ADVERTISEMENT

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കണ്ണൂരിനടുത്ത് ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ പഠിച്ച് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ / ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ഇവയൊന്നിൽ ജവാഹർലാൽ നെഹ്റു സർവകലാശാല നൽകുന്ന ബിടെക് ബിരുദം സൗജന്യമായി നേടാം.

 

തുടർന്ന് നേവൽ ഓഫിസറായി സ്ഥിരം കമ്മിഷനും ലഭിക്കുന്ന 10+2 കെഡറ്റ് (ബിടെക്) എൻട്രി സ്‌കീമാണിത്. ആകെ 35 സീറ്റ്. ഇതിൽ 30 എക്സിക്യൂട്ടീവ് & ടെക്നിക്കൽ ബ്രാഞ്ചിലും 5 എജ്യൂക്കേഷൻ ബ്രാഞ്ചിലും ആയിരിക്കും. ഇഷ്ടമുള്ള ബ്രാഞ്ചിലേക്ക് അപേക്ഷിക്കാമെങ്കിലും, ഏതു ബ്രാഞ്ചിലേക്കെന്ന് അക്കാദമി തീരുമാനിക്കും. ഓൺലൈൻ അപേക്ഷ 28 മുതൽ ഫെബ്രുവരി 12 വരെ സമർപ്പിക്കാം. നിർദിഷ്ടരേഖകളെല്ലാം തയാറാക്കിവച്ചിട്ട് ഇന്റർനെറ്റിൽ കയറുക. www.joinindiannavy.gov.in എന്ന സൈറ്റിൽ വിവരങ്ങളും അപേക്ഷാസൗകര്യവുമുണ്ട്. ഒരാൾ ഒരു അപേക്ഷയേ സമർപ്പിക്കാവൂ.

 

ആൺകുട്ടികൾ മാത്രം അപേക്ഷിച്ചാൽ മതി. ജനനം 2004 ജനുവരി രണ്ടിനു മുൻപോ 2006 ജൂലൈ ഒന്നു കഴിഞ്ഞോ ആയിക്കൂടാ. മാത്‌സ് ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്‌ക്കു മൊത്തം 70% മാർക്കോടെ പ്ലസ്‌ടു വേണം; പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും. നല്ല കാഴ്‌ചശക്‌തിയും മികച്ച ആരോഗ്യവും നിർബന്ധം.

 

പ്രാ‌ഥമിക സിലക്‌ഷൻ 2022ലെ ബിടെക്കിനുള്ള ജെഇഇ മെയിനിലെ കോമൺ റാങ്ക് ലിസ്റ്റ് (CRL) പരിഗണിച്ചു മാത്രം. മികവുള്ളവരെ 5 ദിവസത്തോളം നീളുന്ന സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂവിനു (എസ്എസ്ബി) ക്ഷണിക്കും. മാർച്ച് മുതൽ ബെംഗളൂരു, ഭോപാൽ, കൊൽക്കത്ത, വിശാഖപട്ടണം, കൊൽക്കത്ത കേന്ദ്രങ്ങളിലാകും ഈ ഇന്റർവ്യൂ. ഇതു കേവലം മുഖാമുഖ പരീക്ഷയല്ല, മറിച്ച് സമഗ്ര വ്യക്‌തിത്വ പരിശോധനയാണ്. ആദ്യമായി ഇതിനു പോകുന്നവർക്കു യാത്രപ്പടി കിട്ടും. മെഡിക്കൽ പരിശോധനയുമുണ്ട്. എസ്എസ്ബി റാങ്കനുസരിച്ചുള്ള മെറിറ്റ് മാത്രം നോക്കി, തിരഞ്ഞെടുത്ത് 2023 ജൂലൈയിൽ 4 വർഷത്തെ ട്രെയിനിങ് തുടങ്ങും. പഠനത്തിനു യാതൊരു ഫീസും നൽകേണ്ട. പുസ്‌തകങ്ങൾ, താമസം, ഭക്ഷണം, ചികിത്സ മുതലായവയെല്ലാം സൗജന്യം.

 

Content Summary : Indian Navy 10+2 (B.Tech) Cadet Entry Scheme 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com