ADVERTISEMENT

സിവിൽ സർവീസ് പരീക്ഷയ്ക്ക് എങ്ങനെ പഠിക്കാം എന്നു ചോദിക്കാൻ ഒരു വിദ്യാർഥി അടുത്തിടെ എന്നെ കാണാൻ വന്നു. ഡിഗ്രി കഴിഞ്ഞു ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് ആ യുവാവിനു ഐഎഎസ് നേടണമെന്ന ലക്ഷ്യബോധമുണ്ടായത്. സിവിൽ സർവീസിന് ഇനി പഠിക്കാൻ സാധിക്കുമോ, തന്നെപ്പോലെയുള്ളവർക്കു പഠിച്ചാൽ കിട്ടുമോ തുടങ്ങി അയാൾക്കു സംശയങ്ങൾ ഏറെയുണ്ടായിരുന്നു. 

ബിരുദം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞതിനാലും സിവിൽ സർവീസ് പരീക്ഷയ്ക്കായി ഇതുവരെ തയാറെടുക്കാത്തതിനാലും, ‘ഒരു കോച്ചിങ് ക്ലാസിൽ ചേരുന്നതാണു നല്ലത്. ഒരു കൊല്ലം, അല്ലെങ്കിൽ ആറു മാസമെങ്കിലും ഒരു സ്ഥാപനത്തിൽ പോയി പഠിച്ചാൽ മാത്രമേ പരീക്ഷയെഴുതാനുള്ള ട്രാക്കിലെത്തൂ’ എന്നായിരുന്നു എന്റെ നിർദേശം. 

രണ്ടു ദിവസം കഴിഞ്ഞു ഫോണിൽ ആ വിദ്യാർഥിയുടെ മറുപടിസന്ദേശം: ‘സർ, സ്ഥാപനങ്ങളിൽ അന്വേഷിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്രയും തുക ഒരുമിച്ചു കണ്ടെത്താനാകുമെന്നു തോന്നുന്നില്ല. അതിനാൽ തൽക്കാലം ഒറ്റയ്ക്കു പഠിച്ചുതുടങ്ങാമെന്നു കരുതുന്നു’. കോച്ചിങ്ങിനായി 50,000 രൂപയോളമെങ്കിലും ഫീസ് നൽകണമായിരുന്നു. താമസത്തിനും ഭക്ഷണത്തിനുമായി വേറെയും. 

ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ കേരളത്തിൽനിന്നു വളരെയധികം പേർക്കു സിവിൽ സർവീസിൽ പ്രവേശനം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഈ വിജയങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് കുറേ കുട്ടികളിലെങ്കിലും സിവിൽ സർവീസ് പരീക്ഷയ്ക്കായി പഠിക്കണമെന്ന ആഗ്രഹം വളർന്നിട്ടുണ്ട്. സ്കൂൾ പഠനകാലത്തുതന്നെ സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കണോ അതോ പിന്നീടു മതിയോ എന്നൊക്കെയടക്കം ഒരുപാടു സംശയങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ട്. അത്തരക്കാർക്കൊരു മാർഗദർശനമാകാൻ ഈ കോളം സഹായിക്കുമെന്ന പ്രതീക്ഷയോടെയാണു തുടങ്ങുന്നത്. 

സിവിൽ സർവീസ് പരീക്ഷ–എന്ത്? എങ്ങനെ? 
വിവിധ അഖിലേന്ത്യാ സർവീസുകളിലേക്കും കേന്ദ്ര സർവീസുകളിലേക്കും അനുയോജ്യരായവരെ കണ്ടെത്താൻ യുപിഎസ്‌സി നടത്തുന്ന പരീക്ഷയാണു സിവിൽ സർവീസ് പരീക്ഷ. പരീക്ഷയുടെ ഘടന, സമയക്രമം, വാർത്തകൾ, സിലബസ് എന്നിവയെല്ലാം സംബന്ധിച്ച വിവരങ്ങൾ പരീക്ഷയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവർ മനസ്സിലാക്കിയിട്ടുണ്ടാവും എന്നതിനാൽ വിശദമാക്കുന്നില്ല. മുൻവർഷങ്ങളിലെ ചോദ്യ പേപ്പറുകൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും യുപിഎസ്‌സിയുടെ വെബ്സൈറ്റിൽ ഉള്ളതിനാൽ വിശദാംശങ്ങൾ അവിടെ ലഭ്യമാക്കാം. ആ ഘട്ടത്തിലേക്കു പോകുംമുൻപ്, പരീക്ഷയെ സംബന്ധിച്ച ഈ അടിസ്ഥാന വിവരങ്ങൾ കൃത്യമായി മനസ്സിലാക്കണം. അതാണു പഠനം തുടങ്ങുന്നതിന്റെ അടിത്തറ. നിങ്ങളിൽ ഒരു സിവിൽ സർവീസ് തൽപരനോ തൽപരയോ ഉണ്ടോ? ആ ജോലിയുടെ ഗ്ലാമറിനപ്പുറം, നമ്മുടെ രാജ്യത്തിന്റെ ഭരണചക്രത്തോടൊപ്പം സഞ്ചരിക്കാനുള്ള തികഞ്ഞ സന്നദ്ധതയുണ്ടോ? അവർക്കുള്ളതാണു സിവിൽ സർവീസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com