ADVERTISEMENT

കെഎഎസ് പ്രാഥമിക പരീക്ഷയുടെ സിലബസ് ഇങ്ങനെ.

ചരിത്രം

പ്രാചീന, മധ്യകാല, ആധുനിക ഇന്ത്യ ഉൾപ്പെടെ വിശാലമായ സിലബസാണ് ഹിസ്റ്ററിയുടേത്. പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള കേരള ചരിത്രം സിലബസിലുണ്ട്. ലോകചരിത്രവും ഇടംപിടിച്ചിരിക്കുന്നു. എൻസിഇആർടിയുടെ എട്ടാം ക്ലാസ് മുതലുള്ള പുസ്തകങ്ങളാണ് ഇവ പഠിക്കാനുള്ള അടിസ്ഥാനം. പുറമേ എൻസിഇആർടി പ്ലസ് വൺ, പ്ലസ് ടു ചരിത്ര പുസ്തകങ്ങളും നിർബന്ധമായും വായിച്ചിരിക്കണം. അതിനു ശേഷം ‘ബ്രീഫ് ഹിസ്റ്ററി ഓഫ് മോഡേൺ ഇന്ത്യ,’ ബിപിൻ ചന്ദ്രയുടെ ‘ഹിസ്റ്ററി ഓഫ് മോഡേൺ ഇന്ത്യ’, എന്നീ പുസ്തകങ്ങളും റഫർ ചെയ്യാം. 

ഭരണഘടന, സാമൂഹ്യ നീതി, ഭരണ നിർവഹണം

സാധാരണ പിഎസ്‌‌സി പരീക്ഷകൾക്കു ചോദിക്കുന്നതിലും കൂടുതൽ ഭാഗങ്ങൾ ഇവിടെനിന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിദേശ നയം, പഞ്ചായത്ത് രാജ്, മനുഷ്യാവകാശങ്ങൾ എന്നിവ പഠിക്കണം. എൻസിഇആർടി പ്ലസ് വൺ, പ്ലസ് ടു പുസ്തകങ്ങൾക്കു പുറമേ എം.ലക്ഷ്മികാന്തിന്റെ ‘ഇന്ത്യൻ പൊളിറ്റി’ എന്ന പുസ്തകത്തിൽ നിന്നു സിലബസിലെ ഒട്ടുമിക്ക ഭാഗങ്ങളും പഠിക്കാനാവും.

ഭൂമിശാസ്ത്രം

സൗരയൂഥം മുതൽ പ്രളയം വരെയുള്ള കാര്യങ്ങൾ ഭൂമിശാസ്ത്രം അഥവാ ജ്യോഗ്രഫിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെയും ഇന്ത്യയുടെയും കേരളത്തിന്റെയും ഭൂപ്രകൃതി, പ്രത്യേകതകൾ തുടങ്ങിയവ ചോദിക്കാം. കാലാവസ്ഥ, സമുദ്രങ്ങൾ എന്നീ വിഭാഗങ്ങളും പ്രധാനം. എൻസിഇആർടിയുടെ പ്ലസ് വൺ, പ്ലസ് ടു ജ്യോഗ്രഫി പുസ്തകങ്ങൾ വായിക്കണം. ഗോ ചെങ് ലോങ്ങിന്റെ ‘സർട്ടിഫിക്കറ്റ് ഫിസിക്കൽ ആൻഡ് ഹ്യൂമൻ ജ്യോഗ്രഫി’, ഡി.ആർ.ഖുള്ളറുടെ ‘ഐഎസ്‌സി ജ്യോഗ്രഫി’ എന്നീ പുസ്തകങ്ങൾ മികച്ച മാർക്ക് നേടിത്തരും. 

സാമ്പത്തികശാസ്ത്രം, ആസൂത്രണം

പ്രിലിമിനറി പരീക്ഷയിലെ രണ്ടാം പേപ്പറിലെ പ്രധാനപ്പെട്ട ഭാഗമാണിത്. ഇന്ത്യൻ സാമ്പത്തികശാസ്ത്രം, കൃഷി, വ്യവസായ മേഖല, തുടങ്ങി കേരള വികസന മോഡൽ വരെ സിലബസിലുണ്ട്. 

ഈ മേഖലയിലും അടിസ്ഥാന വിജ്ഞാനം ലഭിക്കാൻ പ്ലസ് വൺ, പ്ലസ് ടു എൻസിഇആർടി പുസ്തകങ്ങൾ സഹായിക്കും. അതിനു ശേഷം ശങ്കർ ഗണേശിന്റെ ‘ഇന്ത്യൻ ഇക്കോണമി’ എന്ന പുസ്തകം റഫർ ചെയ്താൽ വിഷയം എളുപ്പമാകും. കേരള വികസനവും നയങ്ങളും പത്രങ്ങളിൽ നിന്നു ശേഖരിക്കുക. സർക്കാരിന്റെ ‘കേരള ഇക്കണോമിക് റിവ്യൂ’ എന്ന പ്രസിദ്ധീകരണവും റഫർ ചെയ്യാം. 

കേരളത്തിന്റെ സാംസ്കാരിക പൈതൃകം

കേരള സാഹിത്യം, കലാരൂപങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ, ടൂറിസം, സിനിമ, മലയാളത്തിന്റെ ഉത്ഭവവും പരിണാമവും തുടങ്ങിയ വിഷയങ്ങളാണ് ഈ മേഖലയിൽ. കേരള സിലബസിലെ ഹയർസെക്കൻഡറി തലത്തിലുള്ള മലയാളം, ഹ്യുമാനിറ്റീസ് പുസ്തകങ്ങൾ പ്രയോജനപ്പെടുത്താം. കേരള ടൂറിസം വെബ്സൈറ്റും നോക്കാം.

സയൻസ് ആൻഡ് ടെക്നോളജി

സയൻസ്, റോബോട്ടിക്സ്, നിർമിതബുദ്ധി, ഇ ഗവേണൻസ് തുടങ്ങിയവയാണ് ഈ വിഭാഗത്തിൽ. ഐഎസ്ആർഒ, ഡിആർഡിഒ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ, എൺവയൺമെന്റൽ സയൻസ്, ജൈവവൈവിധ്യം, ബയോടെക്നോളജി തുടങ്ങിയവയും സിലബസിലുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങൾ, എൻസിഇആർടിയുടെ പ്ലസ് വൺ, പ്ലസ് ടു പുസ്തകങ്ങൾ എന്നിവ ഗുണം ചെയ്യും. 

മലയാളം

പ്രിലിമിനറി പരീക്ഷയിലെ രണ്ടാം പേപ്പറിൽ 30 മാർക്കാണ് മലയാളത്തിനു നൽകിയിരിക്കുന്നത്. വ്യാകരണം, പദാവലി എന്നിവയിൽ ഗ്രാഹ്യം നേടണം. കൂടാതെ ഔദ്യോഗിക ഭാഷാ പദാവലി എന്ന ഭാഗവും സിലബസിലുണ്ട്. ആനുകാലിക തൊഴിൽ പ്രസിദ്ധീകരണങ്ങളിൽ നിന്നും ഇവ പഠിച്ചെടുക്കാം.

ഇംഗ്ലിഷ്

20  മാർക്കാണ് ഇംഗ്ലിഷിന്.  പിഎസ്‌സി ഉൾപ്പെടെയുള്ള സാധാരണ ബിരുദതല മത്സരപ്പരീക്ഷകളുടേതു പോലെ തന്നെയാണ് ഇവിടെയും ഇംഗ്ലിഷിന്റെ സിലബസ്. സ്കൂൾ തലത്തിൽ പഠിച്ചിട്ടുള്ള വ്യാകരണത്തേക്കാൾ കൂടുതലായി ചോദിക്കാൻ സാധ്യതയില്ല. വൊക്കാബുലറി സ്ഥിരമായി പഠിക്കണം. 

റീസണിങ് ആൻഡ് മെന്റൽ എബിലിറ്റി

ബിരുദതല പിഎസ്‌സി പരീക്ഷകളുടെ നിലവാരമാണ് ഈ വിഭാഗത്തിൽ പ്രതീക്ഷിക്കുന്നത്. എല്ലാ ദിവസവും കണക്കിലെ ചോദ്യങ്ങൾ പരിശീലിക്കണം. ഇതു വേഗം വർധിപ്പിക്കാൻ സഹായിക്കും. മുൻ വർഷ പിഎസ്‌സി ചോദ്യപ്പേപ്പറുകൾ നിർബന്ധമായും പരിശീലിക്കണം. 

Content Summary: Kerala Administrative Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com