയ്ക്കുന്നത് ഇതിൽ അഞ്ചു ലക്ഷം പേർ പ്രിലിമിനറി പരീക്ഷയെഴുതും. അതിൽ പതിനയ്യായിരം പേർ മെയിൻ പരീക്ഷയ്ക്ക് തിര‍ഞ്ഞെടുക്കപ്പെടും. അതിൽ നിന്നു മൂവായിരം പേരെ ഇന്റർവ്യൂവിനായി യു.പി.എസ്.സി ക്ഷണിക്കും. അതിൽ ആയിരം മുതൽ ആയിരത്തി ഇരുനൂറു വരെയാളുകളാണ് സിവിൽ സർവ്വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 

അതായത് ഇന്റർവ്യൂ തലം വരെയെത്തുന്ന മൂന്നില്‍ ഒരാൾ സർവ്വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നർത്ഥം. 

ഹിന്ദു ദിനപത്രം മുടങ്ങാതെ വായിക്കുക. ഹിന്ദു ദിനപത്രത്തിലെ വാർത്തകളുടെ നാലിലൊന്നു മാത്രമേ സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കാവശ്യമുള്ളു. രാഷ്ട്രീയ വാർത്തകൾ, പ്രാദേശിക വാർത്തകൾ ഇവയൊക്കെ ഒഴിവാക്കാം. 

എന്നാൽ ഗവൺമെന്റ് സ്കീമുകൾ, രാജ്യാന്തര സമ്മേളനങ്ങൾ, വിദേശ രാജ്യങ്ങളുമായി ഒപ്പുവയ്ക്കുന്ന കരാറുകൾ, സയൻസ് ആൻഡ് ടെക്നോളജി, അഗ്രികൾച്ചർ ഇവയുമായി ബന്ധപ്പെട്ട വാർത്തകൾ, അവാര്‍ഡുകൾ തുടങ്ങിയവയൊക്കെ പ്രാധാന്യമർഹിക്കുന്നവയാണ്. 

എ‍ഡിറ്റോറിയല്‍ മുടങ്ങാതെ വായിക്കണം. പത്രം വായനയ്ക്കായി സമയം കണ്ടെത്തണം. ഒരു നോട്ട് ബുക്കിൽ പ്രധാനപ്പെട്ട ആശയങ്ങൾ കുറിച്ചു വയ്ക്കുക. കൂടുതൽ വിവരങ്ങൾ ഗൂഗിൾ ചെയ്ത് മനസ്സിലാക്കുക. വൈകിട്ടത്തെ ദൂരദർശൻ ഇംഗ്ലീഷ് വാർത്തയും, രാജ്യസഭാ ടി.വിയിലെ ചർച്ചകളും സിവിൽ സർവീസ് പരിശീലനത്തിന് വളരെ സഹായകരമാണ്. 

ഏതൊക്കെ പുസ്തകങ്ങൾ വായിക്കണം 
മെയിൻസ് പരീക്ഷ എഴുത്തു പരീക്ഷയാണ്. ഉപന്യാസങ്ങൾ നേരത്തെ തന്നെ എഴുതി പഠിക്കണം. 

സിവിൽ സർവീസ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കിട്ടിയ ഹരിത വി. കുമാറും ഞാനും 2011 ൽ ഒരുമിച്ച് സിവിൽ സർവീസ് ഇന്റർവ്യൂവിന് പോയവരാണ്. ആ വർഷം ഇന്ത്യൻ റവന്യൂ സർവീസാണ് ഹരിതയ്ക്ക് ലഭിച്ചത്. തൊട്ടടുത്ത വർഷമാണ് ഒന്നാം റാങ്ക് നേടി ഐ.എ.എസിലെത്തിയത്. കണ്ണൂർ അസി സ്റ്റന്റ് കലക്ടറായിരിക്കുമ്പോൾ ഹരിതയെ സന്ദർശിക്കുവാ നിടയായി. 

അന്ന് ഹരിത പറഞ്ഞത് ഇരുന്നൂറോളം ഉപന്യാസങ്ങൾ താൻ എഴുതി പരിശീലിച്ചിരുന്നു, അത് ഒന്നാം റാങ്ക് നേടാൻ വളരെയധികം സഹായകരമായി എന്നാണ്. 

ഉപന്യാസം നന്നായി എഴുതുവാൻ പരിശീലിക്കണം. ഭാഷാജ്ഞാനം വർധിപ്പിക്കേണ്ടത് ഇതിന് അനിവാര്യമാണ്. ഉപന്യാസമെഴുതുമ്പോൾ നിങ്ങളുടെ വീക്ഷണം വ്യക്തമായി  പ്രതിഫലിപ്പിക്കുവാൻ കഴിയണം. ചിന്തകളുടെ കൃത്യതയും വ്യക്തതയുമാണ് പരിശോധിക്കപ്പെടന്നത്. ലക്ഷ്മികാന്തിന്റെ ഇന്ത്യൻ പൊളിറ്റി എന്ന പുസ്തകം ഇന്ത്യൻ ഭരണ ഘടനയെക്കുറിച്ച് പഠിക്കാൻ സഹായകരമാണ്. ശങ്കർ കറുപ്പയ്യയുടെ പുസ്തകം വായിച്ചാൽ ഇന്ത്യൻ ഇക്കോണമിയെക്കുറിച്ച് വ്യക്തത ലഭിക്കും. ഹിസ്റ്ററി പഠിക്കുവാനായി ബിപിൻ ചന്ദ്രയുടെ ഓൾ‍ഡ് എൻ.സി.ആർ.ടി ബുക്കും, രാജീവ് അഹിർ എഴുതിയ മോഡേൺ ഇന്ത്യാ എന്ന പുസ്തകവും പ്ലസ് വൺ, പ്ലസ് ടു, എൻ.സി.ആർ.ടി ബുക്ക് മതിയാകും. പബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കുന്ന ഇന്ത്യാ ഇയർ ബുക്കും വാങ്ങുക. 

സിവിൽ സർവീസ് പരിശീലനത്തില്‍ എന്തു പഠിക്കണം എന്നതിനേക്കാൾ പ്രധാനമാണ് എന്തു പഠിക്കേണ്ട എന്നു മനസ്സിലാക്കുന്നത്. 

ഇവയ്ക്കൊപ്പം യോജന, കുരുക്ഷേത്ര, ഡൗൺ ടു എർത്ത് എന്നീ മാസികകളും മുടങ്ങാതെ വായിക്കുക.

കുറേ വായിക്കുന്നതിലല്ല കാര്യം. കുറച്ചേ പഠിച്ചുള്ളൂവെങ്കിലും അതു നന്നായി പഠിക്കുക എന്നുള്ളതാണു പ്രധാനം. വ്യക്തതയില്ലാതെ പഠിച്ചാൽ പ്രിലിമിനറി പരീക്ഷയുടെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ പാടുപെടും. 

മലയാളത്തിലും പരീക്ഷയെഴുതാം
മെയിൻ പരീക്ഷ മുഴുവനും മലയാളത്തിലെഴുതുവാൻ സാധിക്കും. സാധാരണക്കാരായ, മലയാളം മീഡിയത്തിൽ പഠിച്ച വിദ്യാർഥികൾക്ക് ഇത് വളരെ പ്രയോജനം ചെയ്യും. ഇതു മനസ്സിലാക്കി സിവിൽ സർവീസ് പരീക്ഷ മുഴുവൻ മലയാളത്തിലെഴുതുവാനുള്ള പരിശീലനം നൽകുവാൻ ഞാൻ അബ്സൊല്യൂട്ട് എന്ന അക്കാദമി സ്ഥാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും സെന്ററുകളുണ്ട്. ഇത്തരത്തിൽ പരിശീലനം നൽകുന്ന ഇന്ത്യയിലെ ഏക അക്കാദമിയാണിത്. ക്ലാസ്സിൽ വരാൻ സാധിക്കാത്തവർക്ക് ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാം. മലയാളത്തിലുള്ള പുസ്തകങ്ങളും ഇപ്പോൾ ലഭ്യമാണ്. നാഗാലാൻഡിൽ കളക്ടറായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് അലി ഷിഹാബ്, ഇന്ത്യൻ റവന്യൂ സർവീസിലുള്ള ജ്യോതിസ് മോഹൻ, റയില്‍വേ േപഴ്സണൽ സർവ്വീസിലുള്ള ലിപിൻരാജ്, ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിലുള്ള ഷാഹിദ് തിരുവള്ളൂർ തുടങ്ങിയവരൊക്കെ മുഴുവൻ പരീക്ഷയും മലയാളത്തിലെഴുതി ഇന്റർവ്യൂവിനെ നേരിട്ട് സിവിൽ സർവീസിലെത്തിയവരാണ്. 

ഇന്റർവ്യൂ
പേഴ്സണാലിറ്റി ടെസ്റ്റ് എന്നാണ് ഇന്റർവ്യൂ അറിയപ്പെടുന്നത്. നാല് ബോർഡ് അംഗങ്ങളും ചെയർമാനും അടങ്ങുന്നതാണ് ഇന്റർവ്യൂ പാനൽ. ഇതിൽ ഒരാൾ സൈക്കോളജിസ്റ്റും മറ്റൊരാൾ ഫിലോസഫറുമാണ്. നിങ്ങൾ വർഗ്ഗീയ നിലപാടുകളോ, തീവ്രവാദ നിലപാടുകളോ ഉള്ളയാളാണോയെന്ന് ഫിലോസഫർ നിങ്ങളുടെ ഉത്തരങ്ങളിലൂടെ തിരിച്ചറിയും. നിങ്ങളുടെ വ്യക്തിത്വം തിരിച്ചറിയപ്പെടുമെന്നതിനാൽ നിരവധി മോക് സെക്ഷനുകളിൽ യഥാർത്ഥ അഭിമുഖത്തിന് മുമ്പ് പങ്കെടുക്കേണ്ടതുണ്ട്. അഭിമുഖത്തിന് ശേഷം, ഇന്റർവ്യൂവിന് ലഭിച്ച മാർക്കും, മെയിൻ പരീക്ഷയ്ക്ക് ലഭിച്ച മാർക്കും വീണ്ടും കൂട്ടിയിട്ടാണ് ഫൈനൽ റാങ്ക് പ്രഖ്യാപിക്കുന്നത്. 

52മുതൽ 55 ശതമാനം വരെ മാർക്ക് ലഭിക്കുന്നയാൾക്ക് ഒന്നാം റാങ്ക് ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും സുപ്രധാന പരീക്ഷകളിലൊന്നാണ് സിവിൽ സർവ്വീസ് പരീക്ഷ. മനസ്സുണ്ടെങ്കിൽ നിങ്ങൾക്കും സിവിൽ സർവ്വീസ് എന്ന സ്വപ്നം സ്വന്തമാക്കാം. 

(പ്രശസ്ത രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറായ ജോബിൻ. എസ്. കൊട്ടാരം അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ ഡയറക്ടർ കൂടിയാണ്. ഫോൺ: 9447259402 )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com