ADVERTISEMENT

കോവിഡ്–19 സാഹചര്യം മൂലം മാറ്റിവച്ച പിഎസ്‍സി പരീക്ഷകൾ നടത്തുന്നതടക്കമുള്ള നടപടികൾ ലോക്ഡൗൺ പിൻവലിക്കുന്നതോടെ എത്രയും വേഗം പൂർത്തിയാക്കുമെന്നു പിഎസ്‍സി ചെയർമാൻ എം.കെ.സക്കീർ. ആരോഗ്യ മേഖലയിലടക്കം നിയമന ശുപാർശകൾ നൽകി ലോക്ഡൗൺ കാലത്തും പിഎസ്‍സി പരമാവധി പ്രവർത്തനനിരതമായെന്നും ‘തൊഴിൽ വീഥി’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 

മാറ്റിവച്ച പരീക്ഷകൾ എന്നു നടക്കും?

ലോക്ഡൗൺ പിൻവലിച്ച് സ്ഥിതിഗതികൾ മെച്ചപ്പെട്ട ശേഷമേ പുതുക്കിയ തീയതികൾ പ്രഖ്യാപിക്കാൻ കഴിയൂ. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തസ്തികകളിലേക്കുള്ള പരീക്ഷകളെങ്കിലും ഇതിനിടെ നടത്താൻ കഴിയുമോയെന്നു പരിശോധിക്കുന്നുണ്ട്. എൽഡിസി, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകളും നടത്തേണ്ടതുണ്ട്. ലോക്ഡൗൺ പിൻവലിക്കുന്നതോടെ പിഎസ്‌സിയുടെ പ്രവർത്തനങ്ങൾ പൂർണതോതിൽ പുനരാരംഭിക്കും. ഈ വർഷം അവസാനത്തോടെ പ്രധാന പരീക്ഷകൾ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. 

ലോക്ഡൗൺ കാലത്തെ നടപടികൾ എന്തൊക്കെ? 

ലോക്ഡൗൺ സമയത്തും കഴിയുന്നിടത്തോളം പ്രവർത്തന നിരതമാകാൻ പിഎസ്‌സിക്കു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രധാന തസ്തികകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമന ശുപാർശ പൂർത്തിയാക്കി. യുദ്ധകാലാടിസ്ഥാനത്തിലാണ് 14 ജില്ലകളിലെയും ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്–2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ലബോറട്ടറി ടെക്നീഷ്യൻ തസ്തികകളിലെല്ലാം നിയമന ശുപാർശാ നടപടി പൂർത്തിയായി. ഭൂരിഭാഗം ഉദ്യോഗാർഥികളും ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു. 

എത്ര നിയമനം  ഇക്കാലത്തു നൽകാൻ കഴിഞ്ഞു? 

കോവിഡ്–19 പ്രതിസന്ധിക്കിടയിലും ആയിരത്തിലധികം ഒഴിവുകളിലേക്കു നിയമന ശുപാർശ നൽകി. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ്–ഗ്രേഡ് 2, ലബോറട്ടറി ടെക്നീഷ്യൻ–ഗ്രേഡ് 2, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ–ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലാണിത്. അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽനിന്ന് ഒറ്റ ദിവസംകൊണ്ട് 276 പേർക്കു നിയമന ശുപാർശ നൽകി. പ്രത്യേക സാഹചര്യം പരിഗണിച്ച് ഉദ്യോഗാർഥികളുടെ ഫോൺ നമ്പർകൂടി ഉൾപ്പെടുത്തിയാണു നിയമന ശുപാർശ തയാറാക്കിയത്. ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയ്ക്കു ചില ജില്ലകളിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയ്ക്ക് സംസ്ഥാന തലത്തിലും റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമന ശുപാർശ നൽകിക്കഴിഞ്ഞു. മറ്റു തസ്തികകളിലെ നിയമന ശുപാർശയും ദിവസങ്ങൾക്കകം തയാറാക്കി നൽകി. ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ–ഗ്രേഡ് 2 തസ്തികയിൽ ഇന്റർവ്യൂപോലും ഒഴിവാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിലേക്കുള്ള നിയമന ശുപാർശാ നടപടികളും പൂർത്തിയായിട്ടുണ്ട്. സമയബന്ധിതമായി നിയമന നടപടികൾ പൂർത്തിയാക്കി നൽകിയ പിഎസ്‌സിയെ മുഖ്യമന്ത്രിയും അഭിനന്ദിച്ചിരുന്നു. 

ജോലിയിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു പരാതിയുണ്ടല്ലോ? 

നിയമന ശുപാർശ ലഭിക്കുന്നവർ ജോലിയിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടുന്നതായുള്ള പരാതി പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡ്–19 പശ്ചാത്തലത്തിൽ നേരിട്ടു നിയമന ശുപാർശ നൽകുന്നതു തൽക്കാലം നിർത്തിയിരുന്നു. തപാൽ മുഖേന നിയമന ശുപാർശ അയയ്ക്കാനും തീരുമാനിച്ചു. ഉദ്യോഗാർഥിയുടെ പ്രൊഫൈലിലും ലഭ്യമാക്കുന്നുണ്ട്. ജോലിയിൽ പ്രവേശിക്കാനെത്തുമ്പോൾ പ്രൊഫൈലിൽ ലഭ്യമാക്കിയ െലറ്റർ നിയമന അധികാരിയെ കാണിച്ചാൽ മതി. സർവീസ് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പിഎസ്‌സി പിന്നീടു പൂർത്തിയാക്കും. ബയോമെട്രിക് പരിശോധന ഉൾപ്പെടെയുള്ളവയ്ക്കായി ഉദ്യോഗാർഥി പിഎസ്‌സി ഓഫിസിൽ നേരിട്ടെത്തണം. ഇതിനുള്ള അറിയിപ്പ് പിന്നീടു നൽകും. 

ഇ–വേക്കൻസി നിബന്ധന ഈ സമയത്തു തിരിച്ചടിയാവില്ലേ? 

മാർച്ച് 31 നു ശേഷം ഇ–വേക്കൻസി സോഫ്റ്റ്‌വെയർ മുഖേനയല്ലാതെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ സ്വീകരിക്കില്ലെന്നു പിഎസ്‌സി വ്യക്തമാക്കിയിരുന്നു. എന്നാൽ, കോവിഡ്–19 സാഹചര്യം പരിഗണിച്ച് ഈ തീരുമാനം തൽക്കാലം പിൻവലിക്കുകയാണ്. ലോക്ഡൗൺ പിൻവലിച്ച് സാധാരണനില എത്തുന്നതുവരെ തപാൽ വഴിയും ഇ–മെയിൽ മുഖേനയും റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളും സ്വീകരിക്കും. വകുപ്പു മേധാവികൾ പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ തയാറാകണം. സർക്കാർ ഓഫിസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങുന്നതോടെ ഇ–വേക്കൻസി സോഫ്റ്റ്‌വെയർ മുഖേന ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നടപടി പൂർത്തിയാക്കുകയും വേണം. 

കെഎഎസ് മൂല്യനിർണയം ഉടൻ പുനരാരംഭിക്കുമോ? 

കെഎഎസ് പ്രാഥമിക പരീക്ഷയുടെ മൂല്യനിർണയം തുടങ്ങിയിരുന്നെങ്കിലും നിർത്തിവയ്ക്കേണ്ടിവന്നു. എന്നാൽ, ഇക്കാര്യത്തിൽ ആശങ്ക വേണ്ട. മൂല്യനിർണയത്തിന് 18 ദിവസം മാത്രം മതി. ലോക്ഡൗൺ പിൻവലിക്കുന്നതോടെ മൂല്യനിർണയം പുനരാരംഭിക്കും. മേയിൽ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഫൈനൽ പരീക്ഷ ജൂലൈയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com