ADVERTISEMENT

ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും വരെ ഇന്ത്യൻ വംശജർ – ബ്രെക്സിറ്റിലൂടെ യൂറോപ്യൻ യൂണിയനു പുറത്തുകടന്നെങ്കിലും ബ്രിട്ടന്റെ വാതിലുകൾ അടയുന്നില്ലെന്നു നമ്മെ ഓർമിപ്പിക്കുന്നത് ഈ കോസ്മോപൊലിറ്റൻ സ്വഭാവമാണ്. ആഭ്യന്തരമന്ത്രി പ്രീതി പട്ടേൽ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമം ഇന്ത്യക്കാർക്കു ഗുണകരമാകുമെന്ന വിലയിരുത്തലുകളും വരുന്നു. ഇതിന്റെ അടിസ്ഥാനമെന്തെന്നു നോക്കാം. 

യൂറോപ്പിന് മുൻഗണന നഷ്ടം

ഇത്രയും നാൾ യൂറോപ്യൻ യൂണിയനിൽ അംഗമായിരുന്നതിനാൽ ബ്രിട്ടനിൽ ജോലി ചെയ്യാനും പഠിക്കാനും മറ്റു യൂറോപ്യൻ രാജ്യക്കാർക്ക് തടസ്സമുണ്ടായിരുന്നില്ല. ബ്രെക്സിറ്റിന്റെ തുടർച്ചയായി 2021 ജനുവരി ഒന്നിനു പുതിയ കുടിയേറ്റ നയം നടപ്പാകുന്നതോടെ സ്ഥിതി മാറും.  ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ ചുവടു പിടിച്ച് മികവും നൈപുണ്യവും അടിസ്ഥാനമാക്കിയുള്ള പോയിന്റ് സിസ്റ്റമാണു വരുന്നത്. ഇതര രാജ്യക്കാരുടെ അതേ മാനദണ്ഡങ്ങൾ യൂറോപ്യൻ രാജ്യക്കാരും പാലിക്കണം. തൊഴിൽപ്രാവീണ്യം, യോഗ്യത, ശമ്പളം എന്നിവ അനുസരിച്ചാണു പോയിന്റ്. ഇംഗ്ലിഷ് നിർബന്ധമായും അറിയണം.

ഇംഗ്ലിഷ് പരിജ്ഞാനത്തിൽ യൂറോപ്യൻ രാജ്യക്കാർ ഇന്ത്യ അടക്കമുള്ള കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ളവരെക്കാൾ പിന്നിലാണ്. 

യുകെ സർക്കാർ കഴിഞ്ഞ മാസം നടത്തിയ പഠനമനുസരിച്ച് 2004നു ശേഷം യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടനിലേക്കു കുടിയേറിയവരിൽ 70 % പേരും പുതിയ നിബന്ധനകൾപ്രകാരം വീസയ്ക്കു യോഗ്യരല്ല. അവരെ സ്വന്തം രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കില്ലെങ്കിലും ഭാവിയിൽ ആ രാജ്യങ്ങളിൽനിന്നു യുകെയിലേക്കു വരുന്നവരിൽ ഗണ്യമായ കുറവുണ്ടായേക്കും. സ്വാഭാവികമായും കോമൺവെൽത്ത് രാജ്യങ്ങൾക്കു കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും.

ഷോർട്ടേജ് ലിസ്റ്റിലുണ്ടോ ?
ഇംഗ്ലിഷ് പരിജ്ഞാനവും മികവുമുള്ള എല്ലാ ഇന്ത്യക്കാർക്കും വാതിൽ തുറന്നുകിട്ടുമെന്നു കരുതേണ്ട. ബ്രിട്ടന്റെ ഷോർട്ടേജ് ലിസ്റ്റിലുള്ള ജോലികളിൽ പ്രാവീണ്യമുള്ളവർക്കാണു മെച്ചം. ഇത്തരം ജോലികൾക്കു കൂടുതൽ പോയിന്റ് കിട്ടും എന്നതിനാലാണിത്. ഈ മേഖലകളിൽ ഇത്രയും നാൾ ഉണ്ടായിരുന്ന വീസ നിയന്ത്രണം പുതിയ നിയമപ്രകാരം നീക്കി. വളരെ ഉയർന്ന പ്രാവീണ്യമുള്ള ചുരുക്കം ചിലർക്കു ജോലി ഓഫർ ഇല്ലാതെയും വീസ നേടാം. വളരെ ഉയർന്ന പ്രാവീണ്യം വേണ്ട മേഖലകളായ സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ് (STEM) എന്നിവയിൽ കൂടുതൽ യോഗ്യത ഉള്ളവർക്കു വീസാ സാധ്യതയേറും.

നിങ്ങളുടെ മേഖല ഷോർട്ടേജ് ലിസ്റ്റിലുണ്ടോ എന്നറിയാൻ https://www.gov.uk/guidance/immigration-rules/immigration-rules-appendix-k-shortage-occupation-list എന്ന ലിങ്ക് നോക്കുക. വിവിധ എൻജിനീയറിങ് ശാഖകൾ, നഴ്സിങ്, പാരാമെഡിക്കൽ ജോലികൾ തുടങ്ങി വളരെ വിപുലമായ പട്ടികയാണിത്. യുകെ, സ്കോട്‌ലൻഡ് എന്നിങ്ങനെ വെവ്വേറെയായി വിവരങ്ങൾ ലഭ്യം. 

ഗ്രാജ്വേറ്റ് വീസ സ്കീം കാത്ത്  വിദ്യാർഥികൾ
വിദ്യാർഥികൾക്കും പോയിന്റ് സംവിധാനം ബാധകമാകും. പഠനം കഴിഞ്ഞ് രണ്ടു വർഷം അധികം തങ്ങാൻ അനുവദിക്കുന്ന ഗ്രാജ്വേറ്റ് വീസ സ്‌കീം ഉടൻ നിലവിൽ വരുന്നതും സഹായകമാകും. നവംബറിൽ പ്രഖ്യാപിച്ച ഈ സ്കീമിന്റെ ഔദ്യോഗിക ഉത്തരവായിട്ടില്ല. എങ്കിലും 2021 സെപ്റ്റംബറിനു ശേഷം കോഴ്സ് കഴിയുന്ന എല്ലാവർക്കും മെച്ചം കിട്ടുമെന്നാണ് അനൗദ്യോഗിക വിവരം.

പോയിന്റ് അധിഷ്ഠിത വിദ്യാഭ്യാസ വീസാ നിയമം ഇന്ത്യക്കാർക്ക് ഏറെ ഗുണകരമാകുമെന്ന് ഇന്ത്യൻ നാഷനൽ സ്റ്റുഡൻസ് ആൻഡ് അലംനൈ യൂണിയൻ ചെയർപഴ്സൻ സനം അറോറ പറയുന്നു. ‘‘സ്റ്റെം മേഖലകളിലും ഷോർട്ടേജ് ലിസ്റ്റിലും പിഎച്ച്ഡി പോലെ ഉയർന്ന യോഗ്യത ഉള്ളവർക്കു പുതിയ നയം മെച്ചമാകും. ഗ്രാജ്വേറ്റ് വീസ സ്‌കീമും ഇന്ത്യൻ വിദ്യാർഥികൾക്കു ഗുണകരമാകും.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com