sections
MORE

ഓൺലൈനിൽ മുഖം മിനുക്കണോ? തുടങ്ങിക്കോളൂ ഒരു ലിങ്ക്ഡിൻ പ്രൊഫൈൽ

linkedin
SHARE

സാമൂഹ്യ മാധ്യമങ്ങളും നെറ്റ് വര്‍ക്കിങും ഏറെ സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. നിങ്ങളുടെ തൊഴിലിലോ പ്രൊഫഷനിലോ വലിയൊരു ഉയര്‍ച്ചയുണ്ടാകുന്നതിനു പിന്നില്‍ പോലും ഇതിനു വലിയ പങ്കാണ് ഇന്നു വഹിക്കാനുള്ളത്. സ്വപ്നം കണ്ടിരുന്ന ജോലി യാഥാര്‍ത്ഥ്യമാക്കുന്നതിലും ഫെയ്സ് ബുക്കിനും ട്വിറ്ററിനുമെല്ലാം വലിയ പങ്കു വഹിക്കാനുണ്ട്. ജോലി തേടുന്നവരുടെ മാത്രം കാര്യമല്ല ഇതെന്നും മനസിലാക്കണം. ജീവനക്കാരെ തേടുന്ന കമ്പനികളെ സംബന്ധിച്ചും സാമൂഹ്യ മാധ്യമങ്ങള്‍ ഇന്നു വളരെ പ്രധാനപ്പെട്ട ഒന്നാണ്. അക്സഞ്ചര്‍ പോലുള്ള കമ്പനികള്‍ വരും വര്‍ഷങ്ങളില്‍ തങ്ങളുടെ 40 ശതമാനത്തോളം ജീവനക്കാരെ തെരഞ്ഞടുക്കുന്നത്  സാമൂഹ്യ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തിയാവും. 

പല സ്ഥാപനങ്ങളും ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുമെന്നതു കൊണ്ടു തന്നെ തൊഴിലന്വേഷണം ശക്തമാക്കാനുള്ള മാര്‍ഗങ്ങളും ഇതിലൂടെ പ്രാവര്‍ത്തികമാക്കാം. ഒരു സിവി വഴിയോ ജോലിക്കായുള്ള അപേക്ഷയിലൂടേയോ ലഭിക്കുന്നതിലേറെ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥിയുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുമെന്ന വസ്തുതയ്ക്കും ഇവിടെ പ്രസക്തിയേറെയുണ്ട്. 

സാമൂഹ്യ മാധ്യമങ്ങളുടെ പ്രാധാന്യം ഇങ്ങനെ വര്‍ധിക്കുന്നതിനിടെ ലിങ്ക്ഡിന്‍ പ്രത്യേക പരാമര്‍ശവും അര്‍ഹിക്കുന്നുണ്ട്. 40 കോടിയിലേറെ ജനങ്ങള്‍ സ്ഥിരമായി നെറ്റ് വര്‍ക്കിങിനു ശ്രമിച്ചു കൊണ്ടിരിക്കുന്ന ലിങ്ക്ഡിന്‍ പ്രൊഫഷല്‍ ലോകത്ത് പുതിയൊരു വിപ്ലവം തന്നെയാണു കൊണ്ടു വന്നത്. റിക്രൂട്ട്മെന്‍റ് പ്രക്രിയയെത്തന്നെ മാറ്റി മറിച്ച ലിങ്ക്ഡിനിലേക്കാണു പല തൊഴില്‍ ദാതാക്കളും ആദ്യം നോക്കുന്നത്. അതു കൊണ്ടു തന്നെ ഒരു യുവ, നവീന ആശയങ്ങളുള്ള വ്യക്തിയായി നിങ്ങളെ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ആദ്യം ആവശ്യമുള്ളത് ഒരു ലിങ്ക്ഡിണ്‍ പ്രൊഫൈലാണ്. കാലത്തിനനുസരിച്ചു മാറുകയും സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന വ്യക്തിയാണു നിങ്ങളെന്ന് അതു ചൂണ്ടിക്കാട്ടും.

പക്ഷേ, വെറും ലിങ്ക്ഡിന്‍ കൊണ്ടു മാത്രമായില്ല. ഒരു ബ്ലോഗ് ആരംഭിക്കുന്നതും ബന്ധപ്പെട്ട രംഗത്തെ കുറിച്ചും വ്യക്തിഗത കാഴ്ചപ്പാടുകളെ കുറിച്ചും പോസ്റ്റു ചെയ്യുന്നതും പരിഗണിക്കാവുന്നതാണ്. മറ്റു സാമൂഹ്യ മാധ്യമങ്ങളില്‍ ഇവ ഷെയര്‍ ചെയ്യുകയുമാവാം. ഓണ്‍ലൈന്‍ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുന്നതിനായി മറ്റു വ്യവസായ ബ്ലോഗുകളില്‍ കമന്‍റു ചെയ്യുന്നതും ബന്ധപ്പെട്ട വേദികളില്‍ സജീവമാകുന്നതും ഏറെ സഹായകമായിരിക്കും. 

