ADVERTISEMENT

ഒന്നാം ക്ലാസിലെ ടീച്ചർ കുടുംബബന്ധങ്ങളെപ്പറ്റി കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അച്ഛനും അമ്മയും ആറു കുട്ടികളും അമ്മൂമ്മയും അപ്പൂുപ്പനും അടങ്ങിയ കുടംബത്തിന്റെ ചിത്രം കുട്ടികളെ കാണിച്ചു. ചിത്രത്തിലെ എല്ലാവരും സന്തോഷത്തോടെ ചിരിക്കുന്നു. പക്ഷേ കൂട്ടത്തിൽ ഒരു മകൻ മാത്രം നിറത്തിലും തലമുടിയുടെ രൂപത്തിലും തികച്ചും വ്യത്യസ്തൻ. എടുത്തുകാട്ടുന്ന വ്യത്യാസം കുട്ടികളെല്ലാം ശ്രദ്ധിച്ചു. ഒരു ബാലൻ വിളിച്ചുപറഞ്ഞു, അവനെ ദത്തെടുത്തതാണ്.

കുട്ടികൾക്ക് അതിന്റെ  അർത്ഥം മനസ്സിലായില്ല. എന്താണത് എന്ന്് കുട്ടികൾ ഒരുമിച്ചു ചോദിച്ചു. ചെറിയ പെൺകുട്ടി വിളിച്ചുപറഞ്ഞു, ‘എനിക്കറിയാം. എന്നെ ദത്തെടുത്തതാണ്. ഞാൻ വളർന്നത് അമ്മയുടെ വയറ്റിലല്ല, ഹൃദയത്തിലാണ്’.

ചിലരെങ്കിലും  വിഷമത്തോടെ കാണാറുള്ള കാര്യം എത്ര മനോഹരമാക്കുന്ന സമീപനമാണ് മാാതാപിതാക്കൾ ആ ചെറിയ കുട്ടിയെ ശീലിപ്പിച്ചത്?

ചെറിയ പ്രയാസങ്ങളെയും ദുഃഖങ്ങളെയും പെരുപ്പിച്ചു  കാട്ടുകയും അങ്ങനെ ചിന്തിക്കുകയും ചെയ്യുന്നവരാണ് നമ്മിൽ പലരും. അന്യരുടെ വിഷമങ്ങളെ നിസ്സാരമായി കരുതുകയും അവർക്കെല്ലാം പരമസുഖമാണെന്നു വിചാരിക്കുകയും ചെയ്യും. തട്ടിവീഴ്ത്താൻ  വരുന്ന ശിലകളെ ചവിട്ടുപടികളാക്കുക എന്ന പ്രശസ്തമൊഴിയിലെ സമീപനം നടപ്പിലാക്കി ജീവിതത്തിൽ വലിയ വിജയം നേടിയ ചിലരുടെ വാക്കുകൾ കേൾക്കുക.·                    

b-s-warrier-motivational-column-attitude-success
Representative Image. Photo Credit : Elnur / Shutterstock.com

പ്രതീക്ഷിച്ച വേഗത്തിൽ പുരോഗതി കൈവരിക്കാഞ്ഞപ്പോൾ, പൗരാവകാശങ്ങൾക്കു വേണ്ടി ഐതിഹാസിക പ്രവർത്തനങ്ങൾ നടത്തി നൊബേൽ സമ്മാനംവരെ നേടിയ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ പറഞ്ഞതോർത്തു: ‘പറക്കാൻ വയ്യെങ്കിൽ ഓടുക, ഓടാൻ വയ്യെങ്കിൽ നടക്കുക, നടക്കാനാവുന്നില്ലെങ്കിൽ ഇഴയുക. എങ്ങനെയെങ്കിലും മുന്നോട്ടു നീങ്ങിക്കൊണ്ടേയിരിക്കുക.’ പ്രയാസങ്ങൾ നേരിട്ടപ്പോൾ ഏറെപ്പേരോട് ഒന്നും വിശദീകരിക്കാൻ പോയില്ല; വിശദീകരിച്ചാൽ മിക്കവരും അവരുടെ മുൻവിധി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമായിരുന്നു. പക്ഷേ എന്റെ  മേഖലയിലെ പരിചയസമ്പന്നർ പ്രായോഗികമായ പരിഹാരങ്ങൾ നിർദ്ദേശിച്ചുതരാൻ സന്മനസ്സു കാട്ടി. അവ സ്വീകരിച്ചത് പ്രയോജനകരമായി.

