ADVERTISEMENT

Aptitude without attitude is blind, attitude without aptitude is lame

-Richard Marcel

ക്യാംപസ് റിക്രൂട്മെന്റുകളുടെ ആദ്യഘട്ടമാണ് അഭിരുചിപ്പരീക്ഷ എന്നത്. Aptitude Test എന്ന ഈ ഘട്ടത്തിൽത്തന്നെ സമർഥരായ ഒട്ടേറെ വിദ്യാർഥികൾ വീണു പോകാറുണ്ട്, തൊഴിൽമേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള അഭിരുചി വിദ്യാർഥിയിലുണ്ടോ എന്നാണു പ്രധാനമായും ഇതിൽ പരീക്ഷിക്കപ്പെടുക. പഠന രംഗത്തുള്ള നിങ്ങളുടെ മികവിനെയും വിഷയങ്ങൾക്കു ലഭിച്ച മാർക്കിനെയും പിന്തള്ളി വിഷയത്തോടും തൊഴിൽ മേഖലയോടുമുള്ള അഭിരുചിക്കാണ് കമ്പനികൾ കൂടുതൽ പ്രാധാന്യം നൽകുക. Quantitative Aptitude, Logical Reasoning, Verbal Ability, Numerical Skills, Data Interpretation and data sufficiency എന്നീ മേഖലകളെല്ലാം പൊതുവായി അഭിരുചിപ്പരീക്ഷയുടെ ഭാഗമാണ്.

Interest Vs Aptitude
ഒരു തൊഴിൽ മേഖലയോടുള്ള അഭിരുചിയും അതിനോടുള്ള താൽപര്യവും വ്യത്യസ്തമായി കാണേണ്ടതുണ്ട്. താൽപര്യമുണ്ട് എന്നതിനർഥം ആ മേഖലയ്ക്കു വേണ്ടുന്ന അഭിരുചി ഉണ്ടെന്നല്ല. ഒരു പൈലറ്റ് ആകുന്നതിനുള്ള താൽപര്യം പലർക്കുമുണ്ടായേക്കാം. എന്നാൽ ആ മേഖലയ്ക്കു വേണ്ട അഭിരുചിയുണ്ടോ എന്നുള്ളതു പ്രസക്തമായ ചോദ്യമാണ്. തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതിനു മുൻപായി ആ മേഖലയോടുള്ള താൽപര്യവും അഭിരുചിയും കഴിവുകളും ഉണ്ടെന്ന് ഉറപ്പു വരുത്തുക. ക്യാംപസ് പ്ലേസ്മെന്റ് തുടങ്ങുന്നതിനും ഏറെക്കാലം മുൻപു വിദ്യാർഥികൾ തയാറെടുപ്പ് ആരംഭിക്കേണ്ട ഒരു മേഖലകൂടിയാണ് അഭിരുചിപ്പരീക്ഷ. അവസാനവട്ട തയാറെടുപ്പുകളുടെ കൂടെ പൊടുന്നനെ വികസിപ്പിക്കാവുന്ന ഒന്നല്ലാത്തതിനാൽ കൂടുതൽ സമയം ഈ വിഷയത്തിനു നൽകുന്നത് വിജയം ഉറപ്പാക്കും. മുൻകാലങ്ങളിൽ Quantitative Aptitude, Reasoning എന്നിവയുടെ ചോദ്യോത്തരങ്ങളടങ്ങിയ പുസ്തകങ്ങളായിരുന്നു അഭിരുചിപ്പരീക്ഷകൾക്കായി വിദ്യാർഥികൾ ആശ്രയിച്ചിരുന്നത്. ഡോ. ആർ. എസ്. അഗർവാൾ എഴുതിയ Quantitative Aptitude എന്ന പുസ്തകം ഈ മേഖലയില്‍ പ്രചുര പ്രചാരത്തിലുള്ളതാണ്.

ഗണിതശാസ്ത്രമേഖലയിലെ എക്കാലത്തെയും അതുല്യപ്രതിഭയായ ശകുന്തളാദേവിയുടെ പുസ്തകങ്ങളിൽ നിന്നുള്ള ഒട്ടേറെ ഗണിതപ്രശ്നങ്ങളും ബുദ്ധിപരീക്ഷകളും (Puzzles) അഭിരുചിപ്പരീക്ഷയിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇന്ന് ഒട്ടേറെ ആപ്റ്റിറ്റ്യൂഡ് പോർട്ടലുകളിലും വെബ്സൈറ്റുകളിലും ബ്ലോഗുകളും ആപ്പുകളും ലഭ്യമാണ്. പ്രമുഖ കമ്പനികൾ നടത്തിയ അഭിരുചിപ്പരീക്ഷയുടെ ചോദ്യോത്തരങ്ങളും ഇവയിൽ ലഭ്യമാണ്. ഇവയ്ക്കു പുറമേ സ്ഥിരമായ ഇടവേളകളിൽ നൂറുകണക്കിന് പുതിയ ചോദ്യോത്തരങ്ങളും കൂട്ടിച്ചേർക്കപ്പെടുന്നു.

Aptitude Portals
മിക്ക ആപ്റ്റിറ്റ്യൂഡ് പോർട്ടലുകളിലും ചോദ്യങ്ങൾക്കൊപ്പം ഉത്തരങ്ങളും അവ ലഭിച്ച രീതിയുമെല്ലാം ഇവയിൽ പരാമർശിക്കാറുണ്ട്. വിദ്യാർഥിയുമായി കൂടുതൽ സംവേദനാത്മകമായാണ് (Interactive) ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. Indiabix.com പോലെയുള്ള ആപ്റ്റിറ്റ്യൂഡ് പോർട്ടലുകൾ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

സ്വതന്ത്രമായി ആപ്റ്റിറ്റ്യൂഡ് അസസ്മെന്റ് നടത്തുന്ന wheebox test, NACTECH, AMCAT, Freshersworld.in, Aptitudetraining.in തുടങ്ങിയ ടെസ്റ്റുകളിലൂടെ കടന്നു പോയി ഒരു സ്വയം അവലോകനം നടത്തുകയും മികച്ച സ്കോര്‍ ലഭിക്കുന്ന പക്ഷം അവരുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ ക്ഷണം ലഭിക്കുവാനും ഇടയുണ്ട്. മേൽപ്പറഞ്ഞ സ്ഥാപനങ്ങളിൽ പ്രമുഖമായ Wheebox test, CII (Confideration of Indian Industries), AIU (Association of Indian Universities) എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കി വരുന്നതാണ്. കോളജുകളിൽനിന്ന് ആവശ്യപ്പെടുന്നപക്ഷം അവസാനവർഷ വിദ്യാർഥികൾക്കു മുഴുവൻ സൗജന്യമായി ഇക്കൂട്ടർ അസസ്മെന്റ് ചെയ്യാറുണ്ട്.

കണക്കിലെ കഴിവ് (Mathematical Aptitude) വിശകലനാത്മകമായി ചിന്തിക്കുവാനുള്ള കഴിവ് (Evaluative thinking) വിമർശനാത്മകമായുള്ള യുക്തിബോധം (critical thinking) വിമർശനാത്മകമായുള്ള യുക്തിബോധം (critical thinking), തീരുമാനങ്ങൾ എടുക്കുവാനും പ്രായോഗികമായി ചിന്തിക്കുവാനുമുള്ള കഴിവ് (decision making) ക്രിയാത്മകചിന്ത (creativity), സ്ഥിതിവിവരങ്ങൾ സംഗ്രഹിക്കുവാനുള്ള കഴിവ്. എന്നിവ പ്രത്യേത പ്രാധാന്യമർഹിക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം അളക്കുന്നതും ജോലിയുമായി ബന്ധപ്പെട്ട സാങ്കേതികജ്ഞാനം വിലയിരുത്തുന്ന തരത്തിലുള്ളതുമായ ചോദ്യങ്ങളും അഭിരുചി പരീക്ഷയിൽ പ്രതീക്ഷിക്കാം. ക്യാംപസ് റിക്രൂട്മെന്റുകളിൽ തൊഴിൽ മേഖലയിൽ ഉപയോഗിക്കുന്ന സാങ്കേതിക കാര്യങ്ങളെക്കുറിച്ചുള്ള അറിവിനെക്കാൾ കൂടുതൽ പ്രാധാന്യം അഭിരുചി തെളിയിക്കുന്നതിനാണ്. നിങ്ങൾക്ക് നല്ല അഭിരുചിയുണ്ടെന്നു തെളിയിക്കാനായാൽ പാതി വിജയിച്ചു. അഭിരുചിയുള്ള ഒരു വ്യക്തിയെ സാങ്കേതികജ്ഞാനം ഉള്ളതാക്കി മാറ്റുവാൻ പ്രയാസമില്ല എന്നു കമ്പനികൾക്കു ബോധ്യമുണ്ട്. കമ്പനിയുടെ ആവശ്യാനുസരണം പിന്നീടു ടെക്നോളജികൾ പഠിപ്പിച്ചെടുക്കുന്ന രീതിയാണു നിലവിലുള്ളത്.

അഭിരുചിപ്പരീക്ഷയിൽ എന്തൊക്കെ പ്രതീക്ഷിക്കാം?
പൊതുവേ ഒരു മണിക്കൂറോളം ദൈർഘ്യമാണ് അഭിരുചിപ്പരീക്ഷയ്ക്കു നൽകുക. അറുപതു ചോദ്യങ്ങളും പ്രതീക്ഷിക്കാം. ഏകദേശം ഒരു ചോദ്യത്തിന് ഒരു മിനിറ്റ് എന്ന നിലയിലായിരിക്കും സമയത്തിന്റെ ലഭ്യത. അതിനാൽത്തന്നെ നല്ല സമയബോധവും കണക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ചുരുക്കുവഴികളിലൂടെ ഉത്തരം കണ്ടെത്താനുള്ള കഴിവും വളർത്തിയെടുക്കേണ്ടതുണ്ട്. ഒഎംആർ സംവിധാനമുള്ള ഉത്തരക്കടലാസുകളായിരുന്നു മുൻകാലങ്ങളിലെ താരമെങ്കിൽ ഇന്നു മിക്ക കമ്പനികളും ഓൺലൈൻ ടെസ്റ്റാണു നടത്താറ്. ഒഎംആർ സംവിധനത്തിൽ കുമിളകൾ കറുപ്പിക്കുന്നതിൽ ശ്രദ്ധിക്കണമായിരുന്നു എന്നതുപോലെതന്നെ ഓൺലൈൻ ടെസ്റ്റുകളിൽ കംപ്യൂട്ടർ ഉപയോഗവുമായി ബന്ധപ്പെട്ട അബദ്ധങ്ങളിൽപെടുന്നില്ല എന്നുറപ്പാക്കണം.

സമയത്തെക്കുറിച്ചു ശ്രദ്ധിക്കുന്നതിനൊപ്പം ഉത്തരങ്ങൾ വ്യക്തമായി അറിയാവുന്ന ചോദ്യങ്ങൾ ആദ്യമാദ്യം പൂർത്തിയാക്കുവാൻ ശ്രമിക്കുക. സമയം സൂചിപ്പിക്കുന്ന ടൈമർ നമ്മുടെ സ്ക്രീനിൽ ലഭ്യമായിരിക്കും അതുകൊണ്ടു തന്നെ പിന്നീട് സമയലഭ്യതയനുസരിച്ച് പ്രയാസമേറിയ ചോദ്യങ്ങളിലേക്കു തിരിച്ചുവരാം.

ഏറെ തയാറെടുപ്പോടെ സമീപിക്കേണ്ട ഒന്നാണ് അഭിരുചിപ്പരീക്ഷ പുതിയ ചോദ്യങ്ങൾ കണ്ടെത്തുന്നതും അവ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതും ഒരു ഹരമാക്കി മാറ്റുക. ക്യാംപസ് റിക്രൂട്മെന്റിന്റെ ആദ്യഘട്ടം അഭിരുചിപ്പരീക്ഷയായതിനാല്‍ ഇവിടെവച്ച് പരാജയമേറ്റു വാങ്ങിയാൽ പിന്നീടുള്ള ഘട്ടങ്ങൾക്കായി ഒരുക്കിവച്ച കഴിവുകളൊന്നും തന്നെ ഉപയോഗിക്കാൻ കഴിയില്ല എന്ന ദുഃഖസത്യം എപ്പോഴും ഓർമയിൽ സൂക്ഷിക്കുക. മികച്ച വിജയം നേടുന്നതിനായി ആവുന്നത്ര പരിശീലനം സ്വയം ചെയ്യുക. കുറഞ്ഞതു മൂന്നുമാസം മുൻപെങ്കിലും പരിശീലനം ആരംഭിച്ചാൽ മാത്രമേ ക്യാംപസ് പ്ലേസ്മെന്റ് തുടങ്ങുമ്പോൾ പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് ഉയരുവാൻ സാധിക്കുകയുള്ളൂ. ക്യാംപസ് പ്ലേസ്മെന്റിനു പുറമേ പ്രമുഖ Competitive പരീക്ഷകളായ ഇന്ത്യൻ സിവിൽ സർവീസ്, ബാങ്ക് പരീക്ഷ എന്നിവയിലെല്ലാം അഭിരുചിപ്പരീക്ഷ പരീശീലനം ഉപയോഗപ്രദമാകും.

കടപ്പാട് 

ക്യാംപസ് പ്ലേസ്മെന്റ് 

സ്വപ്നജോലിക്കു വിജയമന്ത്രങ്ങൾ 

ബ്രിജേഷ് ജോർജ് ജോൺ, കൃഷ്ണരാജ് എസ് 

മനോരമ ബുക്സ് 

Order Book>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com