സാധ്യതയുള്ള തൊഴില്‍ ദാതാക്കളെ അവര്‍ക്കു ശല്യമാകാത്ത രീതിയില്‍ ഫോളോ ചെയ്യാനും എന്തെല്ലാം തൊഴിലവസരങ്ങളാണ് ഉയര്‍ന്നു വരികയെന്നു കണ്ടെത്താനും സാമൂഹ്യ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്താം. ലിങ്ക്ഡിന്‍, ട്വിറ്റര്‍, ഫെയ്സ് ബുക്ക് തുടങ്ങി ഏതു ചാനലാണ് തങ്ങള്‍ക്കു സാധ്യതയുള്ള തൊഴില്‍ ദാതാവ് ഉപയോഗിക്കുന്നതെന്നു കണ്ടെത്തുകയും അവയുമായി കണക്ട് ആയിരിക്കുകയും ചെയ്യാന്‍ ശ്രമിക്കുകയും വേണം. ജീവനക്കാരെ തേടുന്ന ഒരു മാനേജറുടെ ലിങ്ക്ഡിന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ അതു ശ്രദ്ധിക്കപ്പെടുകയും ഭാവിയില്‍ പ്രയോജനമാകുകയും ചെയ്യും. അതുപോലെ തന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യുകയും തൊഴില്‍ സാധ്യതകളെ കുറിച്ചുളള വിവരങ്ങള്‍ തേടുകയും ചെയ്യാനാവും. സാധ്യതയുള്ള തൊഴില്‍ ദാതാക്കളുടെ പുതിയ ലിങ്ക്ഡിന്‍ പോസ്റ്റുകളും ബ്ലോഗുകളുമെല്ലാം ലൈക്കു ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ വഴി തൊഴില്‍ നല്‍കുന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റാനാവുമെന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. 

പല സ്ഥാപനങ്ങളും സിവി ലഭിച്ചു കഴിഞ്ഞാന്‍ ഓണ്‍ലൈനായി ആ വ്യക്തിയെ കുറിച്ചുള്ള തെരച്ചില്‍ നടത്തും. അത്തരം അവസരങ്ങളില്‍ മികച്ച അഭിപ്രായം നല്‍കുന്നവയായിരിക്കണം സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫലങ്ങള്‍.  അതു കൊണ്ടു തന്നെ സാമൂഹ്യ മാധ്യമ പ്രൊഫൈലുകള്‍ കൃത്യമായി പുതുക്കുകയും വ്യക്തിഗത, പ്രൊഫഷണല്‍ മേഖലകള്‍ വ്യക്തമായി വേര്‍തിരിച്ചു നിര്‍ത്തുകയും വേണം. സാമൂഹ്യ മാധ്യമങ്ങള്‍ വഴി കൂടുതല്‍ കണക്റ്റഡ് ആയിരിക്കുന്നതും സഹ പ്രൊഫഷണലുകളുമായും സാധ്യതയുള്ള തൊഴില്‍ ദാതാക്കളുമായും ബന്ധപ്പെട്ടിരിക്കുന്നതും വളരെ മികച്ചതായിരിക്കും. വലിയ കാര്യമൊന്നുമില്ലാതെ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സമയം വിനിയോഗിക്കുന്നത് ഏറെ എളുപ്പമാണ്. ഇതിന്‍റെ സ്ഥാനത്ത് തങ്ങള്‍ക്കു ഗുണകരമായേക്കാവുന്ന വ്യക്തികളേയും ബിസിനസുകളേയും മനസിലാക്കി അതുമായി ബന്ധപ്പെട്ടിരിക്കുന്നതാവും വെറുതെ ആരെങ്കിലുമായി കണക്റ്റഡ് ആയിരിക്കുന്നതിലും എന്തു കൊണ്ടും മികച്ചത്. 

നിങ്ങള്‍ എത്ര മികച്ചതും ശക്തവുമായ സിവി നല്‍കിയാലും നിങ്ങള്‍ക്കു തൊഴില്‍ നല്‍കാന്‍ പോകുന്ന സ്ഥാപനം നിങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ മോശമായ എന്തെങ്കിലും കണ്ടെത്തിയാല്‍ അതു ജോലി സാധ്യതയെ ബാധിക്കും എന്നോര്‍ക്കുക. ഒരേ ജോലിക്കു വേണ്ടി ശ്രമിക്കുന്ന മികച്ച നിരവധി ഉദ്യോഗാര്‍ത്ഥികളുള്ളപ്പോള്‍ തെരഞ്ഞെടുപ്പിനായി സ്ഥാപനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നതു സ്വാഭാവികം മാത്രം. തന്‍റെ ഓണ്‍ലൈന്‍ പ്രതിച്ഛായയെ കുറിച്ചു ബോധവാന്‍മാരായിരിക്കുക എന്നതിന് ഇന്ന് ഏറെ പ്രാധാന്യമാണുള്ളത്. 

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA