ADVERTISEMENT
Sabu_thomas

എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസ് ഈയിടെ ഒരു അപൂർവ ‘സെഞ്ചുറി’ തികച്ചു– എച്ച് ഇൻഡെക്സ് 100. ഒരു മുതിർന്ന ഗവേഷകന്റെ പ്രസിദ്ധീകരിക്കപ്പെട്ട പേപ്പറുകളുടെ എണ്ണം, നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് എച്ച് ഇൻഡെക്സ്. ഇവരുടെ പ്രബന്ധങ്ങൾ മറ്റുള്ളവർ സൈറ്റ് ചെയ്തിട്ടുണ്ടെങ്കിലേ എച്ച് ഇൻഡെക്സ് കൂടൂ. എച്ച് ഇൻഡെക്സ് 100 എന്നതിനർഥം അദ്ദേഹത്തിന്റെ 100 പേപ്പറുകളിൽ ഓരോന്നും 100 തവണ സൈറ്റ് ചെയ്യപ്പെട്ടു എന്നാണ്. ഈ അനുഭവസമ്പത്തിൽനിന്ന് ഡോ. സാബു തോമസ് പറയുന്നു, ഗവേഷണം ലക്ഷ്യമിടുന്നവർക്കുള്ള മാർഗനിർദേശങ്ങൾ.

വായന പ്രധാനം: ഗവേഷണ മേഖല തിരഞ്ഞെടുക്കുംമുൻപ് ആറുമാസമെങ്കിലും ആ മേഖലയെക്കുറിച്ച് വായിച്ചു മനസ്സിലാക്കിയിരിക്കണം. പ്രധാന ജേണലുകൾ വായിക്കണം. ആ മേഖലയിൽ നടന്ന ഗവേഷണങ്ങളും ഇനിയുള്ള സാധ്യതകളും മനസ്സിലാക്കണം.

ഇന്റർഡിസിപ്ലിനറി വിഷയങ്ങൾ: ഗവേഷണത്തിന് അതിരില്ലാത്ത കാലമാണിത്. ഫിസിക്സ്, കെമിസ്ട്രി, എൻജിനീയറിങ് തുടങ്ങി വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ളവർ നാനോസയൻസിൽ ഗവേഷണം നടത്തുന്നു. എംഎസ്‌സി കഴിഞ്ഞ് ഐഐടികളിൽ എംടെക് പഠിക്കുന്നവരുണ്ട്. ഇതെല്ലാം ഗുണപരമായ കാര്യങ്ങളാണ്. ഇപ്പോൾ ഗവേഷണത്തിനു വരുന്നവരിൽ മാത്‌സിലുള്ള അറിവ് കുറവാണെന്നു തോന്നിയിട്ടുണ്ട്. മാത്‍സ് റിസർച്ചിനു വളരെ സഹായകമാണ്; പ്രത്യേകിച്ച് മോഡലിങ്ങിനും മറ്റും.

ഗൈഡിന്റെ തിരഞ്ഞെടുപ്പ്: ഗൈഡ് പ്രഗല്ഭനാണോ എന്നറിയാൻ ഗൂഗിൾ സ്കോളറിൽ അദ്ദേഹത്തിന്റെ എച്ച് ഇൻഡെക്സ് നോക്കാം.  നല്ല എച്ച് ഇൻഡെക്സുണ്ടെങ്കിൽ ഗവേഷണരംഗത്ത് സജീവമെന്നർഥം. 

പ്രായം: ചെറുപ്പത്തിലേ അഭിരുചിയറിഞ്ഞ് റിസർച്ചിലേക്കു തിരിയുന്നതാണു നല്ലത്. പല വിദേശ രാജ്യങ്ങളിലും നാലു വർഷ ബിഎസ് കോഴ്സ് കഴിഞ്ഞ് പിഎച്ച്ഡിക്കു ചേരാം. താൽപര്യമുള്ളവർക്കു പ്രഫഷനൽ പരിചയം നേടിയശേഷവും ഗവേഷണത്തിലേക്കു തിരിയാം.

ജേണൽ ലേഖനങ്ങൾ: ഗവേഷണ വിദ്യാർഥികളുടെ മികവിന്റെ പ്രധാന മാനദണ്ഡം നല്ല ഇംപാക്ട് ഫാക്ടറുള്ള മുൻനിര ജേണലുകളിൽ വരുന്ന പേപ്പറുകളാണ്. നേച്ചർ, സയൻസ് തുടങ്ങിയവയിൽ ഒറ്റ പേപ്പറേ ഉള്ളൂവെങ്കിലും നേട്ടമാണ്. പണം വാങ്ങി പേപ്പറുകൾ പ്രസിദ്ധീകരിക്കുന്ന പ്രിഡേറ്ററി ജേണലുകളിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടു കാര്യമില്ല.

എന്നാ‍ൽ മികച്ച പെയ്ഡ് ജേണലുകളുമുണ്ട്. പണം വാങ്ങിയാലും റിവ്യൂയിങ്ങിൽ അവർക്കു വിട്ടുവീഴ്ചയില്ല. ഇവയിൽ പബ്ലിഷ് ചെയ്യുന്നതുകൊണ്ടു കുഴപ്പമില്ല. നേച്ചർ ഉൾപ്പെടെ പല മുൻനിര ജേണലുകൾക്കും ഇത്തരം പെയ്ഡ് വിഭാഗമുണ്ട്. ജേണലുകൾ തിരഞ്ഞെടുക്കുമ്പോൾ യുജിസി പട്ടികയിലുള്ളതാണോ എന്നു നോക്കുക.

വിദേശ പിഎച്ച്ഡി: നല്ല വിദേശ പ്രഫസറെ കണ്ടെത്തി മെയിൽ അയയ്ക്കുക എന്നതാണ് വിദേശ പിഎച്ച്ഡിക്കുള്ള ആദ്യപടി. ഫെലോഷിപ്പുകളും ലഭിക്കും. നമ്മുടെ ഗവേഷണ നേട്ടങ്ങളാണ് തിരഞ്ഞെടുപ്പിന്റെ അളവുകോൽ.

പേറ്റന്റ്: ‘ഇൻവെന്റ്, പേറ്റന്റ്, പബ്ലിഷ്’ എന്നതാകണം രീതി. വ്യാവസായിക മൂല്യമുള്ള ഗവേഷണമാണെങ്കിൽ തീർച്ചയായും പേറ്റന്റ് എടുക്കണം. അൽപം സമയമെടുക്കുന്ന പ്രക്രിയയാണ്. പേറ്റന്റ് ഫയൽ ചെയ്ത ശേഷമേ പേപ്പർ പ്രസിദ്ധീകരിക്കാവൂ.

കരിയർ സമ്മർദം: കരിയർ ഉറപ്പിക്കാൻ സമയമെടുക്കും. പോസ്റ്റ് ഡോക്ടറൽ ഗവേഷണവും ലക്ഷ്യമിടണം. ഈ രംഗത്തു പെൺകുട്ടികളുടെ വിവാഹവും മറ്റും വൈകിയേക്കാം. വളരെ ‘ഡിമാൻഡിങ്’ ആയ മേഖലയാണെന്ന വസ്തുത ഉൾക്കൊള്ളണം.

കോപ്പിയടി ഗവേഷണത്തിന് ഹാനികരം

പ്ലേജിയറിസം (കോപ്പിയടി) പേപ്പറുകളുടെ മൂല്യം കളയും. മികച്ച ഗവേഷണം നടത്തുന്ന വിദ്യാർഥികൾ പോലും അറിയാതെ മറ്റു പേപ്പറുകളിൽനിന്ന് ഇൻട്രൊഡക്‌ഷനും മറ്റും പകർത്തും. അതു ശിക്ഷാർഹമാണ്. ആരെയെങ്കിലും ക്വോട്ട് ചെയ്താൽ അതു കൃത്യമായി പേപ്പറിൽ പറയണം. പ്ലേജിയറിസം കണ്ടെത്താൻ സോഫ്റ്റ്‌വെയറുകളുണ്ട്. ഇവ ഉപയോഗിച്ച് പേപ്പറുകളുടെ കരട് പരിശോധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com