ADVERTISEMENT

എല്ലാവരും ദുശ്ശകുനമായി കണ്ടിരുന്ന ഒരാൾ ആ രാജ്യത്തുണ്ടായിരുന്നു. അയാളെ കണികണ്ടാൽ ആ ദിവസം ദുരന്തമായിരിക്കും എന്നായിരുന്നു ജനങ്ങളുടെ വിശ്വാസം. അവർ രാജാവിനോടും പരാതി പറഞ്ഞു. പിറ്റേന്നു രാവിലെ രാജാവ് അയാളെ കൊട്ടാരത്തിലേക്കു വിളിച്ചുവരുത്തി. അൽപനേരം സംസാരിച്ചശേഷം തിരിച്ചയച്ചു. നിർഭാഗ്യവശാൽ, തിരക്കുമൂലം അന്നു രാജാവിനു ഭക്ഷണം കഴിക്കാൻപോലും സമയം കിട്ടിയില്ല. അയാളെ വിളിച്ചുവരുത്തിയതു കൊണ്ടാണ് താൻ പട്ടിണിയായതെന്നു വിശ്വസിച്ച രാജാവ് അയാൾക്കു തൂക്കുമരം വിധിച്ചു. എല്ലാമറിഞ്ഞ മന്ത്രി രാജാവിനോടു ചോദിച്ചു: അയാളെ കണ്ട താങ്കൾ പട്ടിണി കിടന്നതേയുള്ളൂ. താങ്കളെ കണ്ട അയാൾക്കു കഴുമരം ലഭിച്ചു. ആരാണ് കൂടുതൽ അപകടകാരി?. തെറ്റു മനസ്സിലാക്കിയ രാജാവ് അയാളെ വെറുതേ വിട്ടു.

Read Also : ആ ധാരണ അപകടകരമാണ്

വിധിയെഴുതുംമുൻപ് വിധിക്കാനുള്ള യോഗ്യതയെക്കുറിച്ചും വിധിന്യായത്തിന്റെ നൈതികതയെക്കുറിച്ചും ആലോചിക്കണം. ആർക്കും ആരെയും വിധിക്കാം എന്നതു വിധിക്കുന്നവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളിയാകുമ്പോൾ ആരും ആരെയും വിധിക്കരുത് എന്നത് ഇരയുടെ ആത്മാഭിമാനത്തിനുവേണ്ടിയുള്ള അഭ്യർഥനയാണ്. നിയമലംഘനത്തിന്റെ പരിധിക്കുള്ളിൽ വരാത്ത കാര്യങ്ങളിൽ വിധിവാചകങ്ങൾ എഴുതി എന്തിനാണ് ഒറ്റപ്പെടുത്തുന്നത്. കർമദൂഷ്യത്തിന്റെ പേരിലുള്ള ബഹിഷ്കരണം ഒരാൾ അർഹിക്കുന്നതായിരിക്കാം. പക്ഷേ, ജന്മവൈകല്യമോ സ്ഥിതിവിശേഷമോ എങ്ങനെയാണ് ഒരാളുടെ അയോഗ്യതയുടെയോ അസ്വീകാര്യതയുടെയോ അടയാളമാകുന്നത്. വിധികളിലൂടെ പുറത്തുവരേണ്ടത് സത്യമാണ്; ആരുടെയും മുൻവിധികളല്ല. 

 

വിധിക്കുന്നവൻ ഉയർന്നവനും വിധിക്കപ്പെടുന്നവൻ താഴ്ന്നവനും എന്ന അനാരോഗ്യ ചിന്തയാണ് തെറ്റായ വിധികൾക്കുപോലും അംഗീകാരം നേടിക്കൊടുക്കുന്നത്. അധികാരത്തിലുള്ളവർ വിധിക്കുകയും അനുസരിക്കുന്നവർ എതിർപ്പൊന്നും കൂടാതെ അവയെ സ്വീകരിക്കുകയും ചെയ്യുമ്പോൾ ആ വിധിയിലെ അന്യായങ്ങൾകൂടി അംഗീകരിക്കപ്പെടുകയാണ്. 

 

സ്ഥാനം മാത്രമല്ല വിധികർത്താക്കൾക്കുണ്ടാകേണ്ട യോഗ്യത. വസ്തുനിഷ്ഠ വിശകലനത്തിനു ശേഷിയുണ്ടാകണം. അബദ്ധധാരണകളുടെയും അന്ധവിശ്വാസങ്ങളുടെയും അടിമയാകരുത്. ആരുടെ മുന്നിലും നിയമം ഒരേ രീതിയിൽ വ്യാഖ്യാനിക്കാൻ അറിയണം. ശിക്ഷിക്കപ്പെടുന്നവർക്കുപോലും തനിക്കർഹമായതാണ് ലഭിച്ചത് എന്ന തോന്നലുണ്ടാകണം.

 

Content Summary : Abuse of power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com