ADVERTISEMENT

അച്ഛനാരെന്ന് അറിയാതെ അനാഥാലയത്തിൽ വളർന്ന ബാലന് ചെല്ലുന്നിടത്തെല്ലാം വേദനിപ്പിക്കുന്ന ചോദ്യം : ‘ആരാണ് നിന്റെ അച്ഛൻ?’. അവൻ ആളുകളിൽ നിന്ന് നിരന്തരം ഒഴിഞ്ഞുമാറി. പള്ളിയിൽ പുതുതായി വന്ന പുരോഹിതനിൽ നിന്നും അവൻ സ്ഥിരമായി ഒഴിഞ്ഞുനിന്നു. ഒരുനാൾ ആളുകൾ പിരിയുന്നതിനിടയിൽ പുരോഹിതൻ അവനെ സമീപിച്ചു. ആ 12കാരനോട് നിഷ്കളങ്കമായി ചോദിച്ചു : ‘ആരാണ് നിന്റെ അച്ഛൻ?’ ചുറ്റും നിന്നവരുടെ പരുങ്ങലും ബാലന്റെ ദയനീയഭാവവും കണ്ട ബുദ്ധിമാനായ പുരോഹിതൻ സത്യമെന്തെന്ന് ഊഹിച്ചു.

തോളിൽത്തട്ടി അവനോടു സ്നേഹപൂർവം പറഞ്ഞു : ‘ഇപ്പോഴാണ് നിന്റെ ഛായ ഞാൻ ശ്രദ്ധിച്ചത്. എനിക്കറിയാം. നീ ഈശ്വരന്റെ മകനാണ്. എത്ര നല്ല പാരമ്പര്യമാണ് നിന്റേത്!’ 

അന്നോളം കേട്ടിട്ടില്ലാതിരുന്ന ആ വാക്കുകൾ അവനിൽ ആത്മവിശ്വാസം നിറച്ചു. അന്നു മുതൽ അവൻ ആരുടെ മുന്നിലും തല കുനിച്ചില്ല. ആരിൽനിന്നും ഒഴിഞ്ഞുമാറിയില്ല. ജീവിതത്തിന്റെ വഴി മാറ്റിയ കാരുണ്യത്തിന്റെ വാക്കുകൾ. പിൽക്കാലത്ത് ആ ബാലൻ പ്രസിദ്ധനായി. 1911 മുതൽ അഞ്ചു വർഷം യുഎസ്സിലെ ടെനിസീ സംസ്ഥാനത്തു ഗവർണറായി പ്രവർത്തിച്ച ബെൻ ഹൂപ്പറുടെ കഥയാണിത്. 

സ്നേഹം നിറഞ്ഞ വാക്കിന് അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് നാം ഓർക്കാറില്ല. അത്തരം വാക്ക് വരണമെങ്കിൽ ഹൃദയത്തിൽ സ്നേഹമുണ്ടാവണം. കാരുണ്യത്തിന്റെ നനവാർന്ന പദങ്ങൾക്കു പിന്നിൽ ഹൃദയത്തിലെ കാരുണ്യമുണ്ട്. ചിന്തകളുടെ ചിത്രങ്ങളാണ് വാക്കുകൾ. 

ചിത്രത്തിനു മറുവശവുമുണ്ട്. നാക്കിന് എല്ലില്ലെങ്കിലും തെറ്റായി ചലിച്ചാൽ കഠിനപദങ്ങൾ പുറത്തുവരും. അന്യരുടെ ഹൃദയം തകരും. നാക്കു നിയന്ത്രിച്ചില്ലെങ്കിൽ വാക്കു പിഴയ്ക്കും. പോക്കു കുഴയും. വായ്‌വിട്ട വാക്ക് കൈവിട്ട കല്ലു പോലെ; തിരിച്ചെടുക്കാനാവില്ല. വികാരത്തിന് അടിപ്പെടുമ്പോഴും വാശിവച്ച് സംസാരിക്കുമ്പോഴും മറ്റും  എത്ര സൂക്ഷിച്ചാലും നാക്കു പിഴയ്ക്കാം. ഇതുകൊണ്ടാവാം വാക്കിൽ പിഴവും നെല്ലിൽ പതിരും പതിവെന്ന് പഴമക്കാർ പറഞ്ഞത്. നാം സൂക്ഷിക്കണം.

വാക്കുകൾ എങ്ങനെയാവരുതെന്ന സൂചന കിരാതം തുള്ളലിലെ കുഞ്ചൻ നമ്പ്യാരുടെ വരികളിലുണ്ട്:

കർണ്ണങ്ങൾക്കിതു കേൾക്കുന്നേരം

പുണ്ണിലൊരമ്പു തറച്ചതു പോലെ

ശബ്ദസൗന്ദര്യം മനസ്സിൽ വച്ചാണ് നമ്പ്യാരിങ്ങനെ പാടിയത്. എങ്കിലും അതിലെ സാരം ഏതർത്ഥത്തിലും പ്രസക്തം. 

നമ്മുടെ നാട്ടിൽ ഏതെങ്കിലും രണ്ടു വാഹനങ്ങൾ മുഖാമുഖം വന്ന് ചെറിയ ട്രാഫിക് കുരുക്കുണ്ടായാൽ, ‍ഡ്രൈവർമാർ പരസ്പരം മോശമായ വാക്കുകൾ പ്രയോഗിക്കുന്നതു സാധാരണം. കുറ്റം തനിക്കല്ല, മറ്റേയാൾക്കാണെന്ന യുക്തിരഹിതമായ മുൻവിധിയോടെ ആക്രോശിക്കുന്നവർ. ചെറുപുഞ്ചിരിയോടെ നല്ല വാക്കു പറഞ്ഞ് സെക്കൻഡുകൾക്കകം പിരിഞ്ഞുപോയാൽ ഇരുവർക്കും മനഃസുഖം ലഭിക്കില്ലേ?

വേണ്ടാത്തതു കാട്ടിയിട്ട് വാക്കുകൊണ്ട് രക്ഷപെടാമെന്നു കരുതുന്നവരുണ്ട്. കിണഞ്ഞുശ്രമിച്ചാലും വാക്കുകൊണ്ടു കോട്ട കെട്ടാൻ കഴിയില്ല. വാഗ്ധാടി കൊണ്ടു പ്രതിരോധനിര ഉയർത്തുന്ന വക്കീൽന്യായവും വിജയിക്കാൻ വിഷമം. തേനൂറുന്ന വാക്കുകൾ അനിയന്ത്രിതമായി കോരിച്ചൊരിയുന്നവർ ഒന്നോർക്കണം. തെല്ലു തേൻ നന്നെങ്കിലും ഏറിയാൽ ചെടിക്കും. വയറിനെ പിണക്കും. കേൾവിക്കാർ മടുക്കും.

മനോവിശ്ലേഷണത്തിന്റെ പിതാവായ സിഗമ്ണ്ട് ഫ്രോയ്ഡ് പറഞ്ഞു, ‘വാക്കുകൾക്കു മാന്ത്രികശക്തിയുണ്ട്. പരമാനന്ദമോ കടുംനൈരാശ്യമോ വരുത്താൻ അവയ്ക്കു കഴിയും’. ‘വാക്കുകൾ ഉയർന്ന തലത്തിലേക്കു കൊണ്ടുപോകൂ. പക്ഷേ  ശബ്ദം ഉയർത്തി ബഹളമാക്കേണ്ട. പൂക്കളുണ്ടാക്കുന്നതു മഴയാണ്, ഇടിമുഴക്കമല്ല’ എന്ന് സൂഫി കവി ജലാൽ റൂമി.

വാക്കുകളുടെ ശക്തി മാനവചരിത്രത്തെത്തന്നെ തിരുത്തിക്കുറിച്ച സംഭവങ്ങളേറെ. വോൾട്ടയർ, റൂസ്സോ, മൊണ്ടെസ്ക്യൂ എന്നിവരുടെ വാക്കുകളുടെ ശക്തി ഫ്രഞ്ച് വിപ്ലവത്തിനു പിന്നിലുണ്ട്. റഷ്യൻ വിപ്ലവത്തിനു പിന്നിൽ കാൾ മാർക്സിന്റെ വാക്കുകൾ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമ്പാദനത്തിന് ഗാന്ധിജിയുടെ വാക്കുകൾ നല‌്കിയ അതുല്യസംഭാവന നമുക്കറിയാം. 

പ്രശസ്ത നോവലിസ്റ്റ് നോറാ റൊബർട്സ് : ‘വാക്കുകൾക്കു മാന്ത്രികശക്തിയുണ്ട്. അവയിൽ മന്ത്രമുണ്ട്, ശാപമുണ്ട്. മികച്ച വാക്കുകൾ ഒരിക്കൽ പറയുന്നതോടെ എല്ലാം മാറിമറിയും.’ 

മഹാകവി പന്തളം കേരളവർമ്മ എഴുതിയ ‘നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം’ എന്ന വരി പണ്ട് പ്രൈമറി ക്ലാസുകളിലെ കുട്ടികൾ നിത്യവും ചൊല്ലാറുണ്ട്. മറ്റുള്ളവരെപ്പറ്റി നല്ല വാക്കു പറയേണ്ടപ്പോൾ നാവിനു ഭാരക്കൂടുതൽ തോന്നുന്നവർക്ക് ഓർമ്മ വയ്ക്കാവുന്ന നന്മയുടെ സന്ദേശം.

രണ്ടു പേർ കാലത്തു കാണുമ്പോൾ സ്നേഹത്തിന്റെയോ കാരുണ്യത്തിന്റെയോ രണ്ടു വാക്കു പരസ്പരം പറഞ്ഞാൽ ഇരുവരുടെയും ദിനം സന്തോഷകരമാകാൻ സാധ്യതയേറെ. ഒരു സ്നേഹതരംഗം അസംഖ്യം കുഞ്ഞലകൾ പലേടത്തും വ്യാപിപ്പിക്കും. സമാധാനത്തിന്റെയും അനുകമ്പയുടെയും വാക്കുകൾ വേണ്ടപ്പോൾ പറയുന്നത് കേൾവിക്കാർക്ക് സാന്ത്വനമായി അനുഭവപ്പെടും. പ്രോത്സാഹനത്തിന്റെ വാക്കുകൾ ആവേശം കൊള്ളിക്കും. ‘മാനവരാശി പ്രയോഗിക്കുന്ന ഏറ്റവും ശക്തമായ ഔഷധമാണ് വാക്കുകൾ’ എന്ന് റഡ്യാർഡ് കിപ്ലിങ്.

വീൺവാക്കു പറയാതിരിക്കാനും നല്ല വാക്ക് വേണ്ടപ്പോൾ പറയാനും മനസ്സുവച്ചാൽ നമുക്കു കഴിയും. ജീവിതവിജയത്തിന് ഇത് തുണയാകുകയും ചെയ്യും.

English Summary : What comes from the heart touches the heart?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com