ADVERTISEMENT

ചർച്ചകളിലെല്ലാം ചന്ദ്രയാൻ-2 നിറയുമ്പോൾ ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരു കിടിലൻ കരിയറിൽ ‘സോഫ്റ്റ് ലാൻഡ്’ ചെയ്യണമെന്നു സ്വപ്നം കാണുന്നുണ്ടോ ? ഐഎസ്ആർഒയിൽ ഉൾപ്പെടെ കരിയറിനുള്ള ഏറ്റവും മികച്ച ‘ലോഞ്ച് വെഹിക്കിൾ’ ആണു തിരുവനനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി).

ഏഷ്യയിലെ തന്നെ ആദ്യ ബഹിരാകാശപഠന സർവകലാശാല; ബഹിരാകാശ വകുപ്പിനു കീഴിൽ രാജ്യത്തു പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള ഏക ഇൻസ്റ്റിറ്റ്യൂട്ടും. ഇതുവരെയുള്ള 9 ബാച്ചുകളിൽ നിന്നായി ആയിരത്തോളം പേരെയാണ് ഐഎസ്ആർഒ റിക്രൂട്ട് ചെയ്തത്. ഈ വർഷം ബിടെക് കഴിഞ്ഞ 140 പേരിൽ 104 പേരും ഐഎസ്ആർഒയിൽ ! ബാക്കിയുള്ളവർ മെഴ്സിഡീസ് ബെൻസ് ഉൾപ്പെടെയുള്ള വമ്പൻ കമ്പനികളുടെ ഗവേഷണ വിഭാഗത്തിൽ. സാറ്റ്‍ഷുവർ പോലെ രാജ്യത്തെ പ്രമുഖ സ്പേസ് സ്റ്റാർട്ടപ്പുകൾ ജനിച്ചതും ഐഐഎസ്ടിയുടെ മടിത്തട്ടിൽ തന്നെ. നന്നായി പഠിച്ചാൽ നയാപൈസ ചെലവില്ലാതെ കോഴ്സ് പൂർത്തിയാക്കാമെന്ന മെച്ചവുമുണ്ട്.

കോഴ്സുകൾ ഇവ
ബി ടെക്: എയ്റോസ്പേസ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (ഏവിയോണിക്സ്) എന്നിവയിൽ 66 സീറ്റ് വീതം. ഇതിനു പുറമേ എൻജിനീയറിങ് ഫിസിക്സിൽ ബി ടെക്–എംഎസ്/എം ടെക് ചേർന്നുള്ള 5 വർഷത്തെ ഡ്യുവൽ പ്രോഗ്രാം. ആകെ 22 സീറ്റ്.

ജെഇഇ അഡ്വാൻസ്ഡ് വഴിയാണു പ്രവേശനം. ഏപ്രിലിൽ പ്രവേശന വിജ്ഞാപനം ഇറക്കും. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റമാണു പിന്തുടരുന്നത്. 6,7 സെമസ്റ്ററുകളിൽ മറ്റ് ഡിപ്പാർട്മെന്റുകളിൽനിന്ന് ഇലക്ടീവ് കോഴ്സുകൾ തിരഞ്ഞെടുക്കാം. സ്പേസ് ഇക്കണോമിക്സ് ആൻഡ് പോളിസി, ബയോ–ആസ്ട്രനോട്ടിക്സ്, ഒൻട്രപ്രനർഷിപ് ആൻഡ് ഇന്നവേഷൻ എന്നീ ഇലക്ടീവുകൾ അടുത്ത വർഷമെത്തും.

എംടെക്: 15 പ്രോഗ്രാമുകൾ. എയ്റോഡൈനമിക്സ് ആൻഡ് ഫ്ലൈറ്റ് മെക്കാനിക്സ്, തെർമൽ ആൻഡ് പ്രൊപ്പൽഷൻ, കൺട്രോൾ സിസ്റ്റംസ്, ജിയോ ഇൻഫർമാറ്റിക്സ്, മെഷീൻ ലേണിങ് ആൻഡ് കംപ്യൂട്ടിങ്, ഒപ്റ്റിക്കൽ എൻജിനീയറിങ് തുടങ്ങിയവയും ഉൾപ്പെടും. ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്), ജെസ്റ്റ് (ജോയിന്റ് എൻട്രസ് സ്ക്രീനിങ് ടെസ്റ്റ്) സ്കോറുകളാകും പരിഗണിക്കുക. ചിലപ്പോൾ ഇന്റർവ്യൂവും ഉണ്ടാകും. നിശ്ചിത സീറ്റുകൾ ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കു മാറ്റിവച്ചിട്ടുണ്ട്.

നന്നായി പഠിച്ചാൽ ഫീസ് തിരികെ
ഓരോ സെമസ്റ്ററിലും 7.5 ആവറേജ് ഗ്രേഡ് പോയിന്റ് (CGPA) നിലനിർത്തിയാൽ പഠനവും താമസവും പൂർണമായും സൗജന്യമാണ്. ആദ്യമടയ്ക്കുന്ന ഫീസ് തിരികെ നൽകും. ഏതെങ്കിലും സെമസ്റ്ററിൽ മാർക്ക് കുറഞ്ഞാൽ അതിന്റെ മാത്രം ഫീസ് അടയ്ക്കണം.

മിടുക്കർക്ക് യുഎസ് പഠനം
ബിടെക് കോഴ്സുകളിൽ മുന്നിലെത്തുന്ന 3 വിദ്യാർഥികൾക്കു വിഖ്യാതമായ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (കാൽടെക്) 9 മാസത്തെ മാസ്റ്റേഴ്സ് കോഴ്സ് ചെയ്യാം. കാൽടെക്കുമായി ചേർന്ന് ബഹിരാകാശ വകുപ്പ് നൽകുന്ന പ്രഫ.സതീഷ് ധവാൻ എൻഡോവ്മെന്റ് ഫെലോഷിപ്പുള്ളതിനാൽ ചെലവുമില്ല.

ഇന്റേൺഷിപ്പും പ്രോജക്ടും വിദേശത്ത്
യുഎസിലെ കൊളറാഡോ ബോൾഡർ സർവകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്മോസ്ഫെറിക് ആൻഡ് സ്പേസ് ഫിസിക്സുമായി (LASP) ഐഐഎസ്ടിക്കു പങ്കാളിത്തമുണ്ട്. വിദ്യാർഥികൾക്കു ലാസ്പിൽ ഇന്റേൺഷിപ്പും സെമസ്റ്റർ പ്രോജക്ടും ചെയ്യാം. ലാസ്പിന്റെ ഇൻസ്പയർസാറ്റ്–I ദൗത്യത്തിനുള്ള ഫ്ലൈറ്റ് സോഫ്റ്റ്‌വെയർ ഉൾപ്പെടെ വികസിപ്പിച്ചത് ഐഐഎസ്ടിയാണ്.

ഓട്ടോണമസ് അസംബ്ലി ഓഫ് റീകോൺഫിഗറബിൾ സ്പേസ് ടെലിസ്കോപ് (AAReST) എന്ന സ്പേസ് ടെലിസ്കോപ് വികസിപ്പിക്കുന്നതിൽ കാൽടെക്, യുകെയിലെ സറെ (Surrey) സർവകലാശാല എന്നിവയുമായി  ഐഐഎസ്ടി സഹകരിക്കുന്നുണ്ട്. ഹൈദരാബാദ് നാഷനൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഡയറക്ടറായിരുന്ന ഡോ.വി.കെ. ദധ്വാളാണ് ഇപ്പോഴത്തെ ഡയറക്ടർ.വിവരങ്ങൾക്ക്: iist.ac.in

ചൊവ്വയിലേക്കും ശുക്രനിലേക്കും
പഠനം മാത്രമല്ല നാനോ ഉപഗ്രഹ വികസനം മുതൽ റോക്കറ്റ് നിർമാണം വരെയുണ്ട് ഐഐഎസ്ടിയിൽ. ഐഎസ്ആർഒ ചൊവ്വയിലേക്കും ശുക്രനിലേക്കും നടത്തുന്ന ദൗത്യങ്ങളിൽ ഐഐഎസ്ടിയിൽ നിന്നുള്ള പേലോ‍ഡുകളുണ്ടാകും.

ഇക്കഴിഞ്ഞ ഏപ്രിലിൽ പിഎസ്എൽവി–സി45 വഴിയാണ് ഐഐഎസ്ടിയുടെ ആദ്യ ബഹിരാകാശദൗത്യം യാഥാർഥ്യമായത്. അയണോസ്ഫിയറിനെക്കുറിച്ച് പഠിക്കാൻ 49 ദിവസം കൊണ്ട് ഐഎസ്ആർഒയിലെ വിദഗ്ധരുടെ സഹായത്തോടെ വിദ്യാർഥികൾ തയാറാക്കിയ പ്രത്യേക സെൻസറാണ് അന്നയച്ചത്. 2012ൽ വിഎസ്എസ്‍സിയുടെ സഹായത്തോടെ ഐഐഎസ്ടി വികസിപ്പിച്ച വ്യോം (VYOM) എന്ന സൗണ്ടിങ് റോക്കറ്റ് തുമ്പയിൽനിന്ന് വിക്ഷേപിച്ചിരുന്നു.

Kuruvila_Joseph

ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമിലേക്ക് ഐഐഎസ്ടിയിൽ നിന്നുള്ള രണ്ടു പ്രപ്പോസലുകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിലൊന്ന് – കെമിസ്ട്രി വിഭാഗത്തിലെ ഡോ.കെ.ജി ശ്രീജാലക്ഷ്മി സമർപ്പിച്ച പ്രപ്പോസൽ– വരുന്ന ഗഗൻയാൻ ദൗത്യത്തിൽ യാഥാർഥ്യമാകും.

വിദ്യാർഥികൾക്ക് 
വിവിധ ഐഎസ്ആർഒ സെന്ററുകളിൽ ഇന്റേൺഷിപ് ചെയ്യാം. കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എംഎസിനു രാജ്യാന്തര സിലക്‌ഷനാണ്. മിക്ക വർഷവും റാങ്ക് പട്ടികയിൽ ഐഐഎസ്ടി വിദ്യാർഥികളാണു മുന്നിൽ. അതാണു നമ്മുടെ വിദ്യാർഥികളുടെ ലെവൽ.

ഡോ.കുരുവിള ജോസഫ്
(ഡീൻ, ഐഐഎസ്ടി തിരുവനന്തപുരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com