ADVERTISEMENT

സ്വന്തമായൊരു തൊഴിൽസംരംഭം തുടങ്ങാൻ ആലോചിക്കുന്നവർക്ക് ഏറെ അനുകൂല സാഹചര്യങ്ങളുണ്ട്; അൽപം അധ്വാനം വേണമെന്നു മാത്രം. 

ആഗ്രഹിക്കാവുന്നതുപോലെ ആസൂത്രണം ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട അനുകൂലഘടകം. ലക്ഷ്യമിട്ടു വളരാനുള്ള സാഹചര്യം, മെച്ചപ്പെട്ട ജീവിതനിലവാരം വളർത്തിയെടുക്കാനുള്ള അവസരം, തൊഴിൽ നേടുന്നതിനൊപ്പം മറ്റുള്ളവർക്കു തൊഴിൽ നൽകാനുമുള്ള സാധ്യത... എന്നിങ്ങനെ മേൻമകൾ ഏറെയുണ്ട്, സംരംഭകത്വ ജീവിതത്തിന്. 

എങ്ങനെയാകണം സംരംഭകൻ എന്നതു പലരും ചോദിക്കുന്ന കാര്യമാണ്. ചില ഘടകങ്ങൾ ഇതാ: 

∙ആത്മവിശ്വാസം: തന്റെ കഴിവിലും സംരംഭത്തിന്റെ ലക്ഷ്യപ്രാപ്തിയിലും ശുഭപ്രതീക്ഷയുണ്ടാകണം. 

∙സാഹസികത ഏറ്റെടുക്കുക: വിജയസാധ്യത മുന്നിൽക്കണ്ട് ഉറച്ച കാൽവയ്പോടെ സംരംഭകത്വത്തിനിറങ്ങാൻ കഴിയണം. 

∙വിജയിക്കണമെന്ന അതിയായ ആഗ്രഹം: ലക്ഷ്യമിട്ടതു നേടിയെടുക്കാൻ അതിയായ ആഗ്രഹമുണ്ടാകണം, സംരംഭകർക്ക്. സ്വപ്നം സഫലമാക്കാൻ നിരന്തര പരിശ്രമവും വേണം. 

∙അവസരങ്ങൾ കണ്ടെത്തുക, ഉപയോഗപ്പെടുത്തുക: സമൂഹത്തിന്റെ ആവശ്യങ്ങളെ അവസരമാക്കി ഉപയോഗപ്പെടുത്തിയാലേ സംരംഭത്തിനു നിലനിൽപുണ്ടാകൂ. മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ചു മുന്നേറാൻ കഴിയണം. 

∙അനിശ്ചിതത്വം നേരിടണം: പ്രതികൂല സാഹചര്യങ്ങളും, ലഭ്യമായ മേഖലകളിൽനിന്ന് ഊർജം ഉൾക്കൊണ്ട് വിജയത്തെ ലക്ഷ്യമാക്കി കുതിക്കാൻ കഴിയണം. 

‌∙വസ്തുതാപരമായ വിശകലനം: ഊഹാപോഹങ്ങൾക്കു പിറകെ പോകാതെ, യാഥാർഥ്യബോധത്തോടെ സംരംഭ മേഖലയെ വിശകലനം ചെയ്യാൻ കഴിയണം. സാങ്കേതിക വിദഗ്ധരുടെ സേവനങ്ങൾ ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തണം. 

∙പ്രായോഗികത പ്രധാനം: ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ചു പ്രായോഗിക സമീപനങ്ങൾ ബിസിനസിൽ കൊണ്ടുവരാൻ കഴിയണം. അപ്രായോഗികളും ലാഭകരമല്ലാത്തതുമായ ചെലവുകൾ ഇങ്ങനെ നിയന്ത്രിക്കാൻ കഴിയും. 

∙നൂതന ആശയങ്ങൾ കണ്ടെത്തൽ: സമൂഹത്തിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ചും സാങ്കേതിക ചലനങ്ങൾക്കനുസരിച്ചും പുതിയ ഉൽപാദന–വിപണന മാർഗങ്ങൾ സ്വീകരിക്കാൻ നിരന്തരം പരിശ്രമിക്കണം. 

∙നിരീക്ഷണപാടവം: സമൂഹത്തെ നിരന്തരം നിരീക്ഷിക്കുകയും അതിനനുസരിച്ചു പദ്ധതികൾക്കു മാറ്റം വരുത്തുകയും വേണം. 

‌∙സ്വതന്ത്രചിന്ത: സ്വതന്ത്രമായി ചിന്തിക്കുന്നതിനൊപ്പം ഉറച്ച തീരുമാനങ്ങളെടുക്കാനും കഴിയണം. 

∙ആസൂത്രണശേഷി: ശാസ്ത്രീയമായും അടുക്കും ചിട്ടയോടെയും പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയണം. വരുംവരായ്കകൾ മുൻകൂട്ടിക്കണ്ട്, സമയക്ലിപ്തതയോടെ പ്രവർത്തനങ്ങൾ ക്രമീകരിക്കണം. 

∙പ്രചോദനം നൽകണം: മറ്റുള്ളവരുടെ കൂടെ ജോലി ചെയ്യാനും അവരെ നയിക്കാനും പ്രോത്സാഹനം നൽകാനും ശേഷിയുള്ള ലീഡറായിരിക്കണം ഉത്തമ സംരംഭകൻ. സംരംഭത്തെ സമൂഹത്തിനു ഗുണകരമാകത്തക്കവിധം രൂപപ്പെടുത്താനും കഴിയണം. 

∙ദീർഘവീക്ഷണം: പരാജയങ്ങളുണ്ടാകാം. അത്തരം പാഠങ്ങളിൽനിന്നു ദീർഘവീക്ഷണത്തോടെ പുതിയ പദ്ധതികൾ രൂപപ്പെടുത്തണം. 

∙ഉയരാനുള്ള ഉൾക്കാഴ്ച: എത്ര ചെറിയ സംരംഭമാണു തുടങ്ങുന്നതെങ്കിലും സംരംഭകന്റെ ഉൾക്കാഴ്ചയാണ് അതിന്റെ വളർച്ചയ്ക്കു മുതൽക്കൂട്ടാവുക. ബിസിനസ് അവസരങ്ങളെക്കുറിച്ചു നിരന്തര പഠനവും നിരീക്ഷണവും നടത്തണം. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ മടിയുണ്ടാകരുത്. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com