അടിച്ചുപൊളി ലൈഫ് വേണ്ട; ഇന്ത്യൻ യുവത്വം മാറുന്നു, കാരണമുണ്ട്...

Youth
SHARE

റായ്ബറേലിയിലെ ആശിഷ് സാവ്‌ലാനിയെന്ന ചെറുപ്പക്കാരന്‍ ഗുരുഗ്രാമിലെ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പേരിന് ടെക്കിയാണെങ്കിലും പൊതുവേ ടെക്കികള്‍ക്കുള്ള അടിച്ചു പൊളിയൊന്നും ആശിഷിനില്ല. കിടിലന്‍ ബൈക്കില്ല, അധികം യാത്രകളില്ല, ഓണ്‍ലൈനില്‍ ഫുഡ് ഓര്‍ഡറില്ല. യാത്ര ചെയ്യുന്നത് പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച്. ഭക്ഷണം പലപ്പോഴും സ്വന്തമായി പാകം ചെയ്തു കഴിക്കും. പണം ചെലവാക്കുന്നത് അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രം. 

ഭോപ്പാലിലെ പ്രതീക് ജെയിനും, മണാലിയിലെ സാറയുമെല്ലാം ഏതാണ്ട് ഇതേ പാതയിലാണ്. ഉറുമ്പ് ഭക്ഷണം കൂട്ടി വയ്ക്കുന്നതു പോലെ ഈ ചെറുപ്പക്കാരെല്ലാം 22ഉം 23ഉം വയസ്സില്‍ പണം ഇങ്ങനെ സ്വരുക്കൂട്ടുന്നത് എന്തിനാകും? അതും സാധാരണ ചെറുപ്പക്കാരുടെ ആഡംബരങ്ങളെല്ലാം വേണ്ടെന്ന് വച്ച്. ലോകമെമ്പാടുമുള്ള പുതു തലമുറ ഏറ്റെടുത്ത ഒരു വിപ്ലവത്തിലേക്ക് എടുത്തു ചാടാന്‍ ഒരുങ്ങുകയാണ് ഈ ഇന്ത്യന്‍ യുവാക്കളെല്ലാം. പുതു നൂറ്റാണ്ടിലെ യുവാക്കള്‍ക്കിടയില്‍ തീ പോലെ പടരുന്ന ആ വിപ്ലവത്തിന്റെ പേരാണ് ഫയര്‍ വിപ്ലവം. 

വിരമിക്കാം ചെറുപ്പത്തില്‍
Financial Independence, Retire Early എന്നതിന്റെ ചുരുക്കെഴുത്താണ് FIRE. അതായത് പണം സമ്പാദിച്ച് എത്രയും വേഗം സാമ്പത്തിക സ്വാതന്ത്ര്യം നേടുക. എന്നിട്ട് 30കളിലും 40കളിലും ജോലിയില്‍ നിന്ന് വിരമിക്കുക. ശേഷം ജോലിയുടെ കെട്ടുപാടുകളില്ലാതെ യാത്രയോ, സംഗീതമോ, രാഷ്ട്രീയമോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചെയ്യുക. ഈ ആശയ കൂട്ടായ്മയുടെ പേരാണ് ഫയല്‍ വിപ്ലവം. 

'Your Money or Your Life ' എന്ന പേരില്‍ വിക്കി റോബിനും ജോ ഡോമിഗെസ്സും ചേര്‍ന്ന് 1992ല്‍ പുറത്തിറക്കിയ പുസ്തകമാണ് ഈ ആശയത്തിന് ആദ്യ വിത്തിട്ടത്. ജേക്കബ് ലണ്ട് ഫിസ്‌കര്‍ 2010ല്‍ ഇറക്കിയ 'Early Retirement Extreme' എന്ന പുസ്തകം ഈ ആശയത്തെ പിന്തുണച്ചു. ലളിത ജീവിതത്തിലൂടെയും നിക്ഷേപത്തിലൂടെയും വളരെ ചെറുപ്പത്തില്‍ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴികളാണ് ഈ പുസ്തകങ്ങള്‍ മുന്നോട്ട് വച്ചത്. 31-ാം വയസ്സില്‍ ജോലിയില്‍ നിന്ന് വിരമിച്ച് ലോകം ചുറ്റാനിറങ്ങിയ ഭാര്യാ ഭര്‍ത്താക്കന്മാരായ ബ്രൈസ് ലുങ്ങും ക്രിസ്റ്റി ഷെന്നുമാണ് ഈ ആശയത്തിന് പ്രചാരം നല്‍കി ഫയര്‍ റവല്യൂഷന്‍ എന്ന മുന്നേറ്റമാക്കി ഇതിനെ മാറ്റിയത്. https://www.millennial-revolution.com/ എന്ന വെബ്‌സൈറ്റിലൂടെ തങ്ങളുടെ മില്ലേനിയല്‍ റവല്യൂഷന്‍ ആശയങ്ങള്‍ ബ്രൈസും ക്രിസ്റ്റിയും യുവാക്കളുമായി പങ്കു വയ്ക്കുന്നുണ്ട്. 

പതിനഞ്ചോ ഇരുപതോ വര്‍ഷം ലളിതമായി ജീവിക്കുകയും അതി തീവ്രമായി നിക്ഷേപിക്കുകയും ചെയ്ത് അതില്‍ നിന്ന് ശിഷ്ടകാലം അടിച്ചു പൊളിക്കാനുള്ള വരുമാനം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഫയര്‍ വിപ്ലവത്തിന്റെ മുദ്രാവാക്യം. ആരോഗ്യമെല്ലാം ക്ഷയിച്ച് പ്രായമായി വിരമിക്കുന്നതിനേക്കാല്‍ നല്ലത് യുവത്വം അശേഷിക്കുമ്പോള്‍ തന്നെ വിരമിക്കുന്നതാണെന്ന് ഈ വിപ്ലവത്തിന്റെ വക്താക്കള്‍ പറയുന്നു. ഇതിനായി സ്വന്തമായി ഒരു വീട് എന്നത് പോലുളള ചില സ്വപ്നങ്ങള്‍ ഉപേക്ഷിക്കണമെന്ന് മാത്രം. സാമ്പത്തിക മാന്ദ്യം തങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന തിരിച്ചറിവും ഇന്ത്യന്‍ യുവാക്കളെ ഫയര്‍ വിപ്ലവത്തിലേക്ക് നയിക്കുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA