ADVERTISEMENT

പത്തു കഴിഞ്ഞ് 11–ാം ക്ലാസിലെത്തുന്ന ഘട്ടം. ഉപരിപഠനമേഖലയുടെ പടിക്കലെത്തി. ഇഷ്‌ടവിഷയങ്ങൾ മാത്രം പഠിച്ചാൽ മതിയെന്ന സൗകര്യത്തോടെ പ്ലസ് വണിലേക്കു കാലൂന്നുന്നവർ പരമാവധി ശ്രദ്ധ ചെലുത്തേണ്ടത് ഏതെല്ലാം കാര്യങ്ങളിലാണ്? 

 

ലക്ഷ്യം:  വ്യക്‌തമായ സ്വപ്‌നം വേണം. ദീർഘകാല  ലക്ഷ്യവും അതനുസരിച്ചുള്ള ഹ്രസ്വകാല ലക്ഷ്യങ്ങളും. ഉദാഹരണത്തിന്, മാനസികാരോഗ്യവിദഗ്‌ധരോ നിയമജ്‌ഞരോ മാധ്യമപ്രവർത്തകരോ നല്ല കർഷകരോ ആകണമെന്നാവാം സ്വപ്‌നം. ഇതു നേടാൻ പടിപടിയായി ഇച്ഛാശക്‌തിയോടെ ശ്രമിക്കണം.

Tips for Getting a Good Start in Higher Secondary
Representative Image. Photo Credit: Chinnapong-istock/Shutterstock

 

ഏകാഗ്രത: വെയിലത്തു വെറുതെയൊരു തീപ്പെട്ടിക്കൊള്ളി പിടിച്ചു നോക്കൂ. ഒന്നും സംഭവിക്കുന്നില്ല. ഇനി തീപ്പെട്ടിക്കൊള്ളിയിലെ മരുന്ന് കോൺവെക്‌സ് ലെൻസിന്റെ ഫോക്കസിൽ വരുന്ന വിധം സൂര്യനെതിരെ പിടിക്കൂ. രണ്ടു മിനിറ്റിനകം തീപിടിക്കും. തീപിടിപ്പിക്കാനുള്ള ചൂടുണ്ടായിരുന്നെങ്കിലും താപകിരണങ്ങൾ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കാത്തതു കൊണ്ട് അവയ്‌ക്ക് കൊള്ളിയെ കത്തിക്കാൻ ആദ്യം കഴിഞ്ഞില്ല. കേന്ദ്രീകരിച്ചപ്പോഴാകട്ടെ, ഫലം കിട്ടുകയും ചെയ്‌തു. മനസ്സും ഇതുപോലെയാണ്. പഠനമുൾപ്പെടെ ഏതുകാര്യം ചെയ്യുമ്പോഴും ഏകാഗ്രത പുലർത്തി, കാര്യക്ഷമത ഉയർത്താം.

 

Tips for Getting a Good Start in Higher Secondary
Representative Images. Photo Credit: Creativa-Images/Shutterstock

പഠനത്തിനുള്ള കരുക്കൾ: പരീക്ഷയെ ലക്ഷ്യമാക്കി പഠിക്കാൻ സുപ്രധാനമായ മൂന്നു കരുക്കളുണ്ട്: സിലബസ്, പാഠപുസ്‌തകങ്ങൾ, മുൻപരീക്ഷകളിലെ ചോദ്യക്കടലാസുകൾ. ഇവ ശേഖരിക്കണം.  

 

Tips for Getting a Good Start in Higher Secondary
Representative Image. Photo Credit: Khosro/Shutterstock

ടൈംടേബിൾ: സ്വയംപഠനത്തിനായി പ്രവൃത്തിദിവസത്തിനും അവധിദിവസത്തിനും വെവ്വേറെ ടൈംടേബിൾ ഉണ്ടാക്കുക. വിനോദമടക്കം മറ്റാവശ്യങ്ങൾക്കും നേരം മാറ്റിവച്ച്, നടപ്പാക്കാനാവുന്ന വിധം വേണമിത്. വിഷമമെന്നു തോന്നുന്ന വിഷയങ്ങൾക്കു കൂടുതൽ നേരം വകയിരുത്തണം. ഓരോ മാസവും ആവശ്യമെങ്കിൽ ടൈംടേബിൾ പരിഷ്‌കരിക്കാം. മുഴുവൻ വർഷത്തേക്കുള്ള ഷെഡ്യൂളും എഴുതിവയ്‌ക്കുന്നതും നന്ന്. ടൈംടേബിളുണ്ടെങ്കിൽ, പഠിക്കാൻ അച്ഛനോ അമ്മയോ ഓർമിപ്പിക്കേണ്ടിവരില്ല.  

 

Tips for Getting a Good Start in Higher Secondary
Representative Image. Photo Credit: wong-yu-liang/Shutterstock

കണക്കുകൾ: കണക്കുകൾ വായിച്ചു പഠിച്ചിട്ടു കാര്യമില്ല. തനിയെ ചെയ്‌തുനോക്കണം. ഇടയ്‌ക്കു തടഞ്ഞുനിന്നാൽ പുസ്‌തകത്തിൽ നോക്കി മനസ്സിലാക്കിയിട്ടു വീണ്ടും ചെയ്‌തു നോക്കി, സ്വയം ചെയ്യാനായെന്ന് ഉറപ്പുവരുത്താം. മാത്‌സിലെയും ഫിസിക്‌സിലെയും ഡെറിവേഷൻസ് എഴുതി ശീലിക്കണം.

 

ചിത്രങ്ങൾ: സയൻസ് വിഷയങ്ങളിൽ ചിത്രങ്ങൾ പ്രധാനമാണ്. ഇവയും വെറുതെ നോക്കിപ്പഠിക്കുക പ്രയാസം. പടങ്ങൾ  ഓർമയിൽ നിന്നു വരയ്‌ക്കാൻ ശ്രമിച്ച്, തടസ്സം വരുമ്പോൾ പുസ്‌തകം നോക്കി സംശയം പരിഹരിച്ച് വീണ്ടും വരച്ചു ബോധ്യപ്പെടുക.

 

Tips for Getting a Good Start in Higher Secondary
Representative Image. Photo Credit: Gino-Santa-Maria/Shutterstock

സ്റ്റാർട്ടിങ് ട്രബിൾ: ചിട്ടയൊപ്പിച്ച പഠനം തുടങ്ങാൻ നല്ല ദിവസമോ നല്ല നേരമോ നോക്കേണ്ട.‘ഉടൻ തുടങ്ങുക’ (DO IT NOW) എന്നതു നല്ല മുദ്രാവാക്യം. കാര്യക്ഷമമായ വായന: കവിത ആസ്വദിക്കാനോ ഉച്ചാരണം മെച്ചപ്പെടുത്താനോ മാത്രം മതി, ഉറക്കെ വായന. പഠിക്കാൻ നല്ലത് ഏകാഗ്രതയോടെ നോക്കിവായിക്കുന്നതാണ്. ഉറക്കെയാകുമ്പോൾ കഠിനഭാഗവും ലളിതഭാഗവും ഒരേ വേഗത്തിൽ വായിച്ചു തീർത്ത്, പാഠം പഠിച്ചെന്നു നാം തെറ്റിദ്ധരിക്കും. ഇടയ്‌ക്കിടെ നിറുത്തി വായിച്ച് കാര്യം മനസ്സിലായെന്ന് ഉറപ്പുവരുത്തുക. സ്വന്തം വാക്കുകളിൽ ആശയം പറയാൻ കഴിയണം. 

 

ഡിക്‌ഷ്ണറിശീലം: വാക്കിന്റെ അർഥം അറിയാതെ വന്നാൽ നിഘണ്ടു നോക്കി ശരിയായ ഉച്ചാരണവും നാനാർഥങ്ങളും പ്രയോഗങ്ങളും മനസ്സിലാക്കുക. 

 

ഓർമസൂത്രങ്ങൾ: കുറെയേറെ പോയിന്റുകൾ ക്രമത്തിൽ ഓർമവയ്‌ക്കാൻ രസകരമായ ഓർമസൂത്രങ്ങൾ തനിയെ ഉണ്ടാക്കാം. സൂര്യപ്രകാശത്തിലെ ഏഴു നിറങ്ങൾ ക്രമത്തിന് ഓർക്കാൻ VIBGYOR എന്ന് ഉപയോഗിക്കുന്നതു പോലെ.

