ADVERTISEMENT

എൻജിനീയറിങ് കോളജുകളുടെ സംഖ്യ വൻതോതിൽ വർധിച്ചതോടെ ശാസ്ത്ര ഗവേഷണത്തിൽ താൽപര്യപൂർവം വന്നെത്തുന്ന സമർഥരായ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ശാസ്ത്രഗവേഷണത്തിൽ സമർപ്പണ ബുദ്ധിയോടെ ഏർപ്പെടാൻ സന്നദ്ധതയുളള യുവജനങ്ങൾക്കു ധാരാളം അവസരങ്ങൾ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള മികച്ച ഗവേഷണാലയങ്ങളിലുണ്ട്. ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്‌ഡി പ്രോഗ്രാമാണെങ്കിൽ ഒറ്റ പ്രവേശനംവഴി എംഎസ്‌സിയിലും തുടർന്ന് പിഎച്ച്ഡിയിലും കടക്കാമെന്ന സൗകര്യവുമുണ്ട്.

Read Also : യുഎസിൽ പഠിക്കാം, ഗവേഷണം നടത്താം

ഫിസിക്‌സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോസയൻസ്, കംപ്യൂട്ടേഷനൽ ബയോളജി മേഖലകളിലെ പിഎച്ച്‌ഡി, ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്‌ഡി, എംടെക് – പിഎച്ച്‌ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനു യോഗ്യത തെളിയിക്കാനുള്ള ജെസ്‌റ്റിൽ (JEST: Joint Entrance Screening Test) പങ്കെടുക്കാൻ 25നു രാത്രി 10 വരെ www.jest.org.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 800 രൂപ ഓൺലൈനായി അടയ്‌ക്കണം. പെൺകുട്ടികളും പട്ടികവിഭാഗക്കാരുമാണെങ്കിൽ 400 രൂപ. പട്ടികവിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾ അപേക്ഷാഫീ അടയ്ക്കേണ്ട.

 

മാർച്ച് 11നു രാവിലെ 10 മുതലുള്ള 3 മണിക്കൂർ എൻട്രൻസ് പരീക്ഷ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗളൂരു, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി അടക്കം 38 കേന്ദ്രങ്ങളിൽ. പിഎച്ച്‌ഡിക്കും ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡിക്കും പൊതുവായ പരീക്ഷയാണ്.

 

ആര്യഭട റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നൈനിറ്റാൾ, ബോസ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, ഹോമി ഭാഭ മുംബൈ, ഹരീഷ് ചന്ദ്ര അലഹാബാദ്, ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ് ബെംഗളൂരു, ഇന്ദിരാഗാന്ധി സെന്റർ ഫോർ തിയററ്റിക്കൽ അറ്റോമിക് റിസർച് കൽപാക്കം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് ബെംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് െബംഗളൂരു, ഐഐഎസ്ടി തിരുവനന്തപുരം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ചെന്നൈ, ടിഐഎഫ്ആർ മുംബൈ, നാഷനൽ ബ്രെയിൻ റിസർച് സെന്റർ ഗുരുഗ്രാം, തിരുവനന്തപുരത്തേതടക്കം 7 ഐസറുകൾ, തുടങ്ങി ദേശീയതലത്തിൽ മുപ്പതിലേറെ സ്ഥാപനങ്ങൾ ഈ ടെസ്‌റ്റിലെ സ്കോർ നോക്കി തിരഞ്ഞെടുപ്പു നടത്തുന്നു.

 

പ്രവേശന യോഗ്യതയുടെ കാര്യത്തിൽ സ്‌ഥാപനങ്ങൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡിക്കു ബിഎസ്‌സി ഫിസിക്സ് / മാത്‌സ്, പിഎച്ച്‌ഡിക്ക് എംഎസ്‌സി ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ് എന്നു പൊതുവേ പറയാം. പക്ഷേ ബിടെക്, എംടെക്, എംസിഎ മുതലായ യോഗ്യതയുള്ളവർക്കും ചില സ്‌ഥാപനങ്ങളിൽ പ്രവേശനമുണ്ട്. അപ്ലൈഡ് ഫിസിക്സ്, അപ്ലൈഡ് മാത്‌സ്, ഇലക്ട്രോണിക്സ്, ഒപ്റ്റോ–ഇലക്‌ട്രാണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ, അസ്‌ട്രോണമി, കെമിസ്ട്രി, ബയോകെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ ബിരുദങ്ങൾ നേടിയവർക്കുമുണ്ട് അവസരങ്ങൾ. വിശദാംശങ്ങൾക്ക് അതതു സ്ഥാപനങ്ങളുടെ വെബ്സൈറ്റ് നോക്കാം. 

 

പരീക്ഷയെഴുതാൻ പ്രായപരിധിയില്ല

 

പല വിഷയങ്ങളിലും ഉപരിപഠനഗവേഷണങ്ങളാകാമെങ്കിലും ജെസ്റ്റിൽ ഫിസിക്സ്, തിയററ്റിക്കൽ കംപ്യട്ടർ സയൻസ് എന്നീ രണ്ടു പേപ്പറുകളേയുള്ളൂ. ഇതിൽ ഒന്നു മാത്രമേ ഒരാൾക്ക് എഴുതാൻ സാധിക്കൂ. ജെസ്‌റ്റിന് ഇരിക്കാൻ യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് ഇത്ര ശതമാനം മാർക്ക് വേണമെന്ന നിബന്ധനയില്ലെങ്കിലും, മികച്ച അക്കാദമികചരിത്രം കൂടിയേ തീരൂ. 

 

പ്രവേശനത്തിനു ചില സ്‌ഥാപനങ്ങൾ മിനിമം മാർക്ക് വ്യവസ്ഥ വച്ചേക്കാം. പരീക്ഷയെഴുതാൻ പ്രായപരിധിയില്ല; പക്ഷേ പ്രവേശനത്തിനു സ്‌ഥാപനങ്ങൾ പ്രായനിബന്ധന വച്ചേക്കാം. എത്ര തവണ വേണമെങ്കിലും ജെസ്റ്റ് എഴുതാം. ഓരോ സ്ഥാപനത്തിലും സൗകര്യമുള്ള ഗവേഷണവിഷയങ്ങളും വിശേഷവ്യവസ്‌ഥകളും അടക്കം കൂടുതൽ വിവരങ്ങൾക്ക് അതതു വെബ്‌സൈറ്റുകൾ നോക്കാം. മാതൃകാ ചോദ്യങ്ങൾ വെബ്‌സൈറ്റിലുണ്ട്. ജെസ്‌റ്റിൽ സ്‌കോർ നേടിയതു കൊണ്ടു മാത്രം റിസർച് ഫെലോഷിപ് കിട്ടില്ല. മേൽ സൂചിപ്പിച്ച ഓരോ സ്‌ഥാപനവും പ്രവേശന വിജ്‌ഞാപനം പുറപ്പെടുവിക്കുന്ന മുറയ്‌ക്കു പ്രത്യേക അപേക്ഷ നിർദേശാനുസരണം സമർപ്പിച്ചുകൊള്ളണം. ഒരു വർഷത്തേക്കേ ജെസ്റ്റ് സ്കോറിനു സാധുതയുള്ളൂ. അപേക്ഷിക്കാനുള്ള അർഹതയാണ് ജെസ്‌റ്റ് ഉറപ്പുനൽകുന്നത്.

ഈ വർഷത്തെ പരീക്ഷച്ചുമതല ഭോപാൽ ഐസറിനാണ്. സംശയപരിഹാരത്തിന് ഫോൺ : 0755 2692581 / 6268030939: jest2023@iiserb.ac.in.

 

Content Summary : To know everything about Joint Entrance Screening Test (JEST)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com