ഏറെ സാമർത്ഥ്യവും വിവരവും ഉള്ള ബുദ്ധിമാന്മാർ പരാജയപ്പെടുമ്പോൾ, ശരാശരിക്കാർ അസാധാരണ വിജയം വരിക്കുന്നതു കണ്ടു. ഇരുകൂട്ടരുടെയും സമീപനങ്ങളിലെ വ്യത്യാസമാണ് ജയപരാജയങ്ങൾക്കു പിന്നിലെന്നു തിരിച്ചറിഞ്ഞ്, വിജയികളുടെ സമീപനം ആവശ്യമായ മാറ്റങ്ങളോടേ സ്വീകരിച്ചു. ജയിക്കുക തന്നെ ചെയ്യുമെന്ന വിശ്വാസം എപ്പോഴും നിലനിർത്തി. എനിക്കു സന്തോഷമാണോ സന്താപമാണോ എന്നു തീരുമാനിക്കുന്നത് സാഹചര്യങ്ങളല്ല, ഞാൻ തന്നെയാണെന്ന് ഉറച്ചു വിശ്വസിച്ചു.

തിരിച്ചടി വന്നപ്പോഴും പുഞ്ചിരിച്ച് സഹപ്രവർത്തകരുടെ ആത്മവിശ്വാസം തളരാതെ നോക്കി. ‘കുഴപ്പത്തിൽപ്പെടുമ്പോൾ പുഞ്ചിരിക്കുന്നവരെ എനിക്കിഷ്ടമാണ്’ എന്ന ലിയണാർഡോ ഡാവിഞ്ചിയുടെ വാക്കുകൾ എന്നും മനസ്സിൽ വച്ചിരുന്നു. തെറ്റു ചെയ്തവരോട് വൈരാഗ്യത്തോടെ പെരുമാറാനോ, തെറ്റ് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കാനോ പോയില്ല. പകരം, പൊറുക്കാനും അവർക്കു തുടർന്നും അവസരം നൽകാനും ശ്രമിച്ചു. ഒന്നും നിസ്സാരമായി കരുതിയില്ല. ആരെയും അവഗണിച്ചില്ല. പക്ഷേ പ്രധാനകാര്യങ്ങൾക്കു മുൻഗണന നൽകി. നിർണായകകൃത്യങ്ങൾ ഉടനുടൻ നിർവഹിച്ചു.

ആസൂത്രണം, തയാറെടുപ്പ്, നടപ്പാക്കൽ എന്നിവ വേർതിരിച്ചു മൂന്നായിക്കണ്ട്, ഓരോന്നും വേണ്ടവിധം ആസൂത്രണം ചെയ്ത് തയാറെടുത്ത് നടപ്പാക്കാൻ ശ്രമിച്ചു. അസുഖകരമായ സാഹചര്യങ്ങൾ സുഖകരമെന്നു കരുതി, പിൻവാങ്ങാതെ  മുന്നേറി. സുഖദുഃഖങ്ങൾ മിക്കപ്പോഴും മനോഭാവത്തെയും സമീപനത്തെയും ആശ്രയിച്ചിരിക്കും. എല്ലായ്പ്പോഴും  എന്റെ  നക്ഷത്രം ഏറ്റവും മുകളിൽത്തന്നെ നിൽക്കില്ലെന്നതു മറന്നേയില്ല.

ഇപ്പറഞ്ഞതെല്ലാം വിജയം വരിച്ചവരുടെ മനോഭാവങ്ങളാണ്. അവയെല്ലാം നമുക്ക് അതേപടി സ്വീകരിക്കുക അസാധ്യമാകാം. പക്ഷേ ഇവയിലെല്ലാം തന്നെ വിവേകത്തിന്റെയും പ്രായോഗികബുദ്ധിയുടെ അംശങ്ങൾ  ധാരാളം. നമ്മുടെ സാഹചര്യങ്ങൾ പരിഗണിച്ച്  ഇവയെ ആവശ്യാനുസരണം പരിഷ്കരിച്ച് പ്രയോഗിക്കാം. ദേശവും കാലവും പ്രവർത്തനാന്തരീക്ഷവും സഹപ്രവർത്തകരും മാറുന്നതനുസരിച്ച് പ്രവർത്തന തന്ത്രങ്ങൾ മാറിവന്നേ മതിയാകൂ. പക്ഷേ അടിസ്ഥാനപരമായ മനോഭാവങ്ങൾ സമാനമാണ്. ആരെങ്കിലും  തോറ്റാലോ ജയിച്ചാലോ എനിക്കെന്ത്, എന്നെയാരും പഠിപ്പിക്കേണ്ട, എനിക്കു വേണ്ടതെല്ലാം എനിക്കു നന്നായറിയാം, അവ എന്നോളമറിയാവുന്നവർ വേറെയില്ല എന്ന മട്ടിൽ വിനയമില്ലാതെ പ‌റയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് വിജയികളുടെ സമീപനമല്ല.

b-s-warrier-motivational-column-attitude-success-illustration
Representative Image. Photo Credit : Syda Productions / Shutterstock.com

‘നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ’ എന്ന്  പ്രേമസംഗീതമെന്ന മനോഹരകാവ്യത്തിൽ ഉള്ളൂർ എഴുതിയത് എത്ര ശരി! പ്രചോദകസാഹിത്യത്തിന്റെ തലതൊട്ടപ്പനായ ഡേൽ  കാർണഗി : ‘നിങ്ങൾക്കെന്തുണ്ട്, നിങ്ങളാര്, എവിടെയാണു നിങ്ങൾ, നിങ്ങളെന്തു ചെയ്യുന്നു എന്നിവയല്ല നിങ്ങളെ സന്തോഷം ഉള്ളവനോ ഇല്ലാത്തവനോ ആക്കുന്നത്. നിങ്ങൾ ഇതെപ്പറ്റി എന്തു വിചാരിക്കുന്നുവെന്നതാണ് അക്കാര്യം തീരുമാനിക്കുക.’

ഉറച്ച നിലപാടും സ്ഥിരതയും പകരം വയ്ക്കാനാവാത്ത ശീലങ്ങളാണ്. വിജയത്തിന്റെ അവിഭാജ്യഘടകങ്ങളുമാണ്. നമുക്ക് ഇവയോട് അനുകൂലഭാവം ഉണ്ടായേ മിയാകൂ. നിശ്ചിതവഴിയിൽ പ്രവർത്തിക്കേണ്ടതിനെപ്പറ്റി സ്വപ്നം ഉടലെടുത്താൽ, അത് സാക്ഷാൽക്കരികക്കാനാവുമെന്നു വിശ്വസിച്ച് സകല ശക്തിയും സമാഹരിച്ചു പ്രയത്നിക്കാൻ നാം മടിക്കരുത്. മനസ്സിലെ  കനൽ തല്ലിക്കെടുത്താൻ മടിയെ  അനുവദിച്ചുകൂടാ.  ആ കനൽ കെടുത്തിയേക്കാവുന്ന ഉപദേശവുമായി വരുന്നവരെ അകറ്റിനിർത്താം.

റോമൻ ചക്രവർത്തിയും ദാർശനികനും ആയിരുന്ന മാർക്കസ് ഒറേലിയസ്  (121–180): ‘ബാഹ്യമായ ഏതെങ്കിലും  കാര്യം നിങ്ങളെ വേദനിപ്പിക്കുന്നെങ്കിൽ, അത് ആ കാര്യത്തിന്റെ കുറ്റമല്ല. കുറ്റം നിങ്ങളുടെ വിലയിരുത്തലിന്റേതാണ്. നിങ്ങളുടെ  സമീപനത്തിന്റ തകരാറാണ്. ഏതു സമയത്തും നിങ്ങൾക്ക്  അതു തള്ളിക്കളയാം.’        

പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരനായ അലേ‍ബേർട് കമ്യൂവിന്റെ മനോഹരമായ വരികൾ കാണുക: 

‘വെറുപ്പിനിടയിൽ എന്റെയുള്ളിൽ അദമ്യമായ സ്നേഹമുണ്ടെന്നു കണ്ടു.

കണ്ണീരിനിടയിൽ എന്റെയുള്ളിൽ അദമ്യമായ പുഞ്ചിരിയുണ്ടെന്നു കണ്ടു.

കലാപത്തിനിടയിൽ എന്റെയുള്ളിൽ അദമ്യമായ ശാന്തതയുണ്ടെന്നു കണ്ടു.

ശിശിരത്തിനിടയിൽ എന്റെയുള്ളിൽ അദമ്യമായ ഗ്രീഷ്മമുണ്ടെന്നു കണ്ടു.

ഇതെല്ലാം എന്നെ സന്തുഷ്ടനാക്കി. ലോകം എത്ര ശക്തമായി എനിക്കെതിരെ വന്നാലും, അതിനെക്കാൾ ശക്തവും മെച്ചവും ആയത് എന്റെയുള്ളിലുണ്ട്. എന്നെ തോൽപ്പിക്കാനാവില്ല,’

‘വലിയ വ്യത്യാസമുണ്ടാക്കുന്ന ചെറിയ കാര്യമാണ് മനോഭാവമെന്ന് വിൻസ്റ്റൺ ചർച്ചിൽ. മനോഭാവം നമ്മുടെ നിയന്ത്രണത്തിലായാൽ ജീവിതവും നിയന്ത്രണത്തിലായി.

Content Summary : Motivational Column by B.S. Warrier - Why attitude is important to success?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com