 

ഉപന്യാസങ്ങൾ: ഉപന്യാസം പല തവണ വായിച്ചു നേരം പാഴാക്കേണ്ട. അതീവ ശ്രദ്ധയോടെ ഒരു പ്രാവശ്യം വായിച്ച്, പോയിന്റുകളെഴുതി തയാറാക്കുക. ആവശ്യമെങ്കിൽ ഓർമസൂത്രങ്ങളുണ്ടാക്കി പോയിന്റുകൾ മനഃപാഠമാക്കുക. 

 

മനഃപാഠം: ഉപന്യാസവും മറ്റും കാണാതെ പഠിച്ചു നേരം കളയേണ്ട. പക്ഷേ ഫോർമുലകൾ, നിർവചനങ്ങൾ, നല്ല കാവ്യഭാഗങ്ങൾ, ശ്രദ്ധേയമായ മഹദ്‌വചനങ്ങൾ, മനോഹരമായ ഭാഷാപ്രയോഗങ്ങൾ എന്നിവ മനഃപാഠമാക്കുക.  

 

ഉയർന്ന മാർക്ക്: പത്താം ക്ലാസിൽ ഏതെങ്കിലും വിഷയത്തിന് 90 ശതമാനത്തിലേറെ മാർക്ക് കിട്ടിയിട്ടുണ്ടെങ്കിൽ, ആ വിഷയത്തിൽ മികവുണ്ടെന്നും അതിനാൽ ശ്രദ്ധിച്ചു പഠിച്ചില്ലെങ്കിലും തകരാറില്ലെന്നുമുള്ള ചിന്ത വേണ്ട.

 

എൻട്രൻസ് പരിശീലനം: എൻട്രൻസ്‌ ടെസ്‌റ്റിൽ സമയക്കുറവുള്ളതിനാൽ അതിൽ മികവു കാട്ടാൻ പരീക്ഷാഹാളിലെപ്പോലെ സമയബന്ധിതമായി ഉത്തരങ്ങളടയാളപ്പെടുത്തി പരിശീലിക്കേണ്ടതുണ്ട്. ബോർഡ് പരീക്ഷയ്‌ക്കും എൻട്രൻസിനുമുള്ള പഠനപരിശീലനങ്ങൾ പരസ്‌പരപൂരകമാക്കാം. പരീക്ഷാഹാളിലെപ്പോലെയുള്ള അന്തരീക്ഷം സൃഷ്‌ടിച്ച്, വാച്ചു നോക്കി ക്ലിപ്‌തസമയത്തിനുള്ളിൽ നിശ്ചിത എണ്ണം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഡ്രിൽവഴി വേഗം കൂട്ടാം; ആത്മവിശ്വാസം മെച്ചപ്പെടുത്തുകയുമാകാം.

 

പരീക്ഷയോടുള്ള സമീപനം: നന്നായി തയാറെടുത്ത കുട്ടിക്ക് ക്ലേശരഹിതമായി എഴുതാവുന്ന വിധത്തിലാവും ഏതു പരീക്ഷയും. തുടക്കം മുതൽ ചിന്തിച്ച്, ചിട്ടയൊപ്പിച്ചു പഠിച്ച്, ആത്മവിശ്വാസത്തോടെ പോയാൽ നല്ല വിജയം സുനിശ്‌ചിതം.     

 

മറ്റിനം: പാഠം മുൻകൂട്ടി വായിച്ചുനോക്കി, കുറെയൊക്കെ മനസ്സിലാക്കി ക്ലാസിൽ പങ്കെടുക്കുക. ക്ലാസ് തീരുമ്പോൾ സംശയമുണ്ടെങ്കിൽ ടീച്ചറോടു ചോദിച്ചു പരിഹരിക്കുക.  പാഠത്തിന്റെ ഒടുവിലുള്ള എക്സർസൈസസ് കഴിയുന്നതും അന്നുതന്നെ ചെയ്യുക.

 

Content Summary : Tips for Getting a Good Start in Higher Secondary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com