sections
MORE

ജീവിതത്തിൽ ഉയർച്ചയും അംഗീകാരവും വേണോ? വളർത്തിയെടുക്കാം ഈ ശീലം

career
SHARE

ഫുട്ബാൾ താരം പെലെയുടെ ആത്മകഥയിൽ വിവരിക്കുന്ന ഒരു സംഭവമുണ്ട്. ഒരിക്കൽ കൂട്ടുകാർക്കൊപ്പം മൈതാനത്തു പുകവലിച്ചുകൊണ്ടിരിക്കുകയായിരുന്നു പെലെ. ആ സമയം പെലെയുടെ അച്ഛൻ അതുവഴി കടന്നുവന്നു. പെലെയും കൂട്ടുകാരെയും കണ്ടെങ്കിലും അദ്ദേഹം ഗൗനിക്കാതെ കടന്നുപോയി. കൂട്ടുകാർ പെലെയോടു പറഞ്ഞു: ‘ഭയപ്പെടേണ്ട. നീ പുകവലിക്കുന്നത് അച്ഛൻ കണ്ടിട്ടില്ല’.  

വൈകുന്നേരം വീട്ടിലെത്തിയ പെലെയോട് അച്ഛൻ ചോദിച്ചു: ‘നീ പുകവലിച്ചോ?’ ‘അതെ’ എന്നു പെലെയുടെ സത്യസന്ധമായ മറുപടി. ഉടൻ അച്ഛന്റെ അടുത്ത ചോദ്യം?: ‘അതിന്റെ ടേസ്റ്റ് എന്താണു കുട്ടീ?’ പെലെയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. പെലെയെ അടുത്തുപിടിച്ച് അച്ഛൻ പറഞ്ഞു: ‘ജീവിതത്തിൽ നിനക്കൊരു ലക്ഷ്യമുണ്ട്. നീയൊരു മികച്ച ഫുട്‌ബോളർ ആണ്. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ഉപയോഗം നിന്റെ ശരീരം താങ്ങില്ല. ലഹരിയോടുള്ള ഇഷ്ടം നിന്റെ ജീവിതലക്ഷ്യത്തെ തകർക്കും’. 

പോക്കറ്റിൽനിന്നു കാശെടുത്തു നീട്ടി അച്ഛൻ ഇത്രയും കൂടി പറഞ്ഞു: ‘നിനക്ക് എപ്പോഴെങ്കിലും പുകവലിക്കണമെന്നു തോന്നുന്നെങ്കിൽ സ്വന്തമായി വാങ്ങി ഉപയോഗിക്കുക. കൂട്ടുകാരിൽനിന്ന് ഒരിക്കലും വാങ്ങി ഉപയോഗിക്കരുത്’. സ്‌നേഹപൂർണമായ ആ വാക്കുകൾ പെലെയുടെ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു. പിന്നീട് ഒരിക്കൽപോലും മദ്യമോ പുകയില ഉൽപന്നങ്ങളോ അദ്ദേഹം ഉപയോഗിച്ചില്ല. 

നമുക്കിഷ്ടമുള്ള കാര്യമാണെങ്കിൽപോലും അത് ഉപേക്ഷിക്കാൻ തയാറാകുന്നിടത്താണ് മികച്ച അച്ചടക്കബോധത്തിനു തുടക്കമാവുന്നത്. നമുക്ക് ഒരുപാട് ഇഷ്ടങ്ങളുണ്ടാവും. ആ ഇഷ്ടങ്ങൾ നമ്മുടെ ജീവിതത്തെ ഹനിക്കുന്നതാണെങ്കിൽ ഉപേക്ഷിക്കാനുള്ള ആർജവമാണ് ഉണ്ടാകേണ്ടത്. ഏതു പ്രഫഷനിലും വിജയിക്കാൻ അച്ചടക്കം വേണം. സ്ഥാപനത്തിന്റെ നിയമാവലിയനുസരിച്ചുള്ള പ്രവർത്തനം, സഹപ്രവർത്തകരുടെ അംഗീകാരം നേടിയെടുക്കൽ, മേലധികാരികളോടുള്ള മാന്യമായ പെരുമാറ്റം... ഇതൊക്കെ കരിയറിൽ മുന്നോട്ടുപോകാനുമുള്ള അളവുകോലുകളാണ്. അച്ചടക്കം കഴിവു മാത്രമല്ല, ശീലം കൂടിയാണ്. 'Self Discipline is the ability to do what you should do, when you should do it, whether you feel like it or not' എന്നു പറയാറുണ്ട്. കുട്ടിക്കാലം മുതലേ ശീലിച്ചുപോരേണ്ട മികച്ച അച്ചടക്കബോധമാണ് നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിന്റെ അടിസ്ഥാനം. 

രാവിലെ എഴുന്നേൽക്കുന്നതിന്, ഭക്ഷണം കഴിക്കുന്നതിന്, പഠിക്കുന്നതിന്, കളിക്കുന്നതിന് ഒക്കെ നമുക്കു ചിട്ടയായ ഒരു രീതി ഉണ്ടാകണമെന്നില്ല. അവിടെനിന്നുതന്നെ മാറ്റത്തിനു തുടക്കമിടണം. ഈ ശീലങ്ങളിലെ അടുക്കും ചിട്ടയുമാണു സ്വഭാവരൂപവൽക്കരണത്തിന്റെ കാതൽ. മുറിയിൽ തുണിയും പുസ്തകവും മറ്റു സാധനങ്ങളും അലങ്കോലമായി ഇടുന്നവർ ജോലിസ്ഥലത്തും ഇതാവർത്തിക്കും. കടലാസും ഫയലുകളും ചിതറിയിടുന്നവർ പ്രധാനപ്പെട്ട വിവരമുള്ള കടലാസ് തിരഞ്ഞ് വിലയേറിയ സമയം പാഴാക്കും. നല്ല വാക്ക്, വൃത്തിയുള്ള വസ്ത്രധാരണം, ഭംഗിയോടെ ഒരുക്കുന്ന മുറി, ചിട്ടയോടെ ക്രമീകരിക്കുന്ന ജോലിസ്ഥലം എന്നിവയെല്ലാം അച്ചടക്കത്തിന്റെ മുഖമുദ്രയാണ്. 

പുതിയൊരു അച്ചടക്ക ബോധം എപ്പോഴും ശീലിക്കാവുന്നതേയുള്ളൂ. കുട്ടികളിൽ ചിട്ടയായ അച്ചടക്കശീലമുണ്ടാക്കുന്നതിൽ രക്ഷിതാക്കളുടെ നിരന്തര ഇടപെടലിനു വലിയ പങ്കുണ്ട്. കുട്ടികൾക്കു മാതൃകയായിക്കൊണ്ടാവണം രക്ഷിതാക്കൾ പെരുമാറേണ്ടത്. നമ്മുടെ സംസ്‌കാരത്തിനിണങ്ങുന്ന അച്ചടക്ക ശീലമുണ്ടെങ്കിൽ മറ്റൊരു വ്യക്തിക്കു നമ്മെ ഭരിക്കാനാവില്ല. നമ്മുടെ ജീവിതത്തിന്റെ ഭരണം നമ്മുടെ കൈകളിൽ മാത്രമാവും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA