sections
MORE

കെഎഎസ്: സമകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കാം

economics
SHARE

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷയുടെ രണ്ടാം പേപ്പറിൽ വളരെ പ്രധാനപ്പെട്ട ഭാഗമാണ് ‘ഇക്കണോമിക്സ് ആൻഡ് പ്ലാനിങ്’ (സമ്പദ്‌വ്യവസ്ഥയും ആസൂത്രണവും). കെഎഎസ് സിലബസിൽ ഉൾപ്പെട്ട കറന്റ് അഫയേഴ്സ്, ഭൂമിശാസ്ത്രം ഉൾപ്പെടെയുള്ള മറ്റു പ്രധാനപ്പെട്ട വിഷയങ്ങൾ പൂർണമായും പഠിക്കണമെങ്കിൽ സാമ്പത്തികശാസ്ത്രം കൂടി അറിയണം. രണ്ടാം ഘട്ടമായ ഡിസ്ക്രിപ്റ്റീവ് പരീക്ഷയിലാകും ഇതിന്റെ പ്രയോജനം ഉണ്ടാവുക. ഉദാഹരണത്തിനു സമകാലിക സംഭവങ്ങളുടെ കൂട്ടത്തിൽ ആർസിഇപി കരാറിനെക്കുറിച്ചു ചോദിച്ചാൽ നന്നായി ഉത്തരമെഴുതണമെങ്കിൽ സാമ്പത്തികശാസ്ത്രവും അറിഞ്ഞിരിക്കണം. വിവിധ സംസ്ഥാനങ്ങളിലെ കാർഷികവിളകളും വ്യവസായങ്ങളും സംബന്ധിച്ചു ചോദിക്കുമ്പോൾ, അവയുടെ ഉൽപാദനം, കയറ്റുമതി, സാമ്പത്തിക സ്ഥിതി തുടങ്ങിയവയും ഉത്തരത്തിന്റെ ഭാഗമായി എഴുതേണ്ടി വരും.

അതുകൊണ്ട് ഉപരിപ്ലവമായ പഠനം പോരാ, ആഴത്തിലുള്ള പഠനം തന്നെ വേണം. സിലബസ് അനുസരിച്ച് എല്ലാ വിഷയങ്ങളും പഠിക്കേണ്ടതുണ്ട്. എല്ലാ വിഷയങ്ങളും സമകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തിയാകും ചോദിക്കുക. ഇവയുമായി ബന്ധപ്പെട്ടു വരുന്ന പത്രവാർത്തകളും ശ്രദ്ധിക്കണം. സിലബസിന്റെ വിശകലനവും പഠിക്കേണ്ട പ്രധാന ഭാഗങ്ങളും പരിശോധിക്കാം.

മൊഡ്യൂളുകൾ 9
ഒൻപതു മൊഡ്യൂളുകളായാണ് ‘ഇക്കണോമിക്സ് ആൻഡ് പ്ലാനിങ്’ സിലബസ് തിരിച്ചിരിക്കുന്നത്– ആദ്യ ഏഴെണ്ണം ഇന്ത്യയെക്കുറിച്ചും അവസാനത്തെ രണ്ടെണ്ണം കേരളത്തെക്കുറിച്ചും. 

shyjumon

മൊഡ്യൂൾ 1: ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതു മുതലുള്ള ധനകാര്യ നയങ്ങളാണ് ഈ ഭാഗത്തു പ്രധാനമായും പഠിക്കേണ്ടത്. അന്നുമുതൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ മാറ്റങ്ങൾ, ട്രെൻഡുകൾ, ദേശീയവരുമാനം തുടങ്ങിയവ പഠിക്കണം. 

മൊഡ്യൂൾ 2: രാജ്യത്തെ കാർഷിക മേഖല. വിളകളുടെ ഉൽപാദനം, വിറ്റഴിക്കൽ, കേരളത്തിലെ കാർഷികമേഖലയെക്കുറിച്ചുള്ള വിവരങ്ങളും പഠിക്കേണ്ടതുണ്ട്. 

മൊഡ്യൂൾ 3: രാജ്യത്തെ വ്യവസായമേഖല. നയങ്ങൾ, വിവിധ സർക്കാരുകളുടെ ഇടപെടലുകൾ തുടങ്ങിയവ. 

മൊഡ്യൂൾ 4: അടിസ്ഥാനസൗകര്യങ്ങൾ. ജലവിതരണം, ഊർജം, നഗരവൽക്കരണം, വാർത്താവിനിമയം, സാമൂഹിക ആഘാതപഠനം തുടങ്ങിയവയാണ് ഈ ഭാഗത്തുള്ളത്. 

മൊഡ്യൂൾ 5: ജനസംഖ്യാ പഠനം. ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്കുള്ള കുടിയേറ്റം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വേണ്ടിയുള്ള പദ്ധതികൾ, സന്തോഷ സൂചിക ഉൾപ്പെടെയുള്ള ഗുണനിലവാര സൂചികകൾ. 

മൊഡ്യൂൾ 6: പൊതു ധനകാര്യം, ബജറ്റ്, കടം, നികുതികൾ, ധനകാര്യ കമ്മിഷൻ, കേന്ദ്ര– സംസ്ഥാന ബന്ധം. 

മൊഡ്യൂൾ 7: വിദേശ വ്യാപാരം. കയറ്റുമതി, ഇറക്കുമതി, പരിഷ്കരണങ്ങൾ, വ്യാപാര നയം, കരാറുകൾ. 

മൊഡ്യൂൾ 8: കേരള സമ്പദ്‌വ്യവസ്ഥ, കാർഷികമേഖല, അടിസ്ഥാന സൗകര്യവികസനത്തിനുള്ള പദ്ധതികൾ, പ്രവാസികാര്യം. 

മൊഡ്യൂൾ 9: കേരള വികസന മാതൃക. ഭൂപരിഷ്കരണം, ടൂറിസം തുടങ്ങിയവ.

എങ്ങനെ പഠിക്കാം

സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനം മനസ്സിലാക്കാൻ 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ എൻസിഇആർടി ഇക്കണോമിക്സ് പുസ്തകങ്ങൾ വായിക്കണം.

കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കുന്ന ‘ഇക്കണോമിക് സർവേ’ എന്ന റിപ്പോർട്ടിന്റെ ഏറ്റവും പുതിയ വേർഷൻ വായിക്കണം. finmin.nic.gov.in എന്ന വെബ്സൈറ്റിൽനിന്നു പിഡിഎഫ് ആയി ഇതു ഡൗൺലോഡ് ചെയ്യാം.

സംസ്ഥാന പ്ലാനിങ് ബോർഡ് വെബ്സൈറ്റിൽനിന്ന് ഇക്കണോമിക് റിവ്യൂ എന്ന റിപ്പോർട്ട് ഡൗൺലോഡ് ചെയ്തു വായിക്കാം. spb.kerala.gov.in

ഇന്ത്യൻ ഇക്കോണമിയെക്കുറിച്ചു പഠിക്കാൻ (ഇവയിൽ ഒന്ന് മതി)

Indian Economy– Uma Kapila

Indian Economy– Dutt & Sundaram 

Indian Economy– Misra & Puri

കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചു പഠിക്കാൻ (ഇവയിൽ ഒന്ന് മതി)

Kerala's Economic Development– B.A.Prakash, Jerry Alwin 

Kerala, The Development Experience– Govindan Parayil

(തിരുവനന്തപുരം ഐഐഎസ്ടിയിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) ഇക്കണോമിക്സ് വിഭാഗം അസോഷ്യേറ്റ് പ്രഫസറാണു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA