ADVERTISEMENT

ഒരു പഴയ കഥ പറയാം. മനോഹരമായൊരു പ്രഭാതത്തിൽ ഒരു അച്ഛനും മകനും കഴുതപ്പുറത്തു കയറി യാത്ര ചെയ്യുന്നു. കുറച്ചു ദൂരം ചെന്നപ്പോൾ വഴിയിൽ കണ്ട ചില ആളുകൾ പറയുന്നത് അവർ കേട്ടു: ‘എന്തൊരു നാണമില്ലാത്തവരാണിവർ? ഒരു പാവം കഴുതയുടെ പുറത്തു കയറി രണ്ടു പേരും സുഖിക്കുന്നതു കണ്ടോ?’. 

 

അതു കേട്ടതും മകൻ കഴുതപ്പുറത്തുനിന്നിറങ്ങി നടക്കാൻ തുടങ്ങി. വീണ്ടും കുറച്ചു ദൂരം പോയപ്പോൾ വേറെ കുറച്ചാളുകൾ പറയുന്നതു കേട്ടു: ‘എന്തൊരു മനുഷ്യനാണത്? ആ പാവം പയ്യനെ നടത്തിക്കൊണ്ട് അയാളിരുന്നു സുഖിക്കുന്നതു കണ്ടില്ലേ?’. 

 

അതു കേട്ടതും അച്ഛൻ താഴെയിറങ്ങി മകനെ കഴുതപ്പുറത്തു കയറ്റി. അടുത്ത അങ്ങാടിയിലേക്കു കയറിയതോടെ ആളുകൾ വിളിച്ചുപറയാൻ തുടങ്ങി: ‘ഇവനൊക്കെയാണ് അഹങ്കാരി. ആ പാവപ്പെട്ട പ്രായം ചെന്നയാളെ ഈ ദൂരമത്രയും നടത്തിക്കൊണ്ട് ആ പയ്യൻ സുഖിക്കുന്നതു കണ്ടില്ലേ?’ 

 

അതോടെ രണ്ടു പേരും കഴുതയെയും കൊണ്ടു നടത്തമാരംഭിച്ചു. അടുത്ത കൂട്ടരെ കണ്ടതും അവർ കളിയാക്കിച്ചിരിക്കാൻ തുടങ്ങി: ‘ഇവരാണു മണ്ടൻമാർ. ഒരു കഴുത സ്വന്തമായി ഉണ്ടായിട്ടും അതിന്റെ പുറത്തു കയറാതെ നടക്കുന്ന ഇവർക്ക് തീരെ വിവരമില്ലേ?’ 

 

അതോടെ ആ അച്ഛനും മകനും ഒരു മരച്ചുവട്ടിൽ കഴുതയെ നിർത്തി പരസ്പരം നോക്കി. ഇനിയും ഒന്നും അവർക്കു ചെയ്യാനില്ല. അപ്പോൾ കഴുത അവരോടു ചോദിച്ചത്രെ, ഇവിടെ ഞാനാണോ നിങ്ങളാണോ കഴുതയെന്ന്! നിങ്ങൾക്കു സ്വയം ഒരു തീരുമാനവും ശരിയുമില്ലാതെ എന്തിനാണു മനുഷ്യരെന്നു പറഞ്ഞു ജീവിക്കുന്നത് എന്നായിരുന്നു കഴുതയുടെ ചോദ്യം. 

 

മറ്റുള്ളവരുടെ കാഴ്ചപ്പാടിലൂടെ ജീവിക്കാൻ ശ്രമിക്കുമ്പോഴുള്ള കുഴപ്പമാണിത്. മാന്ത്രികയാത്രയിലെ എന്റെ ജീവിതകാഴ്ചപ്പാടുകളെയും ചിന്താഗതികളെയുമൊക്കെ മാറ്റിമറിച്ച മലയാറ്റൂർ രാമകൃഷ്ണൻ എന്ന മഹാനായ എഴുത്തുകാരനും ബ്യൂറോക്രാറ്റും എനിക്കു പറഞ്ഞുതന്ന മൂന്നു കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്–മറ്റുള്ളവരുടെ കണ്ണിലൂടെ ജീവിക്കാതിരിക്കുക. സമൂഹത്തിലെ നിയമങ്ങൾക്കനുസൃതമായി നമ്മുടെ ശരികളിലൂടെ ജീവിക്കാൻ പഠിക്കുക. 

 

വേറെയും രണ്ടു കാര്യങ്ങൾ അദ്ദേഹം പറഞ്ഞുതന്നിരുന്നു. 

ഒന്ന്: ആവർത്തിക്കുന്ന അബദ്ധങ്ങളെയും കളഞ്ഞുകുളിക്കുന്ന അവസരങ്ങളെയും തിരിച്ചറിയുക. ഒരവസരവും തള്ളിക്കളയരുത്. എവിടെയും എന്തെങ്കിലുമൊക്കെ സൗഭാഗ്യങ്ങൾ നമുക്കായി കരുതിവച്ചിട്ടുണ്ടായിരിക്കും. 100% ശരികളിലൂടെ മാത്രം ജീവിക്കുന്നവരുണ്ടാവില്ല. പക്ഷേ, ചെയ്യുന്നതു തെറ്റാണെന്നു തിരിച്ചറിഞ്ഞാലും അത് ആവർത്തിക്കുന്നതാണ് ഏറ്റവും വലിയ ദൗർബല്യം. 

 

രണ്ട്: മറ്റൊരാളെ തകർക്കാൻ നമ്മുടെ സമയം നഷ്ടപ്പെടുത്തരുത്. ഒരുപാടു കഴിവുകളും സാധ്യതകളുമുള്ളവർ പലപ്പോഴും ഉയരാത്തതിന്റെ പ്രധാന കാരണം അവർ അവരുടെ വളർച്ചയിലേക്കു ശ്രദ്ധിക്കുന്നതിനു പകരം മറ്റുള്ളവരെ തകർക്കാൻ സമയം നഷ്ടപ്പെടുത്തുന്നതുകൊണ്ടാണ്. ബീർബൽ പണ്ടു ചെയ്തതുപോലെ, ഒരു വരയെ ചെറുതാക്കാൻ അതിനെ മുറിക്കുകയോ മായ്ക്കുകയോ അല്ല വേണ്ടത്. പകരം, ആ വരയെ ആക്രമിക്കാതെ അപ്പുറത്ത് അതിലും വലുതൊന്നു വരയ്ക്കുകയാണ്. 

 

ചിലരുടെ സ്വാധീനവലയങ്ങളിൽപ്പെട്ട് മദ്യത്തിന് അടിമയായവർ, ഓൺലൈൻ കളികൾകൊണ്ടു നഷ്ടം വന്നവർ, എതിർലിംഗത്തിൽപ്പെട്ടവരുടെ തെറ്റായ സ്വാധീനത്തിൽ പെട്ടുപോയവർ, മണി ചെയിൻ ബിസിനസിൽ തകർന്നുപോയവർ... ഇങ്ങനെ ഒരുപാടു പേർ എന്നെ വിളിക്കാറുണ്ട്. അവരോടു പറയാൻ ഒന്നേയുള്ളൂ–മറ്റുള്ളവരിലൂടെ സ്വന്തം ജീവിതം നയിക്കാതിരിക്കുക. 

English Summary: Magic Lamp Podcast By Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com