എൽഡിസി: അപേക്ഷിക്കും മുൻപ് അറിയണം ഈ 5 കാര്യങ്ങൾ

LDC-preparation
SHARE

എൽഡി ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ഡിസംബർ 18 വരെ. അപേക്ഷകർ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.

അപേക്ഷകരുടെ എണ്ണം:ട്രെൻഡ് അറിയാം

2016ൽ ഏറ്റവും കൂടുതൽ അപേക്ഷകരുണ്ടായിരുന്ന ജില്ല തിരുവനന്തപുരം– 2.29 ലക്ഷം. ഏറ്റവും കുറച്ച് അപേക്ഷകരുണ്ടായിരുന്ന ജില്ലകൾ വയനാട് (58,113), കാസർകോട് (64,236), ഇടുക്കി (74,912). ഇക്കുറിയും ഇതേ ട്രെൻഡ് പ്രതീക്ഷിക്കാം. 

നിയമനം ജില്ലാ അടിസ്ഥാനത്തിൽ

എൽഡിസി നിയമനം ജില്ലാ അടിസ്ഥാനത്തിലാണ്. നിയമനം ലഭിക്കുന്ന ജില്ലയിൽ അഞ്ചു വർഷം തുടർച്ചയായി ജോലി ചെയ്‌ത ശേഷമേ അതേ വകുപ്പിൽ മറ്റൊരു ജില്ലയിലേക്കു മാറ്റം അനുവദിക്കൂ. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലേക്കാണു മാറ്റം തേടുന്നതെങ്കിൽ ഈ വ്യവസ്ഥ ബാധകമല്ല. എന്നാൽ ഈ ജില്ലകളിൽനിന്നു മറ്റു ജില്ലകളിലേക്കുള്ള സ്ഥലംമാറ്റത്തിന് ആനുകൂല്യമില്ല. 

വകുപ്പിൽ ചോയ്സ് ഇല്ല

സംസ്ഥാന സർക്കാരിനു കീഴിലെ എൺപതിലേറെ വകുപ്പുകളിലേക്കാണ് എൽഡിസി ലിസ്റ്റിൽനിന്നുള്ള നിയമനം. എത്ര ഉയർന്ന റാങ്കാണെങ്കിലും ഇഷ്ട വകുപ്പ് തിരഞ്ഞെടുക്കാനാകില്ല. പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളുടെ ക്രമമനുസരിച്ചാണു നിയമനം.

കൂടിയ യോഗ്യതയ്ക്ക് മുൻഗണനയില്ല

എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത എസ്എസ്എൽസി ജയമാണ്. ഉയർന്ന യോഗ്യതയ്ക്കു മുൻഗണനയില്ല. പിഎസ്‌സി പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണു ലിസ്റ്റ് തയാറാക്കുന്നത്. കായിക താരങ്ങൾക്കും വിമുക്ത ഭടന്മാർക്കും വെയ്റ്റേജ് ഉണ്ടെങ്കിലും നിശ്ചിത കട്ട്ഓഫ് മാർക്ക് നേടിയാലേ ഇതു പരിഗണിക്കൂ. 

എണ്ണായിരത്തിലേറെ നിയമനങ്ങൾ

കഴിഞ്ഞ എൽഡിസി പരീക്ഷ വഴി 14 ജില്ലകളിലായി 36,783 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. പിഎസ്‌സി വെബ്സൈറ്റ് പ്രകാരം, ഇതുവരെ നിയമനശുപാർശ ലഭിച്ചവർ 3861. ലിസ്റ്റിന്റെ കാലാവധി തീരുന്ന 2021 ഏപ്രിൽ ഒന്നിനകം എണ്ണായിരത്തിലേറെപ്പേർക്കു നിയമനം പ്രതീക്ഷിക്കാം. വരാൻ പോകുന്ന പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽനിന്നും ഏകദേശം ഇത്ര തന്നെ നിയമനങ്ങൾക്കു സാധ്യത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA