ADVERTISEMENT

അമേരിക്കയിൽ പ്രചാരത്തിലുള്ള കഥ കേൾക്കുക. മാസച്യൂസറ്റ്സ് മ്യൂച്വൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ തലവനായിരുന്ന തോമസ് ബി വീലർ പത്നിയുമൊത്ത് ദീർഘദൂര ഡ്രൈവിങ്ങിലായിരുന്നു. ഇടയ്ക്ക് തീരെച്ചെറിയൊരു പെട്രോൾ സ്റ്റേഷനിലെത്തി ഇന്ധനം നിറയ്ക്കുന്നതിനിടയിൽ കാലൊന്നു നിവർത്താനായി വീലർ അവിടെയൊക്കെ അല്പം ചുറ്റിനടന്നു. തിരികെയെത്തിയപ്പോൾ പെട്രോളടിക്കുന്ന പാവപ്പെട്ട ജീവനക്കാരനുമായി നടന്ന സ്നേഹത്തോടെയുള്ള ചർച്ച, പത്നി പെട്ടെന്നു നിർത്തി. കാർ നീങ്ങിയപ്പോൾ ജീവനക്കാരൻ സന്തോഷത്തോടെ കൈവീശി യാത്രയയച്ചു.

വീലറും പത്നിയും ഇരുന്ന കാറിൽ കുറെ നേരം ഭാരമേറിയ നിശ്ശബ്ദത തളംകെട്ടി നിന്നു. തുടർന്ന് 

വീലർ : ‘നിങ്ങൾക്ക് അയാളെ അറിയാമോ?’

പത്നി : ‘ഞങ്ങൾ ഹൈസ്കൂൾകാലത്ത് സ്നേഹത്തിലായിരുന്നു’

വീലർ : ‘അയാളെ വിവാഹം ചെയ്തിരുന്നെങ്കിൽ, നിങ്ങളിപ്പോൾ പെട്രോളടിക്കുന്നയാളുടെ ഭാര്യയാകുമായിരുന്നു’

പത്നി :‘അല്ലല്ല. അയാൾ വലിയ കമ്പനിത്തലവനും നിങ്ങൾ പെട്രോളടിക്കുന്നയാളുമാകുമായിരുന്നു’

ഒബാമ–മിഷേൽ, ക്ലിന്റൺ–ഹിലറി തുടങ്ങി പലരെയും കഥാപാത്രങ്ങളാക്കിയും ഇക്കഥയ്ക്കു പ്രചാരമുണ്ട്.

Read Also : പശു പാൽ തരുന്നില്ല !

ഇത്ത‌രം കഥകളുടെ അന്തർദ്ധാര പലപ്പോഴും നൈരാശ്യമോ ഗൃഹാതരത്വമോ ആയിരിക്കാം. ഒരർത്ഥത്തിൽ നഷ്ടസ്വപ്നങ്ങളെയോർത്ത് വിലപിക്കുന്ന സാഹചര്യം. കടന്നുപോയ കാലം വീണ്ടും വരില്ലെന്ന് അറിയാമെങ്കിലും മനുഷ്യർ പലപ്പോഴും എങ്കിൽ, എങ്കിൽ എന്നോർത്തു പോകും. അതു സ്വാഭാവികം.

ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ, യാചകർ അവയുടെ പുറത്തു ചീറിപ്പായുമായിരുന്നു,  എന്ന് ഇംഗ്ലിഷ് മൊഴി. എന്തെങ്കിലും ആഗ്രഹിച്ചിട്ട്, വെറുതേ മടിപിടിച്ചിരുന്നതുകൊണ്ടു യാതൊരു പ്രയോജനവുമില്ലെന്ന് ഇതു വ്യാഖ്യാനിക്കാറുണ്ട്. പ്രയത്നിക്കാതെ ഒന്നും നേടാനാവില്ല. കഠിനപ്രയത്നം ചെയ്യുന്നെങ്കിൽ, വിജയസാധ്യതയേറും. മടിപിടിക്കുകയാണെങ്കിൽ, അർഹിക്കുന്നതു നഷ്ടമാകും.

Ulkazhcha Column - What is the secret to staying focused?
Representative Image. Photo Credit : Chalabala / iStockphoto.com

തീയ് കൊണ്ടു കളിക്കുന്നെങ്കിൽ പൊള്ളിയെന്നിരിക്കും. സൂക്ഷിക്കുകയാണെങ്കിൽ, ദുഃഖിക്കാൻ ഇട വരില്ല. തോക്കു നിരോധിക്കുകയാണെങ്കിൽ, കള്ളന്മാരുടെ കൈയിൽ മാത്രമാകും  തോക്ക്. ഒരു തെറ്റും നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ ഒന്നും ചെയ്യുന്നില്ല. നിങ്ങൾ എന്റെ പുറം ചൊറിയുകയാണെങ്കിൽ, ഞാൻ നിങ്ങളുടെ  പുറവും ചൊറിയും. നിങ്ങൾക്കുള്ള ഏക ആയുധം ചുറ്റികയാണെങ്കിൽ, ഏതു പ്രശ്നവും നിങ്ങൾക്ക് ആണിയെന്നു തോന്നും.

തെറ്റാൻ സാധ്യതയുണ്ടെങ്കിൽ, ഏതു കാര്യവും തെറ്റിയിരിക്കും എന്ന് മർഫിയുടെ നിയമം. ഇതു തീർത്തും ശരിയല്ലെങ്കിലും, പ്രവർത്തനം ഏതായാലും തെറ്റു വരാതെ സൂക്ഷിക്കണമെന്ന് ഈ കുസൃതിനിയമം ഓർമ്മിപ്പിക്കുന്നു.

സുഹൃത്തുണ്ടാകണമെങ്കിൽ സുഹൃത്തായി പെരുമാറുക. മെഴുകുകൊണ്ടാണ് തലയെങ്കിൽ, വെയിലത്തിറങ്ങരുത്. (ദൗർബല്യമുള്ളവർ അതറിഞ്ഞുവേണം പ്രവർത്തിക്കുന്നത്). പ്രശ്നങ്ങളെപ്പറ്റി ഉജ്ജ്വലമായി സംസാരിക്കാമെങ്കിൽ, അവ പരിഹരിച്ചെന്ന മിഥ്യാബോധം സൃഷ്ടിക്കാം.

Read Also : വെറുതേ താറാവാകേണ്ട

അന്ധനാണ് അന്ധനെ വഴിനടത്തുന്നതെങ്കിൽ, ഇരുവരും കുഴിയിൽ വീഴും എന്ന ആശയം ബൈബിളിലുണ്ട് – മത്തായി 15:14. ബുദ്ധിപൂർവം വേണം നേതാവിനെ തിരഞ്ഞെടുക്കുന്നത്.

ഒരുവൻ എന്നെ ഒരിക്കൽ ചതിച്ചെങ്കിൽ, അവൻ ലജ്ജിക്കണം; അയാൾ എന്നെ രണ്ടു തവണ ചതിച്ചെങ്കിൽ ഞാൻ ലജ്ജിക്കണം.

ചിലർ പലപ്പോഴും എങ്കിലുകളും എന്നാലുകളും എടുത്തു വീശും. അവർ ആരെയും വിശ്വസിക്കില്ല. ഒന്നിലും വിശ്വസിക്കില്ല. അത്തരം എങ്കിലുകൾ സമൂഹജീവിതം ക്ലേശകരമാക്കും. ഞാൻ എങ്കിലുകൾ ചേർത്തു സംസാരിക്കുന്നില്ല എന്നു പറയുന്നയാൾക്ക് കാര്യങ്ങൾ തീർച്ചയാണ്. ‘നമ്മൾ ഈ യുദ്ധത്തിൽ വിജയിക്കുകയാണ്; അതിൽ എങ്കിലും എന്നാലും വേണ്ട’ എന്നു പറയുന്ന സേനാധിപന്റെ ആത്മവിശ്വാസം നോക്കൂ.

Ulkazhcha Column - What is the secret to staying focused?
Representative Image. Photo Credit : Peshkov / iStockphoto.com

ഒഴിവാക്കാമായിരുന്ന അപകടത്തിൽ കുടുങ്ങിക്കഴിഞ്ഞ് പശ്ചാത്തപിക്കുന്നവരുടെ രോദനം : ഞാൻ വായടക്കിയിരുന്നെങ്കിൽ, ഞാൻ അഹങ്കാരം കാട്ടാതിരുന്നെങ്കിൽ, ഞാൻ കളവു പറയാതിരുന്നെങ്കിൽ, ഞാൻ മോഷ്ടിക്കാതിരുന്നെങ്കിൽ, ഞാൻ അമിതവേഗത്തിൽ വാഹനമോടിക്കാതിരുന്നെങ്കിൽ, ഞാൻ അവരെ സമയത്തു സഹായിച്ചിരുന്നെങ്കിൽ, ഞാൻ മേലാവിനോടു കയർക്കാതിരുന്നെങ്കിൽ, അങ്ങനെ എങ്കിലുകളുടെ പരമ്പര. അഹങ്കാരം, വീണ്ടുവിചാരമില്ലാത്ത ശൈലി, അവിവേകം, അന്യരുടെ കഴിവുകളെ കുറച്ചുകാണുന്ന ശീലം, അത്യാഗ്രഹം തുടങ്ങിയവ ഈ സാഹചര്യങ്ങൾക്കു പിന്നിലുണ്ടാവും. ഇത്തരം എങ്കിലുകൾ ഒഴിവാക്കുന്നതു വിവേകം.

‘എങ്കിൽ’ എന്ന ചെറിയ പദത്തിൽ എത്ര വലിയ ആശയങ്ങൾ ഒളിഞ്ഞിരിക്കുന്നു ! ഇതു ശരിയാണെങ്കിൽ എന്നു ചിന്തിക്കേണ്ട.

Content Summary : Ulkazhcha Column - What is the secret to staying focused?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com