ADVERTISEMENT

പ്ലസ്‌ടു ജയിച്ചവർക്ക് 3 വർഷത്തെ പഠനംവഴി നല്ല കരിയറിലേക്കു കടക്കാൻ സഹായകമായ മാർഗമാണ് ഹോട്ടൽ മാനേജ്‌മെന്റ്. ഇന്ത്യയിലും വിദേശത്തും ധാരാളം പ്രഫഷനൽ സാധ്യതകളുണ്ട്. കേവലം ഹോട്ടലുകളിൽ മാത്രമല്ല ആശുപത്രികൾ, കപ്പലുകൾ, എയർലൈനുകൾ, വൻകിട വ്യവസായ സ്‌ഥാപനങ്ങൾ, റസ്‌റ്ററന്റുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ അവസരങ്ങളുണ്ട്. മികച്ച ഭക്ഷണം, താമസം, യൂണിഫോം എന്നിവയും സൗജന്യമായി ലഭിക്കും. ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് & ബവ്റിജ് സർവീസ്, ഫ്രണ്ട് ഓഫിസ്, ഹൗസ്കീപ്പിങ്, ടൂറിസം മാർക്കറ്റിങ് & മാനേജ്മെന്റ് എന്നിവയടക്കമുള്ള വിഷയങ്ങളിൽ തിയറിക്കും പ്രായോഗികകാര്യങ്ങൾക്കും പ്രാധാന്യമുള്ളതാണു പാഠ്യക്രമം.

Read Also : ഈ ഡിപ്ലോമ കോഴ്സ് പഠിച്ചു ജയിച്ചവർക്കെല്ലാം ലഭിച്ചത് മികച്ച ജോലി

സ്വകാര്യമേഖലയിലെ 25 ഉൾപ്പെടെ, ദേശീയതലത്തിൽ 75 ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന 3-വർഷ ‘ബിഎസ്‌സി - ഹോസ്‌പിറ്റാലിറ്റി & ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ’ പ്രോഗ്രാമിലേക്ക് 2023–24ലെ പ്രവേശനത്തിനായി ‘നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് & കേറ്ററിങ് ടെക്‌നോളജി’ക്കു വേണ്ടി ‘നാഷനൽ ടെസ്റ്റിങ് ഏജൻസി’ പൊതുപരീക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് nchmjee.nta.nic.in എന്ന വെബ്‌സൈറ്റിൽ ഏപ്രിൽ 27ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരാൾ ഒന്നിലേറെ അപേക്ഷ സമർപ്പിക്കരുത്. അപേക്ഷാഫീ 1000 രൂപ. പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർ 450 രൂപ. സാമ്പത്തിക പിന്നാക്കം 700 രൂപ. ജിഎസ്ടിയും സർവീസ് ചാർജും പുറമേ.

 

∙ കേരളത്തിലെ സ്‌ഥാപനങ്ങൾ

 

ഈ പരീക്ഷവഴി കേരളത്തിൽ 4 സ്‌ഥാപനങ്ങൾ പ്രവേശനം നൽകുന്നുണ്ട്. കേന്ദ്രമേഖലയിലെ കോവളം ഇൻസ്‌റ്റിറ്റ്യൂട്ട്, 298 സീറ്റ് (ഫോൺ : 0471–2480283, www.ihmctkovalam.ac.in) കോഴിക്കോട്ടെ സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട്, 90 സീറ്റ് (ഫോൺ: 0495–2385861, www.sihmkerala.com) സ്വകാര്യമേഖലയിലെ മൂന്നാർ കേറ്ററിങ് കോളജ്, 120 സീറ്റ് (ഫോൺ : 9447746664, www.munnarcateringcollege.edu.in) സ്വകാര്യമേഖലയിലെ വയനാട് ലക്കിടി ഓറിയന്റൽ സ്‌കൂൾ, 120 സീറ്റ് (ഫോൺ: 8943968943, www.orientalschool.com)

 

മറ്റു വ്യവസ്‌ഥകൾ

 

കംപ്യൂട്ടർ ഉപയോഗിച്ചുള്ള 180–മിനിറ്റ് എൻട്രൻസ് പരീക്ഷ മേയ് 14ന് രാവിലെ 9 മുതൽ 12 വരെ. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, മംഗളൂരു, ബെംഗളൂരു, മധുര, ചെന്നൈ, കവരത്തി അടക്കം ദേശീയതലത്തിൽ 109 പരീക്ഷാകേന്ദ്രങ്ങൾ. താൽപര്യമുള്ള 4 കേന്ദ്രങ്ങൾ അപേക്ഷയിൽ നൽകണം. Numerical Ability & Analytical Aptitude (30 ചോദ്യം), Reasoning & Logical Deduction (30), General Knowledge & Current Affairs (30), English Language (60), Aptitude for Service Sector (50) എന്നിങ്ങനെ ആകെ 200 മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ. തെറ്റിനു മാർക്കു കുറയ്ക്കും. മുൻപരീക്ഷകളിലെ ചോദ്യക്കടലാസുകൾ നോക്കി, ചോദ്യശൈലിയും നിലവാരവും ഗ്രഹിച്ച്, പരിശീലിച്ചിട്ടു മാത്രം പോകുന്നത് പ്രധാനം.

 

അപേക്ഷാസമർപ്പണത്തിന്റെ നടപടിക്രമം വെബ് സൈറ്റിലുണ്ട്. ഇക്കാര്യത്തിൽ സഹായിക്കുന്ന കോമൺ സർവീസ് സെന്ററുകളുടെ വിവരങ്ങൾ ഇൻഫർമേഷൻ ബ്രോഷറിന്റെ 7–ാം അനുബന്ധത്തിൽ. https://nta.ac.in/quiz എന്ന സൈറ്റിലെ മോക്–ടെസ്റ്റുകളുപയോഗിച്ച് ടെസ്റ്റിനു പരിശീലിക്കാം. പരീക്ഷാഫലം സൈറ്റിൽ വരും. എൻട്രൻസിൽ ഉയർന്ന റാങ്ക് നേടുന്നവർക്ക് കൗൺസലിങ് വഴി സ്‌ഥാപനം അലോട്ട് ചെയ്‌തു നൽകും. പ്ലസ്‌ടുവിന് ഏതു ശാഖയിൽ പഠിച്ചവർക്കും ഇപ്പോൾ 12ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. 12 ജയിച്ച സർട്ടിഫിക്കറ്റ് സെപ്റ്റംബർ 30ന് എങ്കിലും ഹാജരാക്കണം. പ്രായപരിധിയില്ല. പട്ടികജാതി / പട്ടികവർഗ / പിന്നാക്ക / സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 15, 7.5, 27 / 10 ശതമാനം സീറ്റ് സംവരണമുണ്ട്. ഓരോ കാറ്റഗറിയിലും 5% ഭിന്നശേഷി സംവരണം. www.ncbc.nic.in എന്ന കേന്ദ്രസർക്കാർ ‍സൈറ്റിലെ ലിസ്റ്റനുസരിച്ചാണ് പിന്നാക്കജാതിക്കാരെ പരിഗണിക്കുക.

 

ഒട്ടു മിക്ക കേന്ദ്രങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്‌റ്റൽ സൗകര്യമുണ്ട്. ഫീസ് നിരക്കുകളടക്കം കൂടുതൽ വിവരങ്ങൾക്കു സ്‌ഥാപനങ്ങളുടെ വെബ്‌സൈറ്റ് നോക്കുകയോ നേരിട്ടു ബന്ധപ്പെടുകയോ ആകാം.

മുഖ്യ വെബ് സൈറ്റുകൾ : nchmjee.nta.nic.in / www.nta.ac.in. പ്രവേശനം സംബന്ധിച്ച സംശയപരിഹാരത്തിന് ഫോൺ: 011-4075 9000; nchm@nta.ac.in.

 

Content Summary :  Hospitality Management - Careers, Skills, Salaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com