ADVERTISEMENT

ലോകത്തെ ഇന്റർനെറ്റിനുമുൻപും ഇന്റർനെറ്റിനുശേഷവും എന്നിങ്ങനെ രണ്ടായി കാണാമെന്നാണു കുറച്ചുനാൾ മുൻപുവരെ നാം കരുതിയിരുന്നത്. എന്നാൽ ചാറ്റ്ജിപിടിക്കു മുൻപും ശേഷവുമെന്ന നിലയ്ക്കാണ് ഇപ്പോൾ കാര്യങ്ങൾ. സ്കൂൾ അസൈൻമെന്റ് മുതൽ ഗവേഷണ പ്രബന്ധങ്ങൾ വരെ ചാറ്റ്ജിപിടി എഴുതുന്ന സ്ഥിതി.

Read Also : ഓൺലൈൻ അപേക്ഷ ഏപ്രിൽ 10 വരെ; പരീക്ഷ മേയ് 17ന്

നിർമിതബുദ്ധി (എഐ) അധിഷ്ഠിത ചാറ്റ് ജനറേറ്റീവ് പ്ലാറ്റ്ഫോമുകൾ നടത്തുന്ന അക്കാദമിക രചനകൾ ഗവേഷണലോകത്ത് വലിയ ധാർമിക സമസ്യകളാണ് ഉയർത്തിയിരിക്കുന്നത്. ഗവേഷണപ്രബന്ധങ്ങളിലെ മോഷണം കണ്ടുപിടിക്കാനുള്ള സാമ്യപരിശോധനാ ടൂളുകൾക്കുപോലും എഐ രചനകളെ കണ്ടെത്താനാകാത്തത് വലിയ ആശങ്ക തന്നെയായി.

 

പ്രധാന പ്രതിസന്ധികൾ

 

OPENAI-CHATGPT/

എഐ ജിപിടികൾ (ജനറേറ്റീവ് പ്രീ–ട്രെയിൻഡ് ട്രാൻസ്ഫോമർ) ഗവേഷണ രംഗത്തു സ‍ൃഷ്ടിക്കുന്ന പ്രധാന പ്രതിസന്ധികൾ ഇവയാണ്:

 

ഉത്തരവാദിത്തമില്ലായ്മ: യഥാർഥ ഗവേഷണ റിപ്പോർട്ടിങ്ങിൽ ഉത്തരവാദിത്തം വളരെ പ്രധാനമാണ്. എഐ ജിപിടികൾ സ്വയം ടെക്സ്റ്റ് സൃഷ്ടിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം ആർക്കെന്ന ധാർമിക പ്രശ്നം ഉയരുന്നു.

 

കോപ്പിയടി: എഐയുടെ സഹായത്തോടെയുള്ള ഗവേഷണ രചന കണ്ടുപിടിക്കാൻ സാമ്യപരിശോധനാ ടൂളുകൾക്കു കഴിയണമെന്നില്ല. ആധികാരികതയും മൗലികതയും വളരെ പ്രധാനമായ യഥാർഥ ഗവേഷണ റിപ്പോർട്ടിങ്ങിന് ഇതു വലിയ ഭീഷണിയാണ്.

 

പക്ഷപാതം: എഐ ജിപിടികൾ ഉപയോഗിക്കുന്ന ഡേറ്റയിൽ ചില പക്ഷപാതങ്ങൾ അടങ്ങിയിരിക്കാം. നിഷ്പക്ഷതയും വസ്തുനിഷ്ഠതയും വളരെ വിലമതിക്കപ്പെടുന്ന ഗവേഷണ റിപ്പോർട്ടിങ്ങിന് ഇതും പ്രശ്നം സൃഷ്ടിക്കുന്നു. വിശ്വസനീയമെന്നു തോന്നുന്ന വ്യാജ ടെക്സ്റ്റിലൂടെ നമ്മെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

 

സുതാര്യത: എഐ ജിപിടികൾ അവ സൃഷ്ടിക്കുന്ന ഗവേഷണഫലങ്ങളിലേക്ക് എങ്ങനെയാണ് എത്തിച്ചേരുന്നതെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. മൗലിക ഗവേഷണത്തിൽ സുതാര്യത അടിസ്ഥാന മൂല്യങ്ങളിലൊന്നാണ്.

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

 

അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ: സാമൂഹികവിരുദ്ധമായ ഉള്ളടക്കവും എഐ ജിപിടികൾ സൃഷ്ടിച്ചേക്കാം. യഥാർഥ ഗവേഷണ റിപ്പോർട്ടിങ്ങിനെ സംബന്ധിച്ചിടത്തോളം, സാമൂഹിക ഉത്തരവാദിത്തം വളരെ പ്രധാനമാണ്.

 

പിടിവീഴുന്നു

 

എന്നാൽ ചാറ്റ്ജിപിടിയുടെ ഈ വിളയാട്ടത്തിനും പിടിവീഴുകയാണ്. എഐ അധിഷ്ഠിത രചനകൾ കണ്ടെത്താനുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി ഈ രംഗത്തെ പ്രമുഖ ടൂളായ ടേണിറ്റിൻ (Turnitin) ഉടൻ പരിഷ്‌കരിക്കും. പരിശോധകർക്ക് ഉള്ളടക്കം വിശകലനം ചെയ്യാനും ഇപ്പോഴത്തേതുപോലെ തന്നെ മറ്റു ഫീഡ്ബാക്ക് ടൂളുകൾ ഉപയോഗിക്കുകയും ചെയ്യാം.

 

ജിപിടി–3ക്കും മറ്റു വലിയ ഭാഷാ മോഡലുകൾക്കും (Large Language Models) പിന്നിലുള്ള ഡീപ് ലേണിങ് ട്രാൻസ്ഫോമർ ആർക്കിടെക്ചറിലെ അതേ സാങ്കേതികവിദ്യയാണ് ടേണിറ്റിൻ എഐ റൈറ്റിങ് ഡിറ്റക്ടറിലും ഉപയോഗിക്കുന്നത്. 97% കൃത്യതയോടെ എഐ എഴുത്തു തിരിച്ചറിയുന്ന ഫീച്ചറിന്റെ ഫാൾസ് പോസിറ്റീവ് റേറ്റ് 1% മാത്രമാണ്. സ്വാഭാവിക മനുഷ്യ രചനയും എഐ എഴുത്തായി തെറ്റിദ്ധരിക്കുന്നതിനെയാണ് ഫാൾസ് പോസിറ്റീവ് എന്നു പറയുന്നത്.

ജിപിടി–3 വരെയുള്ള ലാംഗ്വേജ് മോഡലുകൾക്കുള്ള റൈറ്റിങ് ഡിറ്റക്ടറാണ് വികസിപ്പിച്ചിരിക്കുന്നതെന്നും ഏപ്രിൽ ആദ്യവാരത്തോടെ ഉപയോക്താക്കൾക്കു ലഭ്യമാക്കുമെന്നും ടേണിറ്റിൻ ചീഫ് പ്രോഡക്ട് ഓഫിസർ ആനി ചിചിടെലി പറയുന്നു.

 

പരിഹാരമായോ 

 

ജിപിടി–4 ലാംഗ്വേജ് മോഡലിലേക്കു ചാറ്റ്ജിപിടി കടന്നുകഴിഞ്ഞു. ഇത്തരത്തിൽ എഐ റൈറ്റിങ് മോഡലുകളുടെ നവീകരണമനുസരിച്ച് റൈറ്റിങ് ഡിറ്റക്ടറും കാലാകാലങ്ങളിൽ പരിഷ്ക്കരിക്കേണ്ടിവരും. കൂലിയെഴുത്ത് (Ghost writing), പരാവർത്തനം (Paraphrasing ) തുടങ്ങിയവ കണ്ടെത്താനുള്ള ഫീച്ചറുകളും ഉൾപ്പെടുത്തിയേക്കും. മൗലിക രചനകൾക്ക് ഒരിക്കലും പകരം വയ്ക്കാവുന്നതല്ല സാങ്കേതിക സംവിധാനങ്ങൾ; വിവേകപൂർവം സഹായക മാർഗമായി കൂടെക്കൂട്ടാമെന്നുമാത്രം.

 

പിടികൂടാൻ വേറെയും ചില‍ർ

 

PlagiarismCheck.org: ഈ പ്ലാറ്റ്ഫോം ജിപിടികളുടേത് ഉൾപ്പെടെയുള്ള ടെക്സ്റ്റുകളിലെ സമാനതകൾ കണ്ടെത്താൻ വിപുലമായ ആൽഗരിതങ്ങൾ ഉപയോഗിക്കുന്നു. കണ്ടെത്തിയ സമാനതകളുടെ ഉറവിടം എടുത്തുകാണിക്കുന്ന വിശദമായ റിപ്പോർട്ടും നൽകുന്നു.

 

Copyleaks: ജിപിടിയുടേത് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ കണ്ടെത്താൻ ഈ പ്ലാറ്റ്ഫോം എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിനു പരാവർത്തനം (Paraphrasing) കണ്ടെത്താനും കഴിയും.

 

 

ഗവേഷകർ ശ്രദ്ധിക്കേണ്ടത്

 

എഐ ജിപിടികൾ യഥാർഥ ഗവേഷണ റിപ്പോർട്ടിങ്ങിന് ഉപയോഗിക്കുന്ന സാഹചര്യം തുടർന്നേക്കാം. എന്നാൽ കൃത്യത, നിഷ്പക്ഷത, സുതാര്യത, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്കു മുൻഗണന നൽകി മാനുഷികമായ ധാർമികതയുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ വിവേകപൂർവം ഉപയോഗിക്കാൻ ഗവേഷകർ ശ്രദ്ധിക്കേണ്ടതുണ്ട്.

 

Content Summary : How to Deal With ChatGPT Challenges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com