ADVERTISEMENT

ഉദ്യോഗസ്ഥ പുനർവിന്യാസത്തിന്റെ പേരിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റുകളിലെ നിയമനം വൻതോതിൽ  കുറയുന്നു. 14 ജില്ലകളിലായി ഈ തസ്തികയ്ക്കു നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ ഒന്നര വർഷത്തെ കാലാവധി പൂർത്തിയാക്കിയപ്പോൾ ഇതുവരെ നടന്നത് വെറും 8% നിയമനം മാത്രം. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതേ കാലയളവിൽ നടന്നത് 10 ശതമാനത്തിലധികം നിയമനമാണ്.  ഉദ്യോഗസ്ഥ പുനർവിന്യാസത്തിനൊപ്പം  ആശ്രിത നിയമനത്തിനും കണക്കിലധികം ഒഴിവുകൾ നീക്കി വയ്ക്കുന്നതും ലാസ്റ്റ് ഗ്രേഡ് നിയമന ശുപാർശ വൻതോതിൽ കുറയാൻ ഇടയാക്കിയിട്ടുണ്ട്. നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ 2021 ജൂൺ 29ന് അവസാനിക്കും. ഇതിനകം പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു നിയമനം നടത്താൻ വകുപ്പു മേധാവികൾ തയാറായില്ലെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട  നാൽപതിനായിരത്തിലധികം ഉദ്യോഗാർഥികൾ നിരാശരാകേണ്ടിവരും.  

പാരയായത് പുനർവിന്യാസം
ഉദ്യോഗസ്ഥ പുനർവിന്യാസം എന്ന സർക്കാരിന്റെ പുതിയ പരിഷ്ക്കാരമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിലെ നിയമനം  വൻതോതിൽ കുറയ്ക്കാൻ ഇടയാക്കിയതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നടപ്പാക്കിയ ഈ പരിഷ്ക്കാരം ഏറ്റവും കൂടുതൽ ബാധിച്ചത് ലാസ്റ്റ് ഗ്രേഡ്  നിയമനത്തെയാണ്. പുതിയ തസ്തിക സൃഷ്ടിക്കാത്തതിനാൽ വിരമിക്കൽ, സ്ഥാനക്കയറ്റം എന്നിവ വഴി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകൾ മാത്രമാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ഈ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകൾ ഇപ്പോൾ പുനർവിന്യാസത്തിലൂടെ നികത്തുകയാണ്. ഏതു വകുപ്പിലെ തസ്തികയാണോ പുനർവിന്യാസത്തിന്റെ പേരിൽ മാറ്റുന്നത് അവിടത്തെ തസ്തിക ഇല്ലാതാകുകയും ചെയ്യും. ആശ്രിത നിയമനത്തിനായി കണക്കിലധികം ഒഴിവുകൾ മാറ്റി വയ്ക്കുന്നതും റാങ്ക് ലിസ്റ്റിൽ നിന്നുള്ള ലാസ്റ്റ് ഗ്രേഡ്  നിയമനത്തെ പിന്നോട്ടടിക്കുന്നു. 

ഇതുവരെ  3749 നിയമന ശുപാർശ
14 ജില്ലകളിലുമായി നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് 3749 പേർക്കാണ് ഇതുവരെ നിയമന ശുപാർശ നൽകിയത്. ഏറ്റവും കൂടുതൽ  നിയമന ശുപാർശ കോഴിക്കോട് ജില്ലയിലാണ്– 395. ഏറ്റവും കുറവ് വയനാട് ജില്ലയിൽ–  128. 

മുൻ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകൾ പകുതി കാലാവധി പിന്നിട്ടപ്പോൾ തിരുവനന്തപുരം ഉൾപ്പെടെ അഞ്ചിലധികം ജില്ലകളിൽ  അഞ്ഞൂറിൽ കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഒരു ജില്ലയിലും നിയമന ശുപാർശ 500 കടന്നിട്ടില്ല.   പത്തനംതിട്ട, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിൽ നിയമന ശുപാർശ ഇരുന്നൂറിൽ പോലും എത്തിയിട്ടില്ല.  

LGS

റാങ്ക് ലിസ്റ്റിൽ 46,285 പേർ
14 ജില്ലകളിലായി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിൽ പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത് 46,285 പേരെ. ഏറ്റവും കൂടുതൽ പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്– 5707. ഏറ്റവും കുറവ് വയനാട് ജില്ലയിൽ– 1780. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com