ADVERTISEMENT

ജോലി കിട്ടുന്നത് എല്ലാവര്‍ക്കും സന്തോഷമാണ്. പരീക്ഷയും പല റൗണ്ട് ഇന്റര്‍വ്യൂവുമെല്ലാം കഴിഞ്ഞ് ഒടുവില്‍ ജോലി കൈപ്പിടിയിലാക്കുമ്പോള്‍ ലോകം തന്നെ ജയിച്ച പോലെ തോന്നും. അതു വരെ ചെയ്ത കഠിനാധ്വാനത്തിനും തയ്യാറെടുപ്പുകള്‍ക്കുമെല്ലാം ഒരു ഫലമുണ്ടായി കാണുന്നതു തീര്‍ച്ചയായും ത്രില്ലിങ് തന്നെ. പക്ഷേ, പുതിയ കമ്പനിയുടെ ഓഫര്‍ ലെറ്റര്‍ ഒപ്പിടുമ്പോള്‍ ജോലി കിട്ടിയ ആവേശത്തില്‍  മതിമറക്കരുത്. ശ്രദ്ധിച്ചു ചില കാര്യങ്ങളിലൊക്കെ വ്യക്തത വരുത്തി മാത്രമേ പുതിയ ജോലിക്കുള്ള ഓഫര്‍ ലെറ്റര്‍ ഒപ്പിടാവൂ. 

ഓഫര്‍ ലെറ്റര്‍ ഒപ്പിടും മുന്‍പു ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ

1. ജോലി ആരംഭിക്കേണ്ട തീയതി, ജോലി സമയം
ഒരു ജോലി വിട്ടിട്ടാണു നിങ്ങള്‍ പുതിയ ജോലിയില്‍ പ്രവേശിക്കുന്നതെങ്കില്‍ പഴയ കമ്പനിയില്‍ നിങ്ങള്‍ക്കു ചെയ്തു തീര്‍ക്കേണ്ട ചില കാര്യങ്ങളുണ്ടാകും. ഒട്ടുമിക്ക കമ്പനികളിലും രാജി വയ്‌ക്കേണ്ടവര്‍ പിന്തുടരേണ്ട ചില ചടങ്ങുകളൊക്കെയുണ്ട്. നോട്ടീസ് പീരിയഡ്, എക്‌സിറ്റ് ഇന്റര്‍വ്യൂ അങ്ങനെ പലതും. നോട്ടീസ് പീരിയഡ് കഴിയാതെ പുതിയ കമ്പനിയിലേക്കു ജോയിന്‍ ചെയ്യാനായി മുങ്ങിയാല്‍ ചിലപ്പോള്‍ പഴയ കമ്പനിക്കു നഷ്ടപരിഹാരം വരെ കൊടുക്കേണ്ടി വന്നേക്കാം. അതിനാല്‍ പുതിയ കമ്പനിയില്‍ ചേരും മുന്‍പു പഴയ കമ്പനിയില്‍ ഫോര്‍മാലിറ്റികള്‍ ഒക്കെ തീര്‍ക്കാനുള്ള സമയം നിങ്ങള്‍ക്കു ലഭിക്കും എന്ന് ഉറപ്പാക്കുക. 

ഓഫര്‍ ലെറ്ററില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ജോലി ചെയ്യുന്ന സമയം. പുതിയ കമ്പനിയിലെ ഓഫീസ് സമയം നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമാണോ എന്നു നോക്കുക. ജോലിയും വ്യക്തിജീവിതവും ബാലന്‍സു ചെയ്തു കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നവര്‍ അതിനനുസരിച്ച ജോലി സമയം കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണ്. ജോലി സമയത്തെ കുറിച്ചൊരു വ്യക്തത ജോയിന്‍ ചെയ്യും മുന്‍പു വരുത്തുന്നത് ജീവിതം അതിനനുസരിച്ച് ആസൂത്രണം ചെയ്യാന്‍ സഹായിക്കും. 

2. ശമ്പളം, ബോണസുകള്‍
ജോലിക്കു വേണ്ടിയുള്ള അഭിമുഖത്തില്‍ കമ്പനി ഉറപ്പു നല്‍കിയ ശമ്പളം തന്നെയാണോ ഓഫര്‍ ലെറ്ററിലും ഉള്ളതെന്ന് ഉറപ്പാക്കുക. ശമ്പള ഘടന, അവയില്‍ ഓരോ മാസവും വരുന്ന നികുതി അടക്കമുള്ള കുറവുകള്‍ എന്നിവയും അറിയേണ്ടതാണ്. ആകെ ശമ്പളം എത്ര, കൈയ്യില്‍ കിട്ടാന്‍ പോകുന്നത് എത്ര എന്നെല്ലാം പരിശോധിച്ചു മനസ്സിലാക്കുക. ഇവയിലെ അന്തരം നിങ്ങള്‍ പ്രതീക്ഷിച്ചതിലും അധികമാണെങ്കില്‍ ഇക്കാര്യങ്ങളെ പറ്റി എച്ച്ആറുമായി സംസാരിക്കുക. ജോലിയില്‍ ലഭിക്കാന്‍ പോകുന്ന ബോണസ്, മറ്റ് ഇന്‍സെറ്റീവുകള്‍ തുടങ്ങിയവയും അറിയാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഉറപ്പായ ശമ്പളവും നിങ്ങള്‍ പ്രകടനം കൊണ്ടു കൂടുതല്‍ സമ്പാദിക്കാന്‍ സാധ്യതയുള്ള തുകയുമെല്ലാം ഇത്തരത്തില്‍ അറിയാന്‍ സാധിക്കും. 

3. മറ്റ് ആനുകൂല്യങ്ങള്‍
ശമ്പളത്തിന് പുറമേ മറ്റു ചില ആനുകൂല്യങ്ങളും പല കമ്പനികളും നല്‍കാറുണ്ട്. നിങ്ങള്‍ക്കും കുടുംബത്തിനുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, ഫുഡ് കൂപ്പണുകള്‍, വിദേശ ട്രിപ്പുകള്‍ തുടങ്ങി കമ്പനി ജീവനക്കാര്‍ക്കു നല്‍കാറുള്ള പല ആനുകൂല്യങ്ങളും ഉണ്ടാകും. ഇവയെ കുറിച്ചൊക്കെ ഓഫര്‍ ലെറ്റര്‍ എന്തെങ്കിലും വിശദീകരിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ചിലപ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനു കമ്പനി ഒരു വിഹിതമിടുകയും തുല്യ വിഹിതം നിങ്ങളുടെ ശമ്പളത്തില്‍ നിന്നു പിടിക്കുകയും ചെയ്യുന്നുണ്ടാവും. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം വ്യക്തത വരുത്തണം. 

4. അവധി എത്ര
ഓഫര്‍ ലെറ്റര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചിലപ്പോള്‍ എച്ചആര്‍ നിങ്ങള്‍ക്കു ലഭിക്കുന്ന അവധിയുടെ എണ്ണം വ്യക്തമായി പറഞ്ഞു തന്നെന്നു വരില്ല. അതിനാല്‍ നിങ്ങള്‍ക്ക് ഓരോ വര്‍ഷവും ലഭിക്കുന്ന കാഷ്വല്‍ അവധിയും മെഡിക്കല്‍ അവധിയും മറ്റും എത്രയെന്നു കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. ചില ന്യൂജെന്‍ കമ്പനികള്‍ ഭാര്യയുടെ പ്രസവത്തിനു ഭര്‍ത്താക്കന്മാര്‍ക്കു പറ്റേണല്‍ ലീവ്, സ്ത്രീകളുടെ മാസമുറയുടെ സമയത്തുള്ള പീരിയഡ് ലീവുകള്‍ വരെ നല്‍കുന്നുണ്ട്. പ്രസവാവധി പോലുള്ളവ സ്വകാര്യ സ്ഥാപനങ്ങളിലടക്കം നിര്‍ബന്ധമായും ഗവണ്‍മെന്റ് നിര്‍ദ്ദേശം മൂലം തന്നെ അനുവദിക്കപ്പെട്ടിട്ടുണ്ട്. ലഭ്യമായ അവധികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുന്നതു വേക്കേഷനും മറ്റും ആസൂത്രണം ചെയ്യാനും ശമ്പളം പോകാതെ ലീവെടുക്കാനും സഹായകമാകും. 

5. സെവറന്‍സ് പേ
കരാറിലെ ഏറ്റവും പ്രധാനപ്പെട്ടതും ചര്‍ച്ച ചെയ്ത് ഉറപ്പു വരുത്തേണ്ടതുമായ കാര്യമാണ് സെവറന്‍സ് പേ. നിങ്ങളുടെ കരാര്‍ അവസാനിപ്പിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്കു കമ്പനി നല്‍കേണ്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും കോംപന്‍സേഷനും അടക്കമുള്ള തുകയാണു സെവറന്‍സ് പേ. നിങ്ങള്‍ എടുക്കാത്ത ലീവിനു പകരം നല്‍കുന്ന തുകയൊക്കെ ഈ വകുപ്പില്‍ ലഭിക്കും, കമ്പനി അടച്ചു പൂട്ടുകയോ ലയിക്കുകയോ ഒക്കെ ചെയ്യുന്നതു മൂലമാണ് കരാര്‍ അവസാനിപ്പിക്കുന്നതെങ്കില്‍ നഷ്ടപരിഹാരം വാങ്ങി അടുത്ത കമ്പനിയിലേക്ക് ചേക്കേറാന്‍ നിങ്ങള്‍ക്ക് സാധിക്കും. കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങളും മറ്റും ഓഫര്‍ ലെറ്ററില്‍ നല്‍കുന്നതു ശ്രദ്ധിച്ച് വായിച്ചു മനസ്സിലാക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com