ADVERTISEMENT

ഒഡെപെക് വഴി ഈ വർഷം ആയിരത്തിലധികം പേർക്കു നിയമനം ലഭ്യമാക്കുമെന്നു മാനേജിങ് ഡയറക്ടർ അനൂപ് അച്യുതൻ. 

 

ആരോഗ്യമേഖലയിലായിരിക്കും കൂടുതൽ നിയമനം. വിദേശത്തു പഠനത്തിനും തൊഴിലിനും പോകുന്നവരെ സഹായിക്കുന്ന ധാരാളം പദ്ധതികളും ഒഡെപെക് ഏറ്റെടുത്തു നടപ്പാക്കുന്നതായി തൊഴിൽവീഥിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 

 

ഏതൊക്കെ രാജ്യങ്ങളിലേക്ക് ഒഡെപെക് ഇപ്പോൾ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നുണ്ട്? ഏതൊക്കെ തസ്തികയിലാണു പ്രധാനമായും റിക്രൂട്മെന്റ്?

 

 യുഎഇ, സൗദി, ഒമാൻ, ഖത്തർ തുടങ്ങി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കെല്ലാം ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നുണ്ട്. യുകെ, ബൽജിയം, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കും നിയമനം നടക്കുന്നു. ഡോക്ടർ, നഴ്സ്, റേഡിയോഗ്രഫർ, സീനിയർ ക്ലിനിക്കൽ അഡ്വൈസേഴ്സ് തസ്തികകളിലേക്കാണു കൂടുതൽ നിയമനം. ‌അധ്യാപക നിയമനവുമുണ്ട്.  അമേരിക്കൻ ക്രൂ ഷിപ്പിലേക്ക് ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഡോക്ടർ, നഴ്സ് തസ്തികകളിലേക്കുള്ള നിയമന നടപടി പുരോഗമിക്കുകയാണ്. ഒന്നാം ഘട്ട ഇന്റർവ്യൂ പൂർത്തിയായി. വിജയികൾക്കു രണ്ടാം റൗണ്ട് വിഡിയോ ഇന്റർവ്യൂ നടത്തും. ഇതിൽ വിജയിക്കുന്നവർക്ക് ഓഫർ ലെറ്ററും വീസയും ലഭിക്കും. നിലവിൽ 100 ഒഴിവാണുള്ളത്. 

 

ഹെൽത്ത് കെയർ അസിസ്റ്റന്റിന് 9 മാസം ജോലി, 3 മാസം അവധിയും ഡോക്ടർ, നഴ്സ് തസ്തികയിൽ 4 മാസത്തെ ജോലിക്കു ശേഷം 2 മാസത്തെ അവധിയും ലഭിക്കുംവിധമായിരിക്കും നിയമനം. ഷിപ്പിലെ സ്റ്റ്യുവാർഡ് ഉൾപ്പെടെയുള്ള തസ്തികകളിലേക്കും വൈകാതെ നിയമനം നടക്കും.  

 

ഇതുവരെ എത്ര പേർക്ക് ഒഡെപെക് വഴി നിയമനം ലഭിച്ചു? സമീപവർഷങ്ങളിൽ നിയമനത്തിൽ വർധനയാണോ?

ഇതുവരെ 10,058 പേർക്ക് ഒഡെപെക് വഴി നിയമനം ലഭിച്ചു. കഴിഞ്ഞ 5 വർഷങ്ങളിൽ 2096 നിയമനം നടന്നു. 2017 ൽ 364, 2018 ൽ 330, 2019 ൽ 254, 2020 ൽ 361, 2021 ൽ 787 എന്നിങ്ങനെയാണ് പോയ 5 വർഷത്തെ കണക്ക്.  

 

റിക്രൂട്മെന്റ് അല്ലാതെ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നത്?

വിദേശപഠനത്തിനു പോകുന്ന വിദ്യാർഥികളെ സഹായിക്കുന്ന പദ്ധതിയുണ്ട്. കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ എൻജിനീയറിങ്, ആർട്സ്, മാനേജ്മെന്റ് കോഴ്സുകളിൽ പഠനത്തിനു പോകുന്നവർക്കാണു സഹായം. ഇപ്പോൾ നൂറോളം കുട്ടികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐഇഎൽടിഎസ്, ഒഇടി ട്രെയിനിങ് നൽകുന്നുണ്ട്. ബൽജിയം, ജർമൻ ഭാഷകളും പഠിപ്പിക്കുന്നു. 

 

ഒഡെപെക് മുഖേന ഈ വർഷം എത്ര പേർക്കു നിയമനം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ പദ്ധതികൾ എന്തൊക്കെയാണ്? 

 ബൽജിയത്തിലേക്കുള്ള നഴ്സുമാരുടെ തിരഞ്ഞെടുപ്പാണു പുതിയ പ്രോജക്ട്. ഇന്ത്യയിൽനിന്ന് ആദ്യമായാണു ബൽജിയത്തിലേക്കു നഴ്സുമാരെ തിരഞ്ഞെടുക്കുന്നത്.  22 പേരടങ്ങുന്ന ആദ്യ ബാച്ച് മാർച്ച് 13നു യാത്ര തിരിക്കും. അടുത്ത ബാച്ച് ജൂലൈയിൽ. ജർമനിയിലേക്കും നഴ്സുമാരെ അയയ്ക്കും. ഇതോടൊപ്പം യുഎഇയിലേക്കുള്ള അധ്യാപക തിരഞ്ഞെടുപ്പ് നടക്കുകയാണ്. 70 പേർക്കാണ് ഒന്നാം ഘട്ടത്തിൽ നിയമനം ലഭിക്കുക. വിവിധ തസ്തികകളിലായി ഈ വർഷം ആയിരത്തിലധികം പേർക്കു നിയമനം നൽകാൻ കഴിയുമെന്നാണു പ്രതീക്ഷ. 

 

ദക്ഷിണ കൊറിയയിലെ കാർഷിക ജോലിക്കു റിപ്പോർട്ട് ചെയ്ത ഒഴിവിൽ നിയമനം പൂർത്തിയായോ? 

അയ്യായിരത്തോളം പേരാണ് അപേക്ഷിച്ചത്. നിശ്ചിത യോഗ്യതയുള്ള 797 പേരെ ഉൾപ്പെടുത്തി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എംപ്ലോയർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. എത്ര പേർക്കു നിയമനം നൽകുമെന്ന് അവരാണ് തീരുമാനിക്കുക. ആകെയുള്ള100 ഒഴിവിൽ 60% വനിതകൾക്കു സംവരണം ചെയ്തിട്ടുണ്ട്. ഒഡെപെക് നൽകിയ ലിസ്റ്റിൽ നൂറോളം വനിതകളും ഉൾപ്പെട്ടിട്ടുണ്ട്.  

നിയമനം തുടങ്ങാറായപ്പോഴാണു കോവിഡ് പ്രതിസന്ധി രൂക്ഷമായത്. ഇപ്പോൾ ഇന്ത്യയിൽനിന്ന് എത്തുന്നവർക്കു കൊറിയൻ സർക്കാർ ക്വാറന്റീൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചെലവ് ഉദ്യോഗാർഥികൾ സ്വന്തമായി കണ്ടെത്തണം. വീസ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 

 

10 ദിവസം ഹോട്ടൽ ക്വാറന്റീന് ഏകദേശം 2000 ഡോളർ ചെലവു വരും. കോവിഡ് സ്ഥിതി  മാറുന്നതിനനുസരിച്ചു നിയമനം ആരംഭിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.

 

Content Summary: Interview With ODEPC MD Anoop Achuthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com