ADVERTISEMENT

റൊബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാനോടെക്നോളജി, ഓൺലൈൻ മര്യാദകൾ.. ഇത്തരം ‘ന്യൂജെൻ’ വിഷയങ്ങളാണു കെഎഎസ് പ്രാഥമിക പരീക്ഷയുടെ സിലബസിനെ വേറിട്ടുനിർത്തുന്നത്. പേടിക്കേണ്ട കാര്യമില്ല; സാധാരണ പഠിക്കുന്ന വിഷയങ്ങൾക്കൊപ്പം ആധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നേയുള്ളൂ.

താരതമ്യേന പുതിയ വിഷയങ്ങളായതിനാൽ സ്റ്റഡി മെറ്റീരിയലുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും വിവരങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാണ്. പലതും സമകാലിക സംഭവങ്ങളിൽ കൂടി പരിചിതവുമാണ്. അതുകൊണ്ടുതന്നെ ഈ ഭാഗത്തെ ചോദ്യങ്ങൾ അധികം ബുദ്ധിമുട്ടിക്കില്ലെന്നു പ്രതീക്ഷിക്കാം. കെഎഎസ് സിലബസിൽ ഇടംപിടിച്ചതും താരതമ്യേന പുതിയതുമായ വിഷയങ്ങൾ പരിശോധിക്കാം.

ശാസ്ത്ര, സാങ്കേതികവിദ്യ

രണ്ടാം പേപ്പറിലെ സുപ്രധാന ഭാഗമാണു സയൻസ് ആൻഡ് ടെക്നോളജി. സാധാരണ മത്സരപരീക്ഷകൾക്ക് ഈ ഭാഗത്തുനിന്നു ചോദ്യങ്ങൾ വരാറുള്ളതാണ്. ഐഎസ്ആർഒ, ഡിആർഡിഒ, ബഹിരാകാശ പദ്ധതികൾ തുടങ്ങിയവ ഉദാഹരണം. എന്നാൽ, ശാസ്ത്ര സാങ്കേതികവിദ്യയുടെ സാധ്യതകൾ, ദേശീയ നയം തുടങ്ങിയവ സാധാരണ പിഎസ്‌സി പരീക്ഷകൾക്കു കണ്ടുവരുന്നവയല്ല.

വിവര സാങ്കേതികവിദ്യ (ഐടി) എന്ന പ്രത്യേക ഭാഗം തന്നെ സിലബസിലുണ്ട്. ഇ– ഗവേണൻസ്, ഐടി രംഗത്തെ സർക്കാർ നയങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റൊബോട്ടിക്സ് തുടങ്ങിയവ ഇതിലുൾപ്പെടും. രാജ്യത്തിന്റെ ഊർജനയവും സിലബസിലുണ്ട്. പരമ്പരാഗത ഊർത സ്രോതസ്സുകൾ, പാരമ്പര്യേതര ഊർജം, ആണവ നയം എന്നിവ ഈ ഭാഗത്തുണ്ട്.

എങ്ങനെ പഠിക്കാം: പ്രാഥമിക പരീക്ഷ പോലെ തന്നെ രണ്ടാം ഘട്ടത്തിലെ എഴുത്തുപരീക്ഷയ്ക്കും ഈ ഭാഗം പ്രയോജനപ്പെടും എന്നുറപ്പ്. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഈ ഭാഗങ്ങളുമായി ബന്ധപ്പെട്ടു പത്രങ്ങളിൽ വരുന്ന വാർത്തകൾ കുറിച്ചുവയ്ക്കാം. സിലബസ് എടുത്തുവച്ച് ഓരോ മേഖലയെയും സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ ഇന്റർനെറ്റിൽനിന്നു ശേഖരിച്ച് കുറിപ്പുകൾ തയാറാക്കുന്നതു പ്രാഥമിക ഘട്ടത്തിലും തുടർന്നും ഗുണം ചെയ്യുമെന്ന് ഉറപ്പ്.

പരിസ്ഥിതി ശാസ്ത്രം

യുപിഎസ്‌സി പരീക്ഷകൾക്കു സാധാരണ കണ്ടുവരുന്ന വിഷയം. എന്നാൽ, കാലാവസ്ഥാ മാറ്റം, ഇതു സംബന്ധിച്ച് ഇന്ത്യയുടെ പദ്ധതികൾ, പശ്ചിമഘട്ടത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവ താരതമ്യേന പുതിയതാണ്. ദുരന്തനിവാരണം, കാർബൺ എമിഷൻ എന്നിവയും സിലബസിലുണ്ട്.

ബയോടെക്നോളജിയിലെ കുതിപ്പുകൾ, നാനോ ടെക്നോളജി, പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ തുടങ്ങിയവയും ഈ ഭാഗത്തു നിന്നുള്ള താരതമ്യേന പുതിയ കാര്യങ്ങളാണ്.

എങ്ങനെ പഠിക്കാം: 

പന്ത്രണ്ടാം ക്ലാസ് എൻസിഇആർടി ബയോളജി പുസ്തകത്തിലെ ചില പാഠങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ട് അടിസ്ഥാന വിവരങ്ങൾ നൽകും. എൻവയൺമെന്റ് സയൻസുമായി ബന്ധപ്പെട്ടു യുപിഎസ്‌സി പരീക്ഷകൾക്കു വേണ്ടി തയാറാക്കിയ പുസ്തകങ്ങൾ ഗുണം ചെയ്യും. 

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും സംഭവങ്ങളും ശ്രദ്ധിക്കുക. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും റഫർ ചെയ്യാം.

കടപ്പാട്:
ആന്റൻ ബാബു
കെഎഎസ് ക്രാക്കർ
തിരുവനന്തപുരം

കെഎഎസ് വഴി ഐഎഎസിലേക്ക്

ഡോ. അലക്സാണ്ടർ ജേക്കബ്  (മുൻ ഡിജിപി)

സാധാരണക്കാർക്ക് തിരഞ്ഞെടുപ്പിലൂടെയല്ലാതെ ഉയർന്ന അധികാരസ്ഥാനങ്ങൾ വഹിക്കാനുള്ള അവസരമാണ് ഐഎഎസ് തരുന്നത്. എന്നാൽ, കേരളത്തിലെ സമർഥരായ കുട്ടികളോടു മാത്രം മത്സരിച്ചാൽ മതിയെന്നതിനാൽ ഐഎഎസ് പരീക്ഷയുടെ പകുതി കഷ്ടപ്പാടിൽ കെഎഎസ് പാസാകാം. കെഎഎസിൽനിന്നു പിന്നീട് ഐഎസിലേക്കു പ്രവേശിക്കുകയും ചെയ്യാം. മിക്ക സംസ്ഥാനങ്ങളിലും നടപ്പാക്കിയ ഈ ഭരണ സർവീസ് കേരളത്തിലെത്താൻ വൈകി എന്നതാണു സത്യം. സിവിൽ സർവീസ് പരീക്ഷയുടെ സിലബസിനേക്കാൾ അധികമായി മലയാള ഭാഷ, കേരള ചരിത്രം, സംസ്കാരം, ടൂറിസം തുടങ്ങിയ മേഖലകൾ കെഎഎസ് കൈകാര്യം ചെയ്യുന്നു എന്നതു ശ്രദ്ധേയം. ഭരണഭാഷ ഫലപ്രദമായി മലയാളത്തിലാക്കുന്നതിനും ഇതു സഹായിക്കും. 

ഇ–ഗവേണൻസ്, ആധുനിക സാങ്കേതിക വിദ്യകളിലെ അറിവ് തുടങ്ങി യുപിഎസ്‌സിക്കു പോലും ചോദിക്കാത്ത കാര്യങ്ങൾ സിലബസിലുണ്ട്. കംപ്യൂട്ടർവൽകൃത ഭരണപരിഷ്കാരങ്ങൾക്ക് ഈ അറിവ് സഹായിക്കും.

Content Summary: Kerala Administrative Service, Preparation